രചന : വിനോദ് വി.ദേവ്.

കവിതയുടെ വഴിയിലെപ്പോഴും
ഒരു കരിമ്പൂച്ച കുറുകെച്ചാടുന്നു.
പേന അടച്ചുവച്ചു
യാത്ര മതിയാക്കി
ഞാൻ തിരികെപ്പോരുന്നു.
മനസ്സിനുള്ളിൽ കവിത
ഉപ്പിട്ടുണക്കിയ മീൻപോലെ
പഴക്കംവെച്ചു പൊടിഞ്ഞുതുടങ്ങുന്നു.
കാക്ക കൊത്താത്ത കവിത.,
പൂച്ച മാന്താത്ത കവിത.,
എലി കരളാത്ത കവിത.,
പാറ്റ നക്കാത്ത കവിത.,
ഇങ്ങനെയൊക്കെ കിനാവുകണ്ട്
പേനയ്ക്കുള്ളിൽത്തന്നെ
ഞാൻ കവിതയെ പൂട്ടിയിടുന്നു.
വെളിയിലിറങ്ങല്ലേ …!
പരുന്തു റാഞ്ചിക്കളയും…!

എന്നിങ്ങനെ
തള്ളക്കോഴി കുഞ്ഞുകോഴികളോടെന്നപോലെ
അനുസരണശാസ്ത്രം പഠിപ്പിക്കുന്നു.
തെരുവിൽകണ്ട കവിതയെയും
അടുക്കളയിൽ കരിഞ്ഞ കവിതയെയും
അറവുശാലയിലെ കവിതയെയും
പട്ടിണിച്ചൂടിന്റെ പൊരിഞ്ഞ കവിതയെയും
മനസ്സിന്റെ കൊട്ടയ്ക്കുള്ളിൽ മൂടിയിട്ടു.
അവ പഴുത്തു ഉപ്പിട്ടുണക്കിയ
മീൻപോലെ
പൊടിഞ്ഞുപൊടിഞ്ഞുതീരുന്നു.

വീണ്ടുമൊരിക്കൽക്കൂടി
കവിതയുടെ വഴികളിലൂടെ
നടക്കുമ്പോൾ ,
കാത്തുനിന്നിട്ടെന്നവണ്ണം
കരിമ്പൂച്ച കുറുകെച്ചാടുന്നു.

വിനോദ് വി.ദേവ്.

By ivayana