രചന : രാജു കാഞ്ഞിരങ്ങാട്

രതിയുടെ രാഗ വിസ്താരത്തിൽ
നാം നമ്മേ തന്നെ മറന്നു വെയ്ക്കാറുണ്ട്
രാവിൻ്റെ ഇരുൾ മാളത്തിൽ

ചുംബനത്തിൻ്റെ ചരുവിൽ
ഒറ്റമരമായി കത്തിനിൽക്കാറുണ്ട്
രാവിൻ്റെ ഏദൻ തോട്ടത്തിൽ
നാം ആദവും ഹൗവ്വയും

നാം താണ്ടിയ പ്രണയത്തിൻ്റെ
കടലുകൾ, കരകൾ
കുന്നുകൾ, കുഴികൾ
നാം നമ്മിൽ വരച്ചു ചേർത്ത
ഭൂപടങ്ങൾ, ഭൂഖണ്ഡങ്ങൾ

ഒന്നായ നാം എന്നാണു പിന്നെ
രണ്ടു ഭൂഖണ്ഡങ്ങളിലായിപ്പോയത്
പ്രണയത്തിൻ്റെ ഒറ്റത്തുള്ളി വെളിച്ചവും
ഇറ്റി വീഴാതായത്

പ്രിയപ്പെട്ടവളേ,
നാം നമുക്ക് തന്നെ ബലിക്കല്ലും
തർപ്പണവുമായെന്നോ

എങ്കിലും;
ഒരിക്കലും മരിക്കാത്ത ഒരു ചിത്രമായ്
മനസ്സിൻ്റെ ഭിത്തിയിൽ
ഒട്ടിച്ചു വച്ചിട്ടുണ്ട് ഞാൻ നിന്നെ.

രാജു കാഞ്ഞിരങ്ങാട്

By ivayana