Aslam Ali

ലോകകൈപ്പടദിനമാണ് . കൈപ്പട നോക്കി ഒരാളുടെ സ്വഭാവം നിര്‍ണയിക്കാം എന്നൊക്കെ പറഞ്ഞ് പണ്ടൊരാള്‍ ബാലാരിഷ്ടത പിന്നിടാത്ത ഞങ്ങള്‍ കുറച്ച് പേരെ ഇരുത്തി ഒരു പരീക്ഷണം നടത്തി. താരതമ്യേന പഠനത്തില്‍ മികവ് പുലര്‍ത്തുന്ന, ഫ്രണ്ട് ബെഞ്ചില്‍ ഇരിപ്പിടമുള്ള, പെണ്‍കുട്ടികളുമൊക്കെയായി അന്തര്‍ധാര സജീവമായ ആളുകള്‍ക്കൊക്കെ അത്യാവശ്യം കൈപ്പട ഉണ്ടാവുമല്ലോ. യേത്! ഇനി ഇല്ലെങ്കില്‍ തന്നേ ഒണ്ടാക്കി കൊടുക്കുവല്ലോ.

പരീക്ഷണത്തില്‍ ഞാനൊക്കെ അടപടലം മൂഞ്ചി. എപ്പോഴും മിടുക്കരാവുന്നവര്‍ അന്നും മിടുക്കരായി. മിടുക്കനാവല്‍ ഒരു കെണിയാണ്. എപ്പൊഴും മിടുക്കാനാവാന്‍ തോന്നിക്കൊണ്ടേയിരിക്കും. ഉത്തരങ്ങളെല്ലാം അറിയാവുന്ന കാലം വന്നപ്പോള്‍ അറിയാത്തവര്‍ക്ക് നമ്മുടെ ഷോ ഓഫ് ഉണ്ടാക്കുന്ന നെഗറ്റീവ് സ്ട്രോക്ക് ആലോചിച്ച് മിണ്ടാതിരുന്നിട്ടുണ്ട്. ടീച്ചര്‍മാര്‍ ഓരോ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും ആദ്യം കൈപൊക്കുന്ന മത്സരാര്‍ത്ഥികള്‍ ജീവിതകാലം മുഴുക്കെ ചിലപ്പോള്‍ അങ്ങനായിരിക്കും.

എന്‍റെയൊക്കെ അവസ്ഥ എന്നും ദയനീയമായിരുന്നു. സാമ്പ്രദായിക സ്കൂള്‍ ചുറ്റുപടില്‍ നിന്നൊക്കെ രക്ഷപ്പെട്ട ശേഷമാണ് ജീവിതത്തില്‍ ഇസ്സത്തുണ്ടായത്. അതുവരെ എല്ലാടത്തും പട്ടിത്തോല്‍വിയായിരുന്നു.അപ്പോള്‍ പറഞ്ഞുവന്നത് കൈപ്പടയെ കുറിച്ചാണ്. അതിലൂടെ സ്വഭാവം നിര്‍ണയിക്കാന്‍ പറ്റുമെന്നൊക്കെ പറയുന്നത് എത്രത്തോളം ശരിയാണെന്നോ, ശരി തന്നെയാണോ എന്നോ അറിയില്ല. എന്‍റെ കൈപ്പട നോക്കി എന്നെ വിലയിരുത്താന്‍ നിന്നാല്‍ കൊട്ടയിലും കോണാത്തിലും കൊള്ളാത്തവന്‍ എന്ന് വിധി എഴുതേണ്ടി വരും. പക്ഷേ എന്നെ പോലെ തങ്കപ്പെട്ട ഒരു മനുഷ്യനെ ‘ഞാന്‍’ വേറെ കണ്ടിട്ടില്ല.

ആര്‍ക്കും ഇടങ്ങേറുണ്ടാക്കുന്ന വര്‍ത്താനം പറയാറില്ല. ഇഷ്ടപ്പെടാത്തത് ചോദിച്ച് ബുദ്ധിമുട്ടിക്കാറില്ല. അനാവശ്യമായി ഒന്നിലും കേറി ഇടപെടാറില്ല. അപരന്‍റെ ഘടികാര ഘടനയെ മാനിക്കുന്നതില്‍ ഞാനൊരു വിശുദ്ധാത്മാവാണ്. (എനിക്കാ പരിഗണന ചുറ്റുപാടില്‍ നിന്ന് ഇപ്പോഴും കിട്ടാത്തതിനാല്‍ തല്‍വിഷയത്തില്‍ ഞാന്‍ പ്രവാചകത്വത്തിലേക്ക് ഉയരുന്നുണ്ട്.) കരയാന്‍ മുട്ടി നിക്കുന്നവരുടെ ഹൃദയത്തിലേക്ക് സഹതാപത്തിന്‍റെ മണ്ണെണ്ണയൊഴിച്ച് അവരെ തീ പിടിപ്പിക്കാറുമില്ല. അതായത് ഞാന്‍ മറ്റുള്ളവരില്‍ നിന്ന് അനുഭവിക്കുന്നതൊന്നും എന്നില്‍ നിന്ന് ആര്‍ക്കും ഉണ്ടാവരുതെന്ന് ഉറപ്പിച്ചു.

അതേ പോലെ കരയുന്നവരെ കരയരുതെന്ന് പറഞ്ഞ് പറ്റിക്കാറില്ല. കരയാനനുവദിക്കണം. കാണണം എന്നുപറയുന്നവരെ, സംസാരിക്കണം എന്ന് പറഞ്ഞ് വിളിക്കുന്നവരെ വേണ്ടുവോളം കേട്ടിരിക്കും. എന്നെ മുറിപ്പെടുത്തി വര്‍ത്താനം പറയുന്നവര്‍ക്ക് മുന്‍പിലും ഒന്നും ബാധിക്കാത്ത പോലെ അഭിനയിച്ച് അവരെ ഭാവികാലബോധോദയാനന്തര കുറ്റബോധത്തില്‍ നിന്ന് (അങനെ ഉണ്ടാവാമെങ്കില്‍) രക്ഷപ്പെടുത്തും. എത്രത്തോളമെന്നാല്‍ കടം വാങ്ങിയ പൈസ തരാനുള്ള ചിലര്‍ എന്‍റെ മുന്നില്‍ പെടാറായി എന്നായപ്പോള്‍ അവരേക്കാള്‍ മുന്‍പേ എന്നെ അവരില്‍ നിന്നൊളിപ്പിച്ച് മനുഷ്യാഭിമാനത്തിന്‍റെ കോടതിയില്‍ മാതൃകാപുരുഷനായി സ്വയം മൂഞ്ചിയിട്ടുമുണ്ട്. ന്താലേ. (വാങ്ങിയ പൈസ കൊടുക്കാനുള്ള ദിവസത്തിനും മുന്‍പേ കൈയ്യും കാലും വിറക്കാനും തുടങ്ങും.) അങ്ങനെ പലതുണ്ട് കാര്യങ്ങള്‍.

പക്ഷേ ഒരു കുഴപ്പമുണ്ട്. കൈപ്പട ശരിയല്ല. ഈ കൈപ്പടയും തലേവരയും തമ്മില്‍ വല്ല ബന്ധവുമുണ്ടോ! അള്ളാഹു അഅ്ലം.വാല്‍:- മൂഡ് ശരിയല്ലാത്തപ്പോള്‍ അതായത് എനിക്ക് ഞാന്‍ തന്നെ അധികപ്പറ്റായിരിക്കുമ്പോള്‍ മറ്റ് കേസുകള്‍ അറ്റന്‍ഡ് ചെയ്യല്‍ കുറവാണ്. അപ്പോള്‍ വിളിച്ചാലും മെസേജ് ചെയ്താലും എടുക്കില്ല. നോക്കിക്കൊണ്ടിരിക്കും. അത് പ്രിയപ്പെട്ടവര്‍ മനസ്സിലാക്കുമെന്ന് കരുതുന്നു. പിന്നെ എന്‍റെ ചിന്താഗതിയുമായി ഒത്തുപോവാത്തവര്‍ക്കും ഞാന്‍ available ആയിരിക്കില്ല. സംസാരിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ്. എന്തുകൊണ്ടോ ഇപ്പോള്‍ ഇതൊക്കെ പറയാന്‍ തോന്നി. നന്ദി.

കൈപ്പട എന്ന വാക്ക് എന്‍റെ മനസ്സിലേക്കിട്ടു തരുന്ന ഒരു അറബി കവിതയോ മറ്റോ ഉണ്ട്. അതും കൂടി പറഞ്ഞുനിര്‍ത്താം. “اذا طال الزمان ولم تروني فهذا خط يدي فتذكروني..””കാലം കഴിഞ്ഞുകടന്നുപോകവേഞാന്‍ മണ്‍മറഞ്ഞേക്കാം.ഇതെന്‍റെ കൈപ്പടയാണ്നിങ്ങളെന്നെ ഓര്‍ത്തുവെങ്കിലോ..”

അസ്‌ലം അലി

By ivayana