Tijo George

ജോസ് ആയി അജിത്ത് കൂത്താട്ടുകുളംഅഭിമാനം ഉയർത്തി മുത്തോലപുരത്തിന്റെ ജീത്തു ജോസഫ്, ചുവട് പിഴയ്ക്കാത്ത ‘ദൃശ്യം 2’:📽️🎥കൂത്താട്ടുകുളത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒട്ടേറെ സവിശേഷതകളുണ്ട് ദൃശ്യം എന്ന ചലച്ചിത്രത്തിന്.

മുൻ എംഎൽഎയും മുത്തോലപുരം സ്വദേശിയുമായ വി.വി. ജോസഫിന്റെ മകനാണ് ജീത്തു ജോസഫ്. ചലച്ചിത്രത്തിന്റെ പ്രധാന ഭാഗമായ ജോർജുകുട്ടിയുടെ വീടും പരിസരവും ഷൂട്ട് ചെയ്തത് വഴിത്തലയിൽ. ആദ്യചിത്രത്തിന്റെ സംവിധാനത്തിന് ജോർജുകുട്ടിയുടെ കേബിൾ ടിവി ഓഫിസ് ഒരുക്കാൻ ജീത്തു ജോസഫ് കണ്ടുപഠിക്കാൻ എത്തിയത് കൂത്താട്ടുകുളത്തെ ദൃശ്യ ചാനൽ ബ്യൂറോ പ്രവർത്തിക്കുന്ന ഫോർ സ്റ്റാർ വിഷൻ ഓഫിസിൽ.

ഇപ്പോഴിതാ ദൃശ്യം2ലും കൂത്താട്ടുകുളം ടച്ച് ഏറെയുണ്ട്. വഴിത്തലയും ചോരക്കുഴി പള്ളിയും ഇലഞ്ഞിയും എല്ലാം ഇതിലുണ്ട്. ഈ നാട്ടുകാരനായ കലാകാരൻ അജിത്ത് കൂത്താട്ടുകുളം ജോസ് ആയി എത്തുന്നു. മിമിക്രി കലാകാരൻ, ടിവി താരം എന്നീ നിലകളിൽ നിന്ന് ഉയർച്ചയിലേക്കുള്ള പാതയിൽ ദൃശ്യം 2 അജിത്തിന് നിർണായകമാകും എന്നുറപ്പാണ്.

ഭാഷയുടെയും സംസ്‍കാരത്തിന്‍റെയും അതിര്‍ത്തികള്‍ക്കപ്പുറത്ത് പ്രേക്ഷകരോട് സംവദിച്ച്, കള്‍ട് പദവി തന്നെ നേടിയ ഒരു മുഖ്യധാരാ ചിത്രത്തിന്‍റെ രണ്ടാംഭാഗം. രാജ്യത്തിനകത്തും പുറത്തുമായി വിജയകരമായ 6 റീമേക്കുകള്‍ സംഭവിച്ച ചിത്രമായതിനാല്‍ത്തന്നെ അത്തരമൊരു രണ്ടാംഭാഗം വന്നാല്‍ ലഭിക്കുന്ന പാന്‍-ഇന്ത്യന്‍ ശ്രദ്ധ. ചുവട് പിഴച്ചാല്‍ ഉറപ്പായും സംഭവിക്കുന്ന വലിയ വിമര്‍ശനം. എന്നാല്‍ ആ വലിയ റിസ്‍ക് ഏറ്റെടുത്തപ്പോള്‍ ജീത്തു ജോസഫ് എന്ന രചയിതാവും സംവിധായകനും പ്രേക്ഷകന് നല്‍കിയ വാക്ക് പാലിച്ചു എന്നതാണ് ‘ദൃശ്യം 2’ന്‍റെ ആദ്യ കാഴ്ചാനുഭവം.

വലിയ അവകാശവാദങ്ങളൊന്നും ചിത്രത്തെക്കുറിച്ച് ജീത്തു മുന്നോട്ടുവച്ചിരുന്നില്ല. ‘ദൃശ്യ’ത്തിന്‍റെ ത്രില്ലര്‍ എലമെന്‍റ് കണ്ട് പ്രേക്ഷകര്‍ക്ക് ഉണ്ടാകാവുന്ന അമിത പ്രതീക്ഷയെക്കുറിച്ച് തനിക്ക് ഭയമില്ലെന്നും ഒരു നല്ല ഫാമിലി ഡ്രാമയാവും രണ്ടാംഭാഗമെന്നുമായിരുന്നു സംവിധായകന്‍റെ വാക്കുകള്‍. ത്രില്ലര്‍ എലമെന്‍റ് അടക്കമുള്ള കാര്യങ്ങളില്‍ റിലീസിന് മുന്‍പ് സംവിധായകന്‍ പറഞ്ഞത് ഒരു അണ്ടര്‍ സ്റ്റേറ്റ്മെന്‍റ് ആയില്ലേയെന്ന് പ്രേക്ഷകരില്‍ വലിയ വിഭാഗത്തിനും തോന്നാവുന്ന തരത്തിലാണ് ‘ദൃശ്യം 2’.ടൈറ്റിലിനു ശേഷമുള്ള ചുരുക്കം ഷോട്ടുകളിലൂടെത്തന്നെ ‘ദൃശ്യ’ത്തിന്‍റെ ജീവിതപരിസരത്തേക്ക് പ്രേക്ഷകരെ അനായാസം എത്തിക്കാനാവുന്നുണ്ട് ജീത്തുവിന്. നാടകീയതയൊന്നുമില്ലാതെ, ‘ദൃശ്യം’ അവസാനിച്ചതിനു ശേഷമുള്ള ആറു വര്‍ഷങ്ങള്‍ക്കിപ്പുറത്തേക്ക് സംവിധായകന്‍ പ്രേക്ഷകരെ ക്ഷണിക്കുന്നു.

അവിടെ അവര്‍ ആകാംക്ഷയോടെ കാത്തിരുന്ന ‘ജോര്‍ജുകുട്ടി’യുടെയും കുടുംബത്തിന്‍റെയും ജീവിതമുണ്ട്. സാമ്പത്തികസ്ഥിതിയിലും സാമൂഹിക ജീവിതത്തിലുമടക്കം അവരിലേക്ക് വന്നുചേര്‍ന്നിട്ടുള്ള ആറ് വര്‍ഷത്തെ പരിണാമമുണ്ട്. ആ മാറ്റങ്ങള്‍ക്കിടയിലും അവരെ വിടാതെ പിന്തുടരുന്ന ആ കുറ്റകൃത്യത്തെക്കുറിച്ചുള്ള നടുക്കുന്ന ഓര്‍മകളും അതിന്‍റെ അസ്വസ്ഥതകളുമുണ്ട്. പോയ വര്‍ഷങ്ങള്‍ക്കിപ്പുറവും പൊലീസിന്‍റെ റഡാറില്‍ത്തന്നെയാണ് ജോര്‍ജുകുട്ടി.

തങ്ങളുടെ മുന്‍ സഹപ്രവര്‍ത്തകയുടെ മകന്‍ കൊല്ലപ്പെട്ട കേസ് ആയതിനാല്‍ സേനയ്ക്കുതന്നെ അഭിമാനക്ഷതമാണ് പിടിക്കപ്പെടാത്ത ജോര്‍ജുകുട്ടിയെന്ന് കരുതുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴും പൊലീസിലുണ്ട്. പൊലീസിനും ജോര്‍ജുകുട്ടിക്കുമിടയില്‍ എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാവുന്ന മറ്റൊരു ‘ബലാബല’ത്തിലേക്ക് കാണിയുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ‘ദൃശ്യം 2’ലൂടെ ജീത്തു ജോസഫ്. എങ്ങനെയാണ് ആ ബലാബലമെന്നതും ആര്‍ക്കാവും അന്തിമ വിജയം എന്നതും 153 മിനിറ്റില്‍ ഉത്തരം ലഭിക്കുന്ന കാഴ്ചാനുഭവമാണ്.

ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്‍റെ മികവാണ് ‘ദൃശ്യം 2’ന്‍റെ കാഴ്ചയില്‍ ആദ്യം ശ്രദ്ധ നേടുക. ‘ദൃശ്യ’ത്തിന്‍റെ രണ്ടാംഭാഗത്തിന് അവശ്യം ആവശ്യമായത് എന്തൊക്കെയെന്ന് കൃത്യമായി ഉള്‍ക്കൊണ്ട്, അനാവശ്യ ഘടകങ്ങള്‍ പരമാവധി ഒഴിവാക്കി, ചുരുക്കി മുറുക്കിയതാണ് ചിത്രത്തിന്‍റെ തിരക്കഥ. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലടക്കം ഈ കൈയ്യടക്കമുണ്ട്. ‘കോണ്‍സ്റ്റബിള്‍ സഹദേവന’ടക്കം ‘ദൃശ്യ’ത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ പരാമര്‍ശത്തിലേക്ക് ചുരുക്കിയപ്പോള്‍ മുരളി ഗോപിയുടേത് അടക്കമുള്ള (ഐജി തോമസ് ബാസ്റ്റിന്‍) പുതിയ കഥാപാത്രങ്ങള്‍ക്ക് കഥാഗതിയില്‍ പ്രധാന പങ്കും കൊടുത്തു.

‘ദൃശ്യ’ത്തിന്‍റെ തുടര്‍ച്ചയാവുമ്പോള്‍ത്തന്നെ കേട്ടുതഴമ്പിച്ച ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും ജീവിതത്തിന്‍റെ മുന്നോട്ടുപോക്കില്‍ പുതുമ അനുഭവിപ്പിക്കാന്‍ ഈ പാത്രസൃഷ്ടികളടക്കം കാരണമാവുന്നുണ്ട്. എന്നാല്‍ 153 മിനിറ്റ് റണ്ണിംഗ് ടൈം ഉള്ള ചിത്രം തുടക്കം മുതല്‍ ഒടുക്കം വരെ ചടുലമായ സ്വഭാവത്തോടുകൂടിയതല്ല. ‘ദൃശ്യം’ പോലെതന്നെ പതിഞ്ഞ താളത്തില്‍ തുടങ്ങി, ആദ്യ കാഴ്ചയില്‍ പ്രേക്ഷകര്‍ക്കുപോലും കൃത്യമായി തിരിച്ചറിയാനാവാത്ത ഒരു സന്ധിയില്‍ ചിത്രം അതിന്‍റെ ത്രില്ലര്‍ റൂട്ടിലേക്ക് ടേക്ക് ഓഫ് ചെയ്യുകയാണ്.

അവിടെ ജീത്തു ജോസഫ് എന്ന രചയിതാവും സംവിധായകനും നിരാശപ്പെടുത്തുന്നില്ലെന്നു മാത്രമല്ല, പ്രേക്ഷകര്‍ക്ക് ഒരിക്കലും മുന്‍കൂട്ടി കാണാനാവാത്ത കഥാപരിണതി ഒരുക്കിവെക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.ദൃശ്യത്തിന്‍റെ രണ്ടാം വരവില്‍ ഏറ്റവും ശ്രദ്ധേയ പാത്രനിര്‍മ്മിതിയും കാസ്റ്റിങ്ങും മുരളി ഗോപിയുടെ ഐജി തോമസ് ബാസ്റ്റിന്‍ ആണ്.

സഹപ്രവര്‍ത്തക വ്യക്തിജീവിതത്തില്‍ നേരിട്ട ദുരനുഭവത്തോട് ഐക്യദാര്‍ഢ്യപ്പെട്ട് വരുണ്‍ കൊലക്കേസ് പുനരന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി മുരളി ഗോപി ശോഭിച്ചിട്ടുണ്ട്. ജോര്‍ജുകുട്ടിയെയും ഭാര്യ റാണിയെയും മക്കളായ അഞ്ജുവിനെയും അനുവിനെയും ‘ദൃശ്യ’ത്തിലെ വൈകാരികമായ തുടര്‍ച്ചയോടെ അനുഭവിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നത് മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്‍തര്‍ എന്നിവരുടെ പ്രകടന മികവ് കൊണ്ടുകൂടിയാണ്.

ഐജി തോമസ് ബാസ്റ്റിനൊപ്പം സിനിമയുടെ നരേഷനെ നിയന്ത്രിക്കുന്നത് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ചെറുതെങ്കിലും പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്. ദിനേശ് പ്രഭാകറിന്‍റെ രാജന്‍, അജിത്ത് കൂത്താട്ടുകുളത്തിന്‍റെ ജോസ്, അഞ്ജലി നായരുടെ സരിത, സുമേഷ് ചന്ദ്രന്‍റെ സാബു എന്നിവയിലും കാസ്റ്റിംഗില്‍ നടത്തിയിരിക്കുന്ന മികവുണ്ട്.ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ഘടനയെ പോറലേല്‍പ്പിക്കുന്ന തരത്തില്‍ പാട്ടുകളോ സംഘട്ടന രംഗങ്ങളോ ചിത്രത്തിലില്ല.

ആകെയുള്ള ഒരു ഗാനം സിനിമയുടെ മൂഡിനോട് ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. അതേസമയം പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യവുമുണ്ട് ചിത്രത്തില്‍. ‘ദൃശ്യ’ത്തിന്‍റെ തുടര്‍ച്ചയായിരിക്കുമ്പോള്‍ത്തന്നെ ചിത്രത്തിന് പുതുമ നല്‍കുന്ന ഒരു ഘടകം അനില്‍ ജോണ്‍സണ്‍ നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതമാണ്.

ചിത്രം കണ്ടുകഴിയുമ്പോള്‍ പ്രേക്ഷകരില്‍ പലര്‍ക്കും ഉണ്ടാകാവുന്ന ഒരു നിരാശ തിയറ്റര്‍ അനുഭവം നഷ്ടപ്പെട്ടതിലാവും. അതേസമയം കൊവിഡ് പശ്ചാത്തലത്തിന്‍റേതായ നിയന്ത്രണങ്ങള്‍ക്കകത്തുനിന്ന് ഇത്തരത്തില്‍ ഒരു ചിത്രം ഒരുക്കിയതിന് ജീത്തു ജോസഫും സംഘവും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ‘ദൃശ്യ’ത്തിന്‍റെ പേരിന് ‘കളങ്ക’മേല്‍പ്പിച്ചില്ലെന്നു മാത്രമല്ല, അതിന്‍റെ അനന്തരാവകാശിയാവാന്‍ ന്യായമായും യോഗ്യതയുള്ള ചിത്രമായാണ് ‘ദൃശ്യം 2’ അനുഭവപ്പെടുക.(കടപ്പാട്)

By ivayana