അശ്വതി അശോക്.
രചന : മംഗളൻ കുണ്ടറ

നാലുവരിപ്പാത നടുവിലെ
ച്ചെടികളിൽ
നാനാ നിറത്തിൽ
വിരിഞ്ഞുള്ള പൂക്കളും
നാളേറെയായി
കരിംപുകയേറ്റേറ്റ്
നിറമേതെന്നറിയാത്ത
പൂക്കളായി.

ഓരോ പുതുമയിലുള്ള
വാഹനമേറി
ഓടുന്നു നാട്ടുകാർ
നഗരമാകെ
ഒരു മതിൽക്കപ്പുറം ഭൂമി
കുലുക്കംപോൽ
ഓടുന്നു തീവണ്ടി
പുകപരത്തി.

നഗര പ്രാന്തങ്ങളിൽ
പുകതുപ്പി നിൽപ്പുണ്ട്
നല്ല നീളത്തിൽ
പുകക്കുഴൽകൾ
നാട്ടിൽ വരുമാന
മാർഗ്ഗമതാകയാൽ
നന്മയേറും വ്യവസായങ്ങ
ളവയെല്ലാം.

വലതുകരത്തിൽ
മുറുകെപ്പിടിച്ചൊരു
വടി മെല്ലെ മേലോട്ട്
നീട്ടിയും താഴ്ത്തിയും
ഇടതൂർന്നങ്ങാൾത്തിര
ക്കേറിയ പാതയിൽ
ഇടതു വശം ചേർന്നു
നീങ്ങുന്നൊരാൾ രൂപം.

കാലുറയൊന്ന് പാതി
ചുരുട്ടിയും
കാലുറ മറ്റേത്
കീറിപ്പറിഞ്ഞതും
അരയിൽ കയർകൊണ്ട്
കെട്ടിബന്ധിച്ചുള്ള
അരവസ്ത്രമാണ് ധരിച്ചു
നടപ്പവൻ.

ഇടവിട്ടു പായുന്ന
കാറുകൾ നോക്കി
ഇഷ്ടപ്പെടാതെന്തോ
പുലമ്പുന്നുണ്ട്
ഇരുചക്രവാഹന
ക്കാരെക്കണ്ടാലുടൻ
ഇതിയാനൊരിഷ്ടത്താൽ
പല്ലിളിപ്പായ്!

ചെമ്പിച്ച് ചിതറിയ
തലമുടിത്തുമ്പത്ത്
ചേലുള്ള ചോപ്പുള്ള
ചരടു കെട്ടി
ചെവിയിൽ തിരുകിയ
ചെമ്പരത്തിപ്പൂവും
ചേലൊത്ത സഞ്ചിയൊന്ന
രയില് തൂക്കിയും.

വടി മെല്ലെയിടതു
കരത്തിൽ പിടിപ്പിച്ചു
വലതുകരം തന്റെ
സഞ്ചിയ്ക്കകത്തിട്ടു
വലുതായിട്ടെന്തോ
തിരയുന്ന പോലെ
വലതുകരം കൊണ്ട്
പരതുന്നു സഞ്ചിയിൽ.

പലവട്ടം പരതിയിട്ടെന്തോ
തടയാഞ്ഞ്
പരിഭവമാ
മുഖത്തോടിയെത്തി
പതിവു തെറ്റിച്ച് തൻ
സമ്പാദ്യമൊക്കെയും
പാതിയോളം പുറത്താക്കി
നോക്കി.

ആശ്ചര്യം!! എന്നല്ലാതെന്തു
പറഞ്ഞിടാൻ
ആ സഞ്ചി നിറയെ
മുഖാവരണങ്ങളോ!!
ആളുകൾ വീശിയെറിഞ്ഞു
പേക്ഷിച്ചതാം
‘ആ’ … രോഗവ്യാപന
വസ്തുക്കളത്രയും..!!

ഒന്നൊഴിയാതെ
പെറുക്കിയെടുത്തവൻ
ഒക്കത്തിരുന്നൊരാ
സഞ്ചിയിലിട്ടിതോ?
ഒരുമാത്ര ആരാനുമിതു
കണ്ടുപോയെന്നാൽ
ഒരു തുള്ളി കണ്ണുനീരിറ്റാതെ
പോകുമോ?

ബുദ്ധിക്കു പേരുകേട്ടുള്ള
സുമൂഹത്തിൽ
ബുദ്ധിഹീനർ ചെയ്ത നീച
കൃത്യം നീക്കാൻ
‘ബുദ്ധിഭ്രമൻ’ എന്ന വിളിപ്പേരു
ചേരാത്തൊരീ
ബുദ്ധിമാനേതു
സ്വർഗ്ഗത്തീന്നു വന്നിതു!

പലവട്ടം പരതിയിട്ടൊന്നും
തടഞ്ഞില്ല
പലവുരു തല
ചൊറിഞ്ഞാലോചിച്ചു
ഒടുവിൽ നിരാശയിൽ
കൈമലർത്തി മെല്ലെ
ഒക്കത്താസഞ്ചിയും
തൂക്കിയിട്ടു.

വഴിയോരത്തൊരുവേള
കണ്ടൊരു പാറയിൽ
വടി കുത്തിയെന്തോ
പിറുപിറുത്തു
സമയമതിക്രമിച്ചെന്നുള്ള
മട്ടിലായ്
സാകൂതമുടന്നങ്ങു
യാത്രയായി.

എതിരേ വരുന്നതാം
വാഹനമോരോന്നും
എതിർ ദിശയിൽ
പോകാനാജ്ഞാപിച്ചും
വടിചൂണ്ടി ചിലനേരം
ഇരുചക്ര വാഹനം
വഴിതെറ്റാതുള്ളൊരു
കരുതൽ പോലെ!

തന്റെ ഉദ്യോഗത്തിൽ
കൃത്യതയെന്നപോൽ
തന്റെ കർമ്മങ്ങളവൻ
ചെയ്തു നീങ്ങവേ
ആരുപേക്ഷിച്ചൊരീ ചീത്ത
മുഖാവരണം!!
ആദൃഷ്ടി ചെന്നു
പതിഞ്ഞതിന്മേൽ!!

ഇത്രയും യാത്രികർ തിങ്ങി
നിറഞ്ഞതാം
ഇത്ര തിരക്കേറുമീ
രാജവീഥിയിൽ
ഇമ്മാതിരി രോഗവ്യാപന
വസ്തുക്കൾ
ഇത്ര അലക്ഷ്യമായ് ആരു
പേക്ഷിച്ചു പോയ്!!??

അതുകണ്ട മാത്രയിൽ
ആ നയനങ്ങളും
അതിവേഗമെന്തേ
ചുവപ്പണിച്ചു !!??
അരികത്തണഞ്ഞുടൻ
കയ്യിലെടുത്തവൻ
അതി ജാഗ്രതയോടെ
യാമുഖാവരണവും!

അരുതേ, തൊടരുതെന്നാരോ
പറയുന്നുണ്ട്
അവനതു കേട്ടൊരു
മട്ടുകാണിച്ചില്ല
അതുവാങ്ങിക്കളയുവാ
നരികത്തണഞ്ഞാലോ അവനാക്രമിക്കുമെന്നവർ
ഭയന്നു.

വിശപ്പും ദാഹവുമവനെയലട്ടീല്ല
വിറയാർന്ന കൈകളാൽ
മുറുകെപ്പിടിച്ചത്
വിയർപ്പുതുളുമ്പും തൻ
മുഖമതിൽ ചേർത്തങ്ങ്
വൃത്തി വരുത്താനുമൊട്ടും
മടിച്ചില്ല!

സായാഹ്നമായി പകലോൻ
പടിഞ്ഞാറായ്
സഹലരും ധൃതിയാലേ
യാത്രയായി
സായന്തന പക്ഷി
പാട്ടുകൾ പാടി
സന്ധ്യയാവാറായെ
ന്നറിയിപ്പുമായ്.

പുറം തിരിഞ്ഞു തന്റെമുഖം
തുടച്ചുടനവൻ
പിന്നാമ്പുറത്തേയ്ക്ക്
തിരിഞ്ഞു നോക്കി
പൂർണ്ണചന്ദ്രൻ തോൽക്കുമാ
മുഖകാന്തിയാ
പരിസരമാകെ പ്രഭ
ചൊരിഞ്ഞു.

എള്ളിൻ കറുപ്പാർന്നൊരാ
മുഖമന്നേരം
ഏറെത്തിളങ്ങിയതി
ശോഭയാലേ
എത്രമേൽ സുന്ദരനാണീ
യുവാവിന്ന്
എങ്ങനെയീവിധം
വികൃതമായി.

കരി പുരണ്ടുള്ളൊരുദേവ
വിഗ്രഹത്തിന്മേലേ
കരവിരുതാൽ ശാന്തി
ഭംഗിവരുത്തവേ
കല്ലല്ലിരുമ്പല്ലയാദേവ
വിഗ്രഹം
കറതീർന്ന തങ്കപ്പൊലിമ
യെന്നറിയും പോൽ …

അരുണൻ തൻ സായന്തനത്തിലെ
രശ്മികൾ
ആ മുഖകാന്തിമേൽ
വിന്യസിക്കേ
അതിശോഭയാർന്നൊരു ദേവ
വിഗ്രഹം പോലെ
ആ കവിളിണ
വെട്ടിത്തിളങ്ങി നിന്നു !

ചെമ്പിൽക്കടഞ്ഞതാം
മുടിയിഴകൾക്കുള്ളിൽ
ചെന്നു പതിക്കുന്നിതരുണന്റെ
കിരണങ്ങൾ
ചേലുള്ള ചോപ്പുള്ള
ചരടിന്റെ കെട്ടും
ചെവിയിലെ ചെമ്പരത്തി
പ്പുവും മെച്ചം!

വടി ഞൊടിയിടയിൽ
താഴ്ത്തിപ്പിടിച്ചിതാ
വടിയുടെ തുമ്പത്ത്
മുഖവരണം കെട്ടി
വടിയങ്ങുയർത്തി
പ്പിടച്ചതിൻ തുമ്പത്തായ്
വാനിൽപ്പറക്കും മുഖാവരണം
നോക്കി!

അതു കണ്ടമാത്രയിൽ
മതിമറന്നൊരു വേള
അവിടെ നിന്നൊരു പത്തു
ചാട്ടം ചാടി!!
അവിടെ നിന്നോടിക്കിതച്ചെത്തി
ക്കടലോരേ..
അവിടെ ഏകാന്തനായ്
പട്ടം പറത്തി!!

കടലമ്മയൊരു വനദേവന
ക്കണ്ടപോൽ
കടൽ വെള്ളം തൂകിയാ
പാദങ്ങൾ കഴുകി
കനകവർണ്ണം പേറും
പകലോന്റെ രശ്മികൾ
കടാപ്പുറമാകെ കനകം
വിതറി!

കതിരവനും ഭൂമിദേവിയും
വാനവും
കടലമ്മയും കടൽക്കാറ്റും
നക്ഷത്രങ്ങളും
കടൽപ്പുറമിതുവരെ
കണ്ടിട്ടില്ലാത്തൊരീ
കനകവർണ്ണനെ നോക്കി
വണങ്ങിനിന്നു!!

ചിത്രം : അശ്വതി അശോക്.

മംഗളൻ കുണ്ടറ

By ivayana