രചന : ഹരി കുട്ടപ്പൻ

അല്ലയോ ഭൂമി നിൻമടിതട്ടിലെ വശ്യതയിൽ
ചേർന്നലിഞ്ഞതോയെൻ രാജ്യമഹാത്മ്യം
ആഴിതൻ സമൃദ്ധിയിൽ ഫലഭൂഷ്ടിയെങ്കിലും
അരുവിതൻ ഹാരത്താൽ മാറിടം മറച്ചവൾ

ഹിമശിഖരത്താൽ കിരീടമലങ്കരിച്ചപ്പോൾ
ചുടുമണൽ പരപ്പുകൾ ഹൃദയത്തിൽ സൂക്ഷിച്ചു
കാർഷികമികവുകൾ കൈവളകൾ ചാർത്തുന്നു
പുന്നെല്ലിൻ ഗന്ധത്താൽ കാൽതളകളണിയുന്നു

നിന്നിലാമാദകസൗന്ദര്യമെന്നെ മാടിവിളിക്കുന്നു
മാനസസരോവരമാസ്മരികതയുള്ളിലൊതുക്കി നീ
മലനിരകളും വൃക്ഷലതാതികളാൽ ഹരിതകകാഴ്ചയും
കാട്ടിതരുന്നതോ നിൻ മുടിനാരിഴതൻ ഹരിതഭംഗി

വിശപ്പെന്ന തീനാളം ഉദരത്തിൽ സൂക്ഷിച്ചും
സംസ്ക്കാരമഹാത്മ്യം ഹൃദയത്തിൽ സൂക്ഷിച്ചു
ഐക്യമഖണ്ഡതയക്ക്‌ മാതൃകയായി നിന്നപ്പോൾ
പരിണയിക്കുന്നു ഞാൻ നിന്നിലെ മഹാത്മ്യം

രാഷ്ട്രീയം ചിന്തക്ക് വംശനാശവന്നപ്പോൾ
മനുഷ്യത്വം മനസ്സിന്റെ പടിയിറങ്ങിപോയതും
മലവെട്ടികുളമാക്കി കുളം കുത്തി കിണറാക്കി
ഒരിറ്റ് വെള്ളത്തിനാകാശം നോക്കുനോർ

പുഴകൾക്ക് തടക്കെട്ടി തടകൾക്ക് നിറം ചാർത്തി
ഒഴുകുന്ന വെള്ളത്തിനശുദ്ധിയും കൽപ്പിച്ച്
ആടി തിമിർക്കുന്നു മറിമായം കോപ്രായം
ക്രിസ്ത്യനും ഹിന്ദുവും മുസൽമാനും ചേർന്നിതാ

ഐക്യദാർഢ്യത്തിന്റെ അടിവേര് മാന്തുന്നു
ഒരൊറ്റരാജ്യവും ഒരൊറ്റസംസ്ക്കാരം കീറിമുറിച്ചന്ന്
പൈതൃകസംസ്കാരഭാഷയും മാറിപ്പോയി
ആശ്വാസിപ്പാനായിയിനിയെന്തുണ്ട് മടിത്തട്ടിൽ

ആവോളമിന്നെന്റെ മനസാക്ഷി കോടതിയിൽ
മണ്ണിന്റെ മണമുള്ള മാനവഹൃദയത്തിലും
നിയമപുസ്തകത്തിൻ ചുടുക്കാറ്റ് വീശുന്നു
വെന്തെരിയുന്നിതാ കർഷകന്റെ പ്രാണനും

എങ്കിലും നിന്നെ ഞാൻ സ്നേഹിക്കുന്നു നിന്നിലാ
സംസ്‌ക്കാര സമ്പത്ത് കുലം കുത്തി പോവാതെ
അഥിതിദേവോ ഭവ കാത്തുസൂക്ഷിക്കുന്നതും
കാലകർമ്മത്താൽ കണ്ണീർവർക്കുന്നു നിയിന്ന്

മോക്ഷപ്രാപ്തിക്കായി മൗനം ഭജിക്കുന്നു
തുറന്നെഴുതട്ടെ ഞാനെന്റെ പ്രണയത്തെ
പ്രണയിക്കുന്നു ഞാൻ ജീവന്റെജീവനായി
ആ പ്രണയം നിലകൊള്ളും എന്നവസാനം വരെ.

ഹരി കുട്ടപ്പൻ

By ivayana