രചന : പവിത്രൻ തീക്കുനി

നിന്നെയോർത്ത് മയങ്ങിയ
രാത്രികളിൽ,
പിറവിയെടുത്ത
സ്വപ്നങ്ങളെല്ലാം
ചാവേറുകളായിരുന്നു

നിന്നെ കാത്തിരുന്ന
സായന്തനങ്ങളിൽ
പോക്കുവെയിലിൽ കുറിച്ച,
വാക്കുകളെല്ലാം
ഗറില്ലകളായിരുന്നു

നിനക്ക് വേണ്ടി
വിശന്ന
നട്ടുച്ചകൾക്കെല്ലാം
കറുപ്പായിരുന്നു

ആലിംഗനങ്ങളിലേക്കിറങ്ങിയ
ഇളംവെയിൽ പടവുകളിൽ,
മദ്ധ്യാഹ്നത്തിൻ്റെ വേരുകൾ
അറ്റുപോയിരുന്നു

ഇരുട്ടിൻ്റെ മഞ്ഞ ഭിത്തിയിൽ
ഞാത്തിയിട്ട
ഒരു വസന്തകാലം

എൻ്റെതാവാം

പുലർച്ചകളുടെ
ചതുപ്പിൽ
ഒരു മഴയുടെ
കത്തിക്കരിഞ്ഞ ജഡം

പോലെ
ഞാൻ!

പവിത്രൻ തീക്കുനി

By ivayana