മുതലമട പഞ്ചായത്ത് ചർച്ചയാകുന്നത് ആദ്യമായിട്ടല്ല. നിരവധി ഘട്ടങ്ങളിൽ ഈ പഞ്ചായത്ത് പൊതുസമൂഹത്തിൽ ചർച്ചയായീട്ടുണ്ട്. അതെല്ലാം പടികജാതി- വർഗ്ഗക്കാരുടെ നിരവധി സാമൂഹിക വിഷയങ്ങളുമായി തന്നെയാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് അംബേദ്ക്കർ (ചക്ക്ളിയ) കോളനിയിലെ കുടിവെള്ള പ്രശ്നം പൊതു സമൂഹത്തിൽ ചർച്ചയാത്. ഇപ്പോഴിതാ വെള്ളാരംകടവ് ബാബുപതി കോളനിക്കടുത്ത് വയോധികരായവർ. ഒരു സ്വകാര്യ വ്യക്തിയുടെ കാവൽ ചാളയിൽ താമസിക്കുന്ന വെളപ്പൻ, ഭാര്യ പാപ്പമ്മ എന്നിവരുടെ ജീവിത പ്രയാസങ്ങളാണ് കഴിഞ്ഞാഴ്ച്ച നമ്മൾ സോഷ്യൽ മീഡിയ വഴി നേരിൽ കണ്ടത്. ഇയാളുടെ കൃഷി കാവൽക്കാരായിട്ടാണ് ഇവർ ഈ ചാളയിൽ താമസിക്കുന്നത്. സോഷ്യൽ മീഡിയ പങ്ക് വെച്ച ഈ വാർത്ത വന്ന സമയം മുതൽ മുതലമട പഞ്ചായത്ത് ഭരണാധികാരികൾക്കും സോഷ്യൽ വെൽഫെയർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പ്രമാണിമാർക്കും പ്രഷറ് കൂടി. ആ സാറു മാരിപ്പോൾ ന്യായികരണങ്ങളുമായി രംഗത്തുണ്ട്.

താൽക്കാലികമായി ഇന്നലെ ഈ വിഷയത്തിൽ ഒരു തീരുമാനമുണ്ടാക്കി കൊണ്ട് വൃദ്ധ ദമ്പതികളെ ഒരു അഗതിമന്ദിരത്തിൽ സൗകര്യമൊരുക്കി. സോഷ്യൽ വെൽഫെയർ ഉദ്യോഗസ്ഥരും വാർഡ് മെമ്പറും ഉൾപ്പെടെയുള്ളവർ പൊതു സമൂഹത്തിലേക്ക് ഒരു മെസേജ് പാസ്സു ചെയ്യുകയുണ്ടായി. അതാണ് ഈ കുറിപ്പ് എഴുതാനുള്ള കാരണം. ആ സാറന്മാർ പറയുന്നത് ഇത്തരം കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ സോഷ്യൽ മീഡിയായിൽ ചർച്ചക്കിടാതെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നാണ്.

ഈ മഹാമാരിയുടെ കാലത്ത് ലോക്ക് ഡൗൺപ്രഖ്യാപിച്ച് ഓരോ മുക്കിലും മൂലയിലും അരിച്ച് പെറുക്കി അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരും മറ്റ് ഏജൻസികളും രാഷ്ട്രീയ പ്രമാണിമാരും എന്തേ സാർ നീങ്ങളീ മനുഷ്യരെ കണ്ടില്ല.?
ഇനിയും ഇത്തരത്തിലുള്ള ജീവിതങ്ങൾ ഈ മാമലനാട്ടിലുണ്ടാകും. സമൂഹത്തിന്റെ പുറംമ്പോക്കിൽ നിൽക്കുന്ന ഈ മനുഷ്യരോടുള്ള അവഗണന എന്താണ് സാർ.?

ഏഴ് സെൻ്റ് ഭൂമി സ്വന്തമായിട്ടുണ്ടെന്നാണ് രാഷ്ട്രീയ നേതൃത്വം പറയുന്നത്. ഒരു തവണ വീടിന് ഫണ്ട് അനുവദിച്ചുവെന്നും ആദ്യ ഗഡു കൈപ്പറ്റുകയും പാതിവഴിയിൽ വിട്ടെറിഞ്ഞു പോയിയെന്നാണ് ഈ ഭിക്ഷാംദേഹികൾ പറയുന്നത്. രണ്ടാമതും വീടിന് ഗ്രാൻ്റ് അനുവദിച്ചിരുന്നെങ്കിലും വെളപ്പൻ അത് സ്വീകരിക്കാനോ വീട് നിർമ്മിക്കാനോ തയ്യാറായിരുന്നില്ലയെന്നും ആണയിട്ട് പറയുകയാണ്. ഈ ബഹുമതി പറയുന്ന ഇട്ടികണ്ടപ്പന്മാർ എവിടെ നോക്കിയാണ് ഈ കാര്യം പറയുന്നത്.?
സ്വന്തമായി ഒന്നും ചെയ്യാനാകാത്ത ഒരമ്മച്ചിയും അതിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സംരക്ഷിക്കുന്ന ഈ വൃദ്ധനായ മനുഷ്യന്റെ മുഖത്ത് നോക്കി ഈ കാര്യം പറയുവാൻ നിങ്ങൾക്ക് ലജ്ജയിലെ സാർ….
പിന്നെ പറയുന്നത് സമൂഹ അടുക്കള ആരംഭിച്ച ദിവസം മുതൽ രണ്ടു പേർക്കും ഭക്ഷണം എത്തിച്ചു കൊടുത്തിരുന്നുവെന്നാണ്. അത് ന്യായം. മാത്രമാണ് സാർ…….
നിങ്ങളൊരുക്കാര്യം മറച്ച് വെക്കുന്നു സാർ…. നാളിതുവരെ ഇവർ എങ്ങിനെ ജീവിച്ചിരുന്നുവെന്നത് ?
അത് പോട്ടെ സാർ …….
ഓരോ വർഷവും വോട്ട് തേടി വന്നിരുന്നവർ ആലോചിരുന്നുവോ സാർ?
അവർക്ക് റേഷൻ കാർഡുണ്ടോ
ആധാർ കാർഡുണ്ടോയെന്ന് നിങ്ങളെപ്പോഴെങ്കിലും അന്വേഷിച്ചിരുന്നുവോ സാർ…?
ഈ കാര്യങ്ങൾ നോക്കെണ്ടത് ആരാണ് സാർ.?
എന്തിനാണ് സോഷ്യൽ വെൽഫെയർ ബോർഡിൽ ജനങ്ങളുടെ നികുതി പണത്തിന്റെ പങ്ക് പറ്റുന്ന ഉദ്യോഗസ്ഥർ. സാർ?
ഇപ്പോൾ പറയുന്നത് അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തിരുന്നുവെന്നാണ്.
ഇങ്ങനെ വലിയ വായയിൽ വർത്തമാനം പറയുന്ന സാറുമാർ ഒന്ന് കാണണം കേൾക്കണം. എല്ലാം കിട്ടിയിരുന്നുവെങ്കിൽ പിന്നെയവർ പട്ടിണി കിടക്കേണ്ടി വരുമായിരുന്നോ സാർ.?
അവർ താമസിക്കുന്ന ചാളയിൽ വന്ന് തന്നെയല്ലെ നിങ്ങളീ സാധനങ്ങൾ വിതരണം ചെയ്തിരുന്നത് സാർ.?
നിങ്ങളുടെ മുഖത്ത് കണ്ണീലായിരുന്നോ സാർ ഈ നരകജീവിതം കാണാൻ.?

ഇവിടെ ജാതിയാണ് വിഷയം.
മുൻപ് മുതലമട ചർച്ചയായിരുന്നതും ജാതീയതയിലൂടെയാണ്. ചക്ലിയ കോളനിയിലെ കുടിവെള്ള പ്രശ്നം ഉയർന്ന് വന്നപ്പോഴും രാഷ്ട്രീയ നേതൃത്വം പറഞ്ഞത് അത്തരം വിഷയങ്ങളോന്നും ഇവിടെയില്ലെന്നാണ്. ആ വിഷയം കത്തിനിൽക്കുന്ന സന്ദർഭത്തിൽ നിരവധി വട്ടം അവിടം സന്ദർശിച്ചിരുന്ന ഒരാളാണ് ഞാൻ. അവരുടെ വേദനകൾ അന്നവർ ഞങ്ങളോട് പങ്ക് വെച്ചിരുന്നു. 10000 ലീറ്റർ വെള്ളം കൊള്ളുന്ന ടാങ്കിൽ രണ്ട് പൈപ്പ്.ഒന്ന് മേൽജാതിക്കാർക്ക്. വെള്ളമെത്തിയാൽ ആദ്യം വെള്ളമെടുക്കാനുള്ള അവകാശം ഈഴവനടക്കമുള്ള മേൽത്തട്ടുക്കാർക്കാണ്. അവശേഷിച്ച വെള്ളംമാത്രമാണ് ചക്ലിയർക്ക് എടുക്കാനായിരുന്നത്. വിഷയം സംഘർഷത്തിലെത്തിയപ്പോൾ ചക്ലിയർ അവരുടെ ക്ഷേത്രത്തിൽ കയറി വതിലടച്ച് രക്ഷപ്പെട്ടു. പഞ്ചായത്ത് ഭരിക്കുന്ന സംസ്ഥാന ഭരണകക്ഷി നേതാക്കൾ വരെ ജാതി വാലന്മാരുടെ അകമ്പടി സേവകരായി മാറി.

ഇത് അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതക സമയത്തും ഇത്തരം നാടകങ്ങൾ കാണാനിടയായി. തൃശൂർ മെഡിക്കൽ കോളേജിൽ മധുവിനെ കാണാനെത്തിയ ജനങ്ങളെ ഇളിഭ്യരാക്കി ഭൗതിക ശരീരം മന്ത്രിമാർക്കും നേതാക്കൾക്കും ഫോട്ടോ ഫെയ്സിന് മാത്രം ഒരു മിനിറ്റ് കൊടുത്ത് അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി. അന്ന് മധുവിനെ കാണാനായത് പ്രിയ സോദരി ആക്റ്റിവിസ്റ്റ് ധന്യാരാമന്റെ വാഹനമുണ്ടായതു കൊണ്ടു മാത്രമാണ്.
വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിലും അവർ കാണിച്ച നീതിബോധം കേരളം കണ്ടതാണ്. ഇവിടെ ഉയർന്ന് വന്ന ഓരോ ജാതി പീഢനങ്ങളിലും കൃത്യമായ ജാതി പ്രിവിലേജുകൾ കണ്ട് വളരുകയാണ് ഞങ്ങളുടെ പുതിയ തലമുറ. ഇവിടെ മുതലമടകൾ സൃഷ്ടിക്കുന്നത് നീചമായ ജാതി ബോധത്തിൽ നിന്നാണ്. അത് പറയാതെ വയ്യ സാറൻമാരെ ….

By ivayana