രചന:Raju Kanhirangad

വിരിച്ചു വെച്ചെരു ശവക്കുഴിയിൽ
മരിച്ച പെണ്ണവളുണരുന്നു !
സ്നിഗ്ദം ചൊടിയിൽ ചോരി വായിൽ
മുഗ്ധം ദുഗ്ധം നൽകി നിർവൃതിയടയാ-
നെളുതാതുഴറുന്നു

മുലകടഞ്ഞവൾ കരയുന്നു ചുരന്ന മുല –
യിൽ നിന്നിറ്റും പാൽ
മണ്ണിൽ വീണു പരക്കുന്നു
ചേതന,യറ്റവളാണെന്നാലും
അവളമ്മ, കണ്ണീരുപ്പു കുടിച്ചെൻ കുഞ്ഞിനെ
ജരായുവിൽ പോറ്റിയൊരമ്മ
ആരിതു കേൾക്കാൻ അമ്മ വിലാപം
ശവമാടത്തിന്നരികെ .

കുഞ്ഞിക്കാലുകൾ, കൈയുകൾ, കണ്ണുകൾ
പൂപ്പോലുള്ളൊരു മേനി
അമ്മച്ചൂടു പകർന്നെൻ കുഞ്ഞിനെ
ഊട്ടിയുറക്കുവതാര് ?
കുഞ്ഞേ നിന്നുടെയാശയുണർത്താൻ
കഴിയാപ്പോയൊരു പാപി

എങ്ങനെയമ്മയെയോർമ്മിക്കും നീ
എങ്ങനെ കൊഞ്ചൽ കേൾക്കും ഞാൻ
ഒരു മാത്രയായോർമ്മ ,തൻമാത്രയായമ്മ
മണ്ണിൽ പുതഞ്ഞലിയുന്നു

രാജു.കാഞ്ഞിരങ്ങാട്

By ivayana