നാട്ടുവെയിലിത്തിരിയേറ്റ്,
നാട്ടുകുളിരിത്തിരി ചേർത്ത്
തൊടിപ്പച്ചകൾ നോക്കിനിൽക്കെ
ഒരു സുഖച്ചിരിയനുഭൂതിയിൽ
ഞാനോരോന്നോർത്തിരിക്കെ
സന്ദേശക്കോളത്തിൽ പച്ച കത്തി..
അതിലിരുവരി ഇങ്ങനെയെഴുതി
“ജീവിച്ചിരിക്കുമ്പോൾ ചിരിച്ചില്ലയാരും
മരിച്ചു കാണിച്ചാൽ മതിയാകുമാകും”

കാഴ്ചപ്പാതയിലക്ഷരം പെയ്തപ്പോൾ
വാഴ് വുദൂരങ്ങളിൽ ഒപ്പം നനഞ്ഞവർ
ഇന്ദ്രിയങ്ങളിൽ ജീവനസമരങ്ങൾ
നിറച്ചൊരേ കവിതയിൽ അമൃതം തിരഞ്ഞവർ
നടുവാഴ് വിൽ നാം രണ്ടായ് പിരിഞ്ഞവർ
പിന്നെ നമ്മൾ നാലായ് പെരുത്തവർ
രണ്ടിടങ്ങളിൽ ദൂരം മെനഞ്ഞവർ
വിളി,വിളിക്കാഴ്ചകളിലകലം ചുരുക്കിയോർ..

പിന്നെയും എഴുതിയെത്രയോ കവിതകൾ
ഒന്നിലും വന്നില്ല നീയെന്ന കവിത
പ്രതിബദ്ധനല്ലെന്ന കവിത്തോന്നലിൽ
ഒരു വിളിയെ നിന്നിലേക്കെറിയുന്നു
ഹൃദയം പിടഞ്ഞുപോയ് പ്രിയനേ
നിന്റെ നിത്യനിശ്ശബ്ദതക്കെന്തു വേദന..

അതിശൈത്യമാണന്നുതൊട്ടിന്നുമെന്നും
കവിതക്കുപോലും കടുംതണുപ്പാണ്
ആത്മബിംബപ്രസര വരിത്തുടിപ്പാലെ
സ്വാത്മപ്രേമിയെ എഴുതിവക്കുന്നു ഞാൻ..!

ജയൻ.

By ivayana