ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !
രചന : വിഷ്ണു പകൽക്കുറി

കാലത്തിന്റെ നൊമ്പരപ്പാടുകൾ
വരഞ്ഞിടുമ്പോൾ
ഓർത്തുപോയി
ഞാനാ ദ്രൗപദിയെ
ഇത്തിരിനേരം.

കാഴ്ചവയ്ക്കുകയെന്നാൽ
എന്നെത്തന്നെ
പൊതുനിരത്തിൽ
ചിരിക്കുന്ന
രാക്ഷസകൂട്ടങ്ങളുടെ
ബലിച്ചോറു പങ്കിട്ടെടുക്കുവാൻ
ഇലയൊന്നു വേണം.

അല്ലിതു
കേൾക്കവെ നാട്ടാരെന്തു
നിനച്ചീടുമെന്നോർത്തു ഞാനാ
ശിരോവസ്ത്രങ്ങളഴിച്ചുകാട്ടി.

പിന്നെയും
നഗ്നതയിലേയ്ക്ക്
ഒളിയമ്പെയ്യുമ്പോൾ
തിരിച്ചറിഞ്ഞു ശപിക്കുവാൻ,
ഞാനൊരുമുനിയോ,
തപസ്വിനിയോ, അല്ലെന്നറിയുക.

വാരിക്കൂട്ടിയശീലകൾ
മാറോടണച്ചും;
എന്നുള്ളിലിരുണ്ടുകൂടിയ
കാർമേഘങ്ങളാൽ
മഴപെയ്തതും;
ഭൂമിയിലമർന്നൊരുപിടി
ചാരമാകുവാൻ
മോഹിച്ചുപോയി.

എന്നിട്ടും;
എനിക്കായൊരുകൃഷ്ണനും
വന്നില്ല;
മഴ തോർന്നപ്പോൾ
സദാചാരത്തിന്റെകനൽ
കെട്ടടങ്ങിയ വീഥിയിൽ
കെട്ടുപൊട്ടിയ പട്ടംപോലിന്നും;
അഴിഞ്ഞുലഞ്ഞ കാർകൂന്തലുമായി,

കാലമേ, കാത്തിരിക്കുന്നുഞാൻ.
ആ കൃഷ്ണനെയൊന്നു
കാണുവാൻ !

വിഷ്ണു പകൽക്കുറി

By ivayana