ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
രചന : താഹാ ജമാൽ

തോറ്റുപോകുമ്പോൾ
പ്രതികാരം കൂടുന്നവരോടാണിപ്പോളെനിക്കിഷ്ടം
കാരണം
തിളയ്ക്കുന്ന രക്തത്തിനരികിൽ
അത്രമേൽ ഉന്മാദം വില്ക്കുന്ന
നിമിഷവേഗങ്ങളിൽ രക്തം
ശരവേഗത്തിൽ കീഴ്പ്പെടുന്നു.
ഈ വിളക്ക് അണയ്ക്കാൻ സമയമായി
ഞാനൊരുപോളക്കണ്ണടയ്ക്കട്ടെ.

നിൻ്റെ കണ്ണിൽ ആഴത്തിൻ്റെ അരക്ഷിതാവസ്ഥകൾ
നിൻ്റെ വയറ്റിൽ വിശപ്പിൻ്റെ പർവ്വതങ്ങൾ
നിന്നെക്കാത്തിരിക്കുന്ന മലയടിവാരത്തെ
വിളക്കുകൾ സ്ലെയിറ്റുകളിൽ എഴുതുന്നു.
നീ മാത്രം വിപ്ളവകാരിയായി
രാത്രിയിൽ ഇറങ്ങി നടക്കുന്നു.
അത്രമേലാഴത്തിൽ നിന്നും
ഉറവകളുടെ പലായനം കാത്ത്
നിഘണ്ഡുവിലില്ലാത്ത വാക്കു
തേടിപ്പോയ
കവിയും മടങ്ങിയെത്തിയില്ല.

ചീവീടുകൾ ഒച്ചയുണ്ടാക്കിയ
രാത്രി കാലത്ത്
ചേമ്പുതാളുകൾക്കിടയിൽ
പീഢിപ്പിക്കപ്പെട്ട രക്തസാക്ഷിയുടെ
കരച്ചിലിലാണിപ്പോൾ
പ്രപഞ്ചത്തിൻ്റെ മുഴക്കം.
ഈ മുലയുമവർ കടിച്ചു തിന്നു
ചോരച്ചാലിൽ നീന്താത്ത രക്ത സാക്ഷിയുടെ
തകർന്ന ജനനേന്ദ്രിയമാണിപ്പോൾ
സദാചാരത്തിൻ്റെ അളവുകോൽ

ഒരുനാളും വിപ്ളം വരില്ല
കൊലപാതകങ്ങളാൽ വിളറി പൂണ്ട ജനതയ്ക്ക്
ഒരു വാർത്തയും പ്രയോജനപ്പെടില്ല.
നീ, മരിക്കലാണ് നല്ലത്
അതിനു മുമ്പ് എന്നെ കൊല്ലാൻ മറക്കട്ടെ.

പിറന്നതിൽ ദുഃഖിതരായവരുടെ
ഘോഷയാത്രകളിലാണിപ്പോൾ
കച്ചവടക്കാരുടെ പ്രതീക്ഷ.

മണ്ണ് വിലപിക്കുന്നത്
വിത്തിടാൻ കഴിയാത്ത
സ്വപ്നത്തിൻമേൽ വിലപിക്കുന്നവരുടെ
വിയർപ്പ് ഉപ്പായതോർത്താണെന്ന്
മാത്രം പറയുക.
ഈ ചായക്കും ചാരായത്തിനും ഒരേ രുചി
അരുചികൾ പ്രസവിച്ച വിത്തിൽ നിന്നും
ഇനിയൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.
കാമം തലയ്ക്ക് പിടിച്ച ഉടലുമായി
ഒരാൾ മറ്റൊരാളെ നോക്കുമ്പോൾ
ഒരു കലണ്ടർ ഭിത്തിയിൽ തൂങ്ങി മരിച്ചിട്ടുണ്ടാകും.

ഘടികാരമിപ്പോൾ മാനത്ത്
സമയം നോക്കുന്നു.

താഹാ ജമാൽ

By ivayana