രചന : ദിജീഷ് രാജ് എസ്

അവർ വിരമിച്ച രണ്ടു ന്യായാധിപന്മാർ,
പതിവായെത്തുന്ന രഹസ്യകേന്ദ്രത്തിലെ
വിശാലമുറിയിലിപ്പോൾ ‘മുജ്‌റ’ കാണുന്നു.

‘മീഠാ പാൻ’ ചുവപ്പിച്ച ചുണ്ടുകളുമായി
പഴയകാല ഗസലിനൊപ്പം
താളത്തിൽ ചുവടുകൾവയ്ക്കുന്ന
സുന്ദരീ നർത്തകികളുടെ
ഉടൽച്ചുഴികളിലേക്ക്
കണ്ണുകളെ കറങ്ങാൻവിട്ട്
അവർ ഭാരതീയ ലൈംഗിക
അരാജകത്വത്തെപ്പറ്റി ചർച്ചചെയ്തു.

‘അമർത്തിപ്പിടിച്ച ലൈംഗികാസക്തികൾ
പൊട്ടിച്ചൊഴുക്കും ഓവുചാലുകൾ.
കാമാത്തിപുര, സോനാഗച്ചി,
ജി.ബി റോഡ്, ശിവ്ദാസ്പൂർ…
ചുവന്ന കുടുസ്സുമുറികളിലേക്കുള്ള
പെൺദേഹിക്കടത്തുകൾ.
നഗ്നതഘോഷിക്കും സിദ്ധാശ്രമങ്ങളിൽ
നിയമം കാണാതെപോകും
വിതുമ്പും ബാലാവകാശങ്ങൾ.’

ഇടയ്ക്കിടയ്ക്ക് മൈലാഞ്ചിത്താടിയുഴിഞ്ഞ്
ഒരു വൃദ്ധൻ അവർക്കായപ്പോൾ
മെച്ചപ്പെട്ട ഭാംഗരച്ചുകൊണ്ടിരുന്നു.

അകത്തെ കൊച്ചുമുറിയിൽ,
ഈ അധോതല കേന്ദ്രത്തിന്റെ
ഉടമയായ ഹിജഡയപ്പോൾ,
പുതുതായി എത്തിക്കപ്പെട്ട
ഉജ്ജയിനിക്കാരി ബാലികയെ
അവർക്കു വിസ്തരിക്കാനായി
അണിയിച്ചൊരുക്കുകയായിരുന്നു.

മധ്യവയസ്കയായ പ്രധാന നർത്തകി,
വിരമിച്ച ന്യായാധിപരുടെ മടിയിൽ
മാറിമാറിയിരുന്നു വിശ്രമിച്ചുകൊണ്ട്
ഉറകൾ കൈമാറുമ്പോൾ,
പന്ത്രണ്ടുകാരി നൃത്തസംഘത്തിലേക്ക്
എത്തപ്പെട്ട് ആട്ടംതുടങ്ങിയിരുന്നു.

ചർമ്മം ചർമ്മത്തോട്
നേരിൽ സ്പർശിക്കാത്തതൊന്നും
ലൈംഗികപീഡനമാവില്ലെന്ന
മുംബൈ ഹൈക്കോടതി വിധിയുടെ
പുത്തൻ പശ്ചാത്തലത്തിൽ
അവർ ആ കോൺഡത്തെ
സൂക്ഷ്മമായി നോക്കിക്കാണുകയും
നിയമത്തിന്റെ പുതുപ്പഴുതുകൾകണ്ട്
ആഹ്ലാദചിത്തരായി,
വൃദ്ധബലഹീനതവെടിഞ്ഞ്
ഉദ്ധാരണംനേടുകയുമുണ്ടായി.

കോടതികളുടെ ചില (അ)ന്യായവിധികൾ
നമ്മുടെ വിധിയായ് മാറിക്കൊണ്ടേയിരിക്കുന്നു!

ദിജീഷ് കെ.എസ് പുരം.

By ivayana