കാനന ചോല കവിതപോലെ
കാടും മേടും താണ്ടി വന്നുനിൽക്കും
മരതകപച്ച വിരിച്ച വാടീ-
പടിവാതിലിൽ കാലം തങ്ങിനിന്നു.
മലർവാടിതന്നിലെ വല്ലിയൊന്നിൽ
പനിനീർ പുഷ്പം ചെമ്മേ ഉൽഫുല്ലമാം
പൂമാരൻ മുത്തി ചുവപ്പിച്ചീടാൻ
മധുവുണ്ണാൻ വല്ലിയിൽ വട്ടമിട്ടു.

എന്തേ മനോഹരീ! നിൻ ചാരുത
ചന്ദ്രനെപ്പോലെ തിളങ്ങീടുവാൻ
എന്നെയും നിന്റെ മനോരാജ്യത്തിൽ
ലസിക്കുവാനെടുക്കുമോ ഒരു മാത്ര നീ? .

കരിവണ്ടേ! എന്തേ കാർവർണനെപ്പോൽ
ആർത്തി പൂണ്ടുണ്ണുന്നു വെണ്ണപോലെ
ആക്രാന്തം മാറ്റി നീ ചിന്തിച്ചിടൂ
ക്ഷണികമല്ലേ ഈ ഭോഗമെല്ലാം.
ആഴക്കടലിൻ നിലയളക്കാൻ
തെന്നൽ നിരന്തരം വീശിയിട്ടാ-
മണ്ണിൻഗന്ധമേറ്റശ്വത്ഥവും
തിണ്ണം ആലസ്യത്തിൽ ചാഞ്ചാടുന്നു.
മധുവിൻ മധുരം നീ നുർന്നീടുന്നു
പ്രേമസാഗര ദളങ്ങൾ തോറും
ശലഭങ്ങളെത്ര ചുറ്റീടിലും ഹ !
ചിലനേരമവയുണ്ണാൻ വെമ്പീടിലും.
നീമാത്രമാണെന്റെ ആത്മമിത്രം
നിറസ്നേഹമകാന്ദം നുകരുന്നവൻ
നിന്നിൽ നിറയുന്ന സ്നേഹമെല്ലാം
വിണ്ണിൽ നിന്നു വന്ന മന്നയാകാം.

ഇല്ല പ്രണയമേ! എന്നഭിവാഞ്ച
നിർമല സ്നേഹ ഹർഷോന്മാദവും
കുളിരോ കാമമോ ചൊൽവതല്ല
കണ്ടു പരിഭ്രമം വേണ്ട, പൊന്നേ !

കാട്ടിലൊരായിരം പൂക്കളുണ്ട്
ചാരുതയോതുന്ന വല്ലികളിൽ
എന്തായിരിക്കുമവ ചൊല്ലീടുക
ബഹുവർണ്ണശലഭകർണങ്ങളിൽ?

ഉമ്മ വയ്ക്കുമ്പോളടയുന്നധരം
ഹൃദയം തുറക്കുന്നു വാചാലമായ്
രണ്ടല്ലൊന്നാണീ ഹൃദയസൂനം
കുണ്ഡിതമില്ല തെല്ലും തമ്മിൽ.
നമ്മെ പൊതിയുന്ന രോമഹർഷം
വർഷംമുഴുവനുണ്ടാകുമോ?
ഋഷികൾക്കുപോലുമുണ്ടായിരിക്കാം
വർഷത്തിൻ ഹർഷ കഞ്ചുകങ്ങൾ.

ഭ്രമരമേ!നിന്റെ സല്ലാപങ്ങൾ
നർമത്തിൽ പൊതിഞ്ഞതായിരിക്കാം
ഇലകൾതൻ മർമരം കാതോർത്തെന്നാൽ
നിൻ മൂളിപ്പാട്ടുപോൽ ഗാഥ കേൾക്കാം.
പ്രേമമാം മായാ പൊയ്‌കയെന്നും
ജീവൻ തരും കുളിർ തണ്ണീരല്ലേ
ജീവൻ പൊലയുന്നാ പൊയ്കയിൽത്താൻ
പൂന്തേനോക്കുമോ കുടിനീരൊപ്പം.?
എന്തേ നീ എന്നെ ഇക്കിളിടാൻ
പക്കത്തുപറക്കുന്നു പക്ഷികൾപോൽ
എന്നെ പ്രേമിച്ചീടാൻ ഇത്രമാത്രം
തേനിൽ രസമീശൻ ചാലിച്ചുവോ?

അവനിയിലൊരായിരം അളികളുണ്ടാം
എന്നെപോലൊരുവൻ ഞാൻ മാത്രമാകും
നിൻ മോഹവലയത്തിൽപെട്ട ഞാനോ
നിൻ മോഹവുമായിദം ചുറ്റീടുന്നു.
എന്തേ ഞാനിങ്ങനെ കാർമേഘംപോൽ
വികൃതികൾ കാട്ടുന്നു തെന്നൽപോലെ
തേനൂറും നിൻ ചൊടി മുത്തി മൊത്തി
ഭാവനാ വിഹായസ്സിലാറാടുന്നു.

നീയാണീ ജഗത്തിൻ നിത്യ സത്യം
സൂര്യശോഭപോൽ എത്തും വിത്തും
എൻഹൃത്തെന്നും കൃതാർത്ഥമാകും
വരുക!വരുക!നീ പ്രാണേശ്വരീ!

ചൊടിയിലൂറുന്ന പൂന്തേൻ തുള്ളി
ക്ഷിപ്രം നുകർന്നുള്ളം തുള്ളും പാരം
മധുപം പറന്നദൃശ്യമാകും
സൂര്യാംശുയേറ്റുള്ള നീഹാരംപോൽ.
ഈ പ്രപഞ്ചത്തിൻ സൃഷ്ടി കർത്താ-
വീശൻ മീട്ടുന്ന ഈണങ്ങൾ നാം
താളംപിടിയ്ക്കുന്നു ഹൃദയങ്ങളും
ചേലൊത്ത ചുണ്ടിൻ ദോലനവും.

തോമസ് കാവാലം

By ivayana