രചന : രാജു കാഞ്ഞിരങ്ങാട്

(മഹാകവി ഒ.എൻ.വി.യെക്കുറിച്ചുള്ള ഓർമ്മ)

ഇല്ലാ വൃഥാവിലാകില്ലനിൻപട്ടട-
ച്ചൂടേറ്റിടം പോലും ധന്യമെന്നോർക്കുക.
ആഴിപോൽ നിന്നോർമ്മ ,യൂഴിയിലെന്നുമേ
തിരക്കൈകൾ നീട്ടി കരേറി വന്നീടുമേ

പുലരികൾ, സന്ധ്യകൾ ചോക്കുന്നതെന്നുമേ
ശോകാർദ്രമാംനിൻ്റെ ഓർമ്മയാലല്ലയോ
അപ്പൊഴും നിൻ്റെയാ കുസൃതി ചിരിയെൻ്റെ –
യുള്ളിൻ കുഹരത്തിൽ മെല്ലേ മുഴങ്ങുന്നു

കവിതകളക്ഷര പൂക്കളായെൻ മുന്നിൽ
വിരിയവേയുള്ളിൻ്റെയുള്ളിൻമുകുരത്തിൽ
നിൻമുഖമന്തിനക്ഷത്രമായ് പൂക്കുന്നു
എന്നിലാകെനറും കാന്തി ചൊരിയുന്നു

പുൽനാമ്പിൽ മഞ്ഞുകണംപോലെ നീയെന്നിൽ
പൂക്കളിൽ ശലഭച്ചിറകടിയായുള്ളിൽ
ഓമനക്കുഞ്ഞിൻ്റെമൂർദ്ധാവിലുമ്മവെച്ചീടുന്നൊ-
രമ്മതൻ സ്നേഹമാണിന്നു നീ
മയിൽപ്പീലി നിറമായി ,യുള്ളിൻ്റെയുള്ളിൽ
നീയെന്നുമെന്നിൽ വിളങ്ങും മഹാകവി.

രാജു കാഞ്ഞിരങ്ങാട്

By ivayana