രചന : ഗീത മന്ദസ്മിത
പുതുവത്സരഘോഷങ്ങൾ കേട്ടിടുമീ വേളയിൽ
മറക്കാതിരിക്കാം പോയ വർഷം നമുക്കേകിയ
പുതിയ പാഠങ്ങൾ,
തിരിച്ചറിവുകൾ..!
ഓർക്കാം പോയവർഷത്തിൻ
നന്മയൂറും ചെയ്തികൾ
ചേർക്കാം അതിലേക്കായ് പുതുവർഷത്തിൻ
പുതിയ കർമ്മ വീഥികൾ…
ഓർക്കാം മഹാമാരിയിൽ മാഞ്ഞുപോയൊരാ മനുഷ്യബന്ധങ്ങളെ,
മൺമറഞ്ഞൊരാ മനുഷ്യ ജന്മങ്ങളെ..!
മഹത് വ്യക്തിത്വങ്ങളെ..!
അണഞ്ഞു പോയൊരാ മൺചിരാതുകളെ…
അഴിക്കാം മനസ്സിന്നാവരണം,
ധരിക്കാം മുഖത്തായാവരണം,
കൈയ്യകലത്തായ് കൈകോർത്തിരിക്കാം,
അന്യർക്കൊരു കൈത്താങ്ങാകാം
കാതോർക്കാം വിദ്യാലയ മണിയടിയൊച്ചകൾക്കായ്,
കുഞ്ഞുപാദസ്പർശമേൽക്കാൻ വെമ്പും
ആ തിരുമുറ്റത്തിന്നാശ്വാസ നെടുവീർപ്പുകൾക്കായ്..!
കുഞ്ഞു പരിഭവങ്ങൾക്കായ്…
വീണ്ടെടുക്കാം നഷ്ടമായൊരാ സ്വാതന്ത്ര്യത്തെ,
സംഗീതത്തെ,
സൗഹൃദങ്ങളെ,
സംഗമവേളകളെ..!
വേണ്ടെന്നുവെക്കാനോർക്കാം
വേണ്ടാത്ത ആർഭാടങ്ങളെ,
ആഘോഷങ്ങളെ,
അനാചാരങ്ങളെ
അന്ധവിശ്വാസങ്ങളെ…
ഇരിക്കും കൊമ്പു മുറിക്കാതിരിക്കാം—
മാറോടു ചേർത്തു പുണരാം പ്രകൃതിയാം മാതാവിനെ,
സഹജീവികളെ,
സഹോദരങ്ങളെ,
സർവ്വചരാചരങ്ങളെ..!
ഓർക്കാം,
നമുക്കും വേണ്ടത് ‘വെറും’ വായുവും, വെള്ളവും,
അന്നന്നത്തെ അന്നവും മാത്രമാണെന്നത്–
‘വെറുമൊരു ജീവി’ യെപ്പോൽ..!
ഓർക്കാം ജീവപരിണാമത്തിൻ കണ്ണിയിലൊരു കണികമാത്രമാം
‘വെറുമൊരു ജീവി’മാത്രമെന്ന്…!
സൃഷ്ടിയും, സ്ഥിതിയും ‘സംഹാരവും’
ഈ പ്രകൃതിതൻ വികൃതിയെന്ന്..!
