രചന : ജനാർദ്ദനൻ കേളത്ത്

വെയിൽ കുടിച്ചു
വറ്റിയ പുഴ, തൻ
കിനാവുകളുടെ
അടിയൊഴുക്ക് കല്ലിച്ച
പാറക്കെട്ടുകളിൽ
തേങ്ങിക്കിടന്നു!

ഇരുകര പുണർന്ന
സ്മരണകളുടെ
ശിഥിലമായ
നീർത്തടങ്ങളിൽ,
പരലുകൾ തേടി
കൊക്കുകൾ
അലഞ്ഞു നടന്നു!

പുരോഗമനത്തിൻ
പലവഴിപ്പാതകൾ
പിഴുതെറിഞ്ഞ,
പാലായനങ്ങൾ
നിഴലിളപ്പാറ്റിയ,
മണ്മറഞ്ഞുപോയ
ചുമ താങ്ങികൾ!

വാസസ്ഥലത്തെ
അസഹ്യതകളിൽ
നിന്നും ശീതീകരിച്ച
പേടകങ്ങളിൽ
താപശാന്തി തേടി
യാത്ര പിരിയുന്ന
അനുയാത്രികൾ!

ശാസ്ത്രാനുഗമ
വഴി, കാറ്റൊഴിയും
ചക്രവ്യൂഹത്തിൻ
നടുവിൽ കുടുങ്ങി,
ദാഹിച്ചു വരണ്ട
തൊണ്ടകൾ
മനമുരുകി
വിലപിച്ചു ….
പ്രളയജലത്തിൽ
പൊങ്ങിക്കിടക്കും
ഒരാലിലയ്ക്ക് !!

ജനാർദ്ദനൻ കേളത്ത്

By ivayana