രചന : സുനു വിജയൻ ❤️

(ഈ കഥ ആറ്റുനോറ്റുണ്ടായ സ്വന്തം മകൻ അവന്റെ പിറന്നാൾ ദിവസം തന്നെ ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ട തീവ്ര വേദനയിൽ കഴിയുന്ന ആ അമ്മയ്ക്കും ശ്രദ്ധയില്ലാതെ ബൈക്ക് ഓടിച്ചു മരണത്തിലേക്ക് കടന്നുപോയ
ഒരായിരം മക്കളുടെ അമ്മമാർക്കും സമർപ്പിക്കുന്നു. )

പ്രസീതേ നീ എന്താലോചിച്ചാ ഈ പറയുന്നേ.. ഇതിപ്പോ അവന്റെ ജന്മദിനത്തിന് തന്നെ ഈ പൈസയില്ലാത്ത സമയത്തു് ബുള്ളറ്റ് വാങ്ങി സമ്മാനിക്കണം എന്നൊക്കെ പറഞ്ഞാൽ ഞാനിതെന്നാ ചെയ്യാനാ..
ഭാസ്കരൻ അല്പം ദേഷ്യത്തിൽ ഭാര്യയോട് ചോദിച്ചു..
എന്റെ ചേട്ടാ മോൻ എത്ര നാളായി പറയുന്നതാ അവനു ഒരു ബുള്ളറ്റ് വാങ്ങിക്കൊടുക്കാൻ. ഇതിപ്പോ അവന്റെ ഇരുപത്തി ഒന്നാം ജന്മദിനമല്ലേ വരുന്നേ. നമ്മൾ ഇച്ചിരി കഷ്ടപെട്ടിട്ടാണെങ്കിലും അവനു ജന്മദിനത്തിന്റെ അന്നുതന്നെ ബുള്ളറ്റ് സമ്മാനിക്കണം അവനു വലിയ സന്തോഷമാകും.. കടം മേടിച്ചിട്ടാണെങ്കിലും അവനു നമുക്കതു വാങ്ങിക്കൊടുക്കാം ചേട്ടാ.. നമുക്കാകെ ഉള്ള ഒരു കുഞ്ഞല്ലേ..

ഭാര്യയുടെ വാക്കുകൾ കേട്ടു ഭാസ്‌ക്കരൻ അവളോട്‌ വീണ്ടും പറഞ്ഞു..
എടീ നീ കരുതും പോലെയല്ല ഒരു ബുള്ളറ്റിനു ചുരുങ്ങിയത് രണ്ടു ലക്ഷം രൂപയോളം വിലവരും. തൽക്കാലത്തേക്ക് അവനു കുറ്റമില്ലാത്ത ഒരു ബൈക്ക് ഉണ്ടല്ലോ. അവനാണെങ്കിൽ ആഴ്ചയിൽ ഒരുദിവസം വണ്ടിയും കൊണ്ട് എറണാകുളത്തു ടെക്നോ പാർക്ക് വരെ പോകും, ശനിയാഴ്ച തിരിച്ചു വീട്ടിലേക്കു വരും. അതിന് ഇപ്പോൾ ഉള്ള ബൈക്കുതന്നെ ധാരാളം. പിന്നെ ഈ പൈസ ഇല്ലാത്തപ്പോൾ എന്തിനാ ബുള്ളറ്റ്… അതാ എനിക്ക് മനസിലാകത്തെ.. ഭാസ്കരൻ നീരസത്തോടെ ചോദിച്ചു..

ഒരു ബുള്ളറ്റ് ഉണ്ടെങ്കിൽ മോൻ എല്ലാദിവസവും വീട്ടിൽ വരാം എന്നല്ലേ പറഞ്ഞേക്കുന്നെ.. തന്നെയുമല്ല അതവന്റെ വലിയ ഒരാഗ്രഹമല്ലേ.. അവനിപ്പോ എറണാകുളത്തു ടെക്നോ പാർക്കിൽ ജോലി കിട്ടിയതുകൊണ്ടല്ലേ വീട്ടിൽ നിന്നും പോയി വരാൻ പറ്റുന്നെ അപ്പോൾ അവന്റെ ആഗ്രഹം നമ്മൾ സാധിച്ചു കൊടുക്കണ്ടേ..
അല്ല പ്രസീതേ ഇതിപ്പോ പൈസക്ക് എന്നാ ചെയ്യും.. ചിട്ടി പിടിച്ച പൈസ എഴുപത്തി അയ്യായിരമല്ലേ ഉള്ളൂ.. അത് വീടിന്റെ ഓട് പൊളിച്ചു മേയാൻ നമ്മൾ കൂടിയ ചിട്ടിയല്ലേ അത് പിന്നെ ചെയ്യാം എന്നു വക്കാം.

ബാക്കിക്ക് എവിടെ പോകും.. നീ പറയുംപോലെ താലി മാല വിറ്റു ചെറുക്കന് ബുള്ളറ്റ് വാങ്ങാം എന്നൊക്കെ പറഞ്ഞാൽ എന്റെ പ്രെസീതേ ആളുകൾ കേട്ടാൽ എന്തു പറയും…
എന്റെ ചേട്ടാ ആൾക്കാർ പറയുന്നത് പറയട്ടെ നമ്മുടെ കുഞ്ഞിന് നമ്മൾ ഒരു ജന്മദിന സമ്മാനം കൊടുക്കുന്നു.. അതിപ്പോ കെട്ടുതാലി വിറ്റിട്ടാണോ, ലോൺ എടുത്തിട്ടാണോ എന്നൊന്നും നമ്മൾ ആരെയും ബോധ്യപെടുത്തണ്ട കാര്യമില്ല.. പ്രസീത തീരുമാനിച്ചുറപ്പിച്ച കാര്യം ഭർത്താവിനെ അറിയിച്ചു…

ഈ ശനിയാഴ്ച അവൻ വരുമ്പോൾ ജന്മദിന സമ്മാനമായി ഈ മുറ്റത്തു അവനു പുതിയ ബുള്ളറ്റ് ഉണ്ടാകണം. കൂത്താട്ടുകുളം ഓണം കുന്നുകാവ് ഭഗവതിയുടെ മുൻപിൽ കൊണ്ടുപോയി വണ്ടി പൂജിക്കാം. അന്നുതന്നെ കൂത്താട്ടുകുളം യൂദാ ശ്ലീഹായുടെ പള്ളിയിലും ഒന്നു കൊണ്ടുപോകാം.. പ്രസീത മകൻെറ ജന്മദിന സമ്മാനത്തിന് ഈശ്വരന്മാരുടെ അനുഗ്രഹം ഉറപ്പാക്കാൻ പറഞ്ഞു.
മുറ്റത്തു നിറയെ വീണുകിടക്കുന്ന മഹാഗണി മരത്തിന്റെ ഉണങ്ങിയ ഇലകൾ വാഴച്ചുവട്ടിൽ തണുപ്പു പറ്റാൻ കൂട്ടിയിടുമ്പോൾ ഇടവപ്പാതിക് മുൻപ് എങ്ങനെ ഓട് പൊളിച്ചു മേയാം എന്ന ചിന്തയിലായിരുന്നു ഭാസ്കരൻ.

കപ്പക്കാണെങ്കിൽ ഇപ്പോൾ തീരെ വിലയില്ല. ഉഴവൂർ ചന്തയിൽ കൊണ്ടുപോയി വിറ്റാൽ കിലോയ്ക്ക് പത്തു രൂപയിൽ കൂടുതൽ കിട്ടില്ല. ഏത്തക്കുലക്കാണെങ്കിൽ കിലോക്ക് പതിനഞ്ചു രൂപ വച്ച് കിട്ടിയാൽ ഭാഗ്യം എന്നു പറയാം.
ഇതിനിടയിലാണ് മോന് പുതിയ ബുള്ളറ്റ് വാങ്ങുന്ന കാര്യവുമായി പ്രസീത കടുംപിടുത്തം പിടിക്കുന്നത്.

ഈ മഹാഗണി മരങ്ങൾക്കാണെങ്കിൽ വിറകു വിലപോലും കിട്ടില്ല. അല്ലങ്കിൽ ഇതൊക്കെ വെട്ടി കൊടുക്കാമായിരുന്നു.. ഭാസ്‌ക്കരൻ ഇലപൊഴിഞ്ഞ മഹാഗണി മരങ്ങൾ നിറഞ്ഞ പറമ്പിൽ നിന്നും വിളഞ്ഞു പരുവമായി നിൽക്കുന്ന കപ്പക്കാലായിലേക്കു സങ്കോചത്തോടെ നടന്നു..
കല്യാണം കഴിച്ചു കഴിഞ്ഞാണ് താനൊരു സൈക്കിൾ സ്വന്തമായി പുതിയതു വാങ്ങിയത്. ആദ്യമായി പ്രസീതയുമായി ആ സൈക്കിളിൽ ഉഴവൂർ നിന്നു കൂടപ്പലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലേക്ക് പോയത് ഇന്നലെ എന്നപോലെ ഓർക്കുന്നു…

ഇതിപ്പോൾ മകന് പതിനെട്ടു കഴിഞ്ഞപ്പോൾ ബൈക്ക്.. ഇപ്പോൾ ഇരുപത്തി ഒന്നായപ്പോൾ ബുള്ളറ്റ്.. ഈ പിള്ളേർ ബൈക്കിൽ റോഡ് തൊടാതെ പറന്നു പോകുന്നത് കാണുമ്പോൾ ഉള്ളിൽ തീയാണ്.. കാരണം തന്റെ മകനും ബൈക്ക് കയ്യിൽ കിട്ടിയാൽ ഏതാണ്ട് വിമാനം പറപ്പിക്കുന്ന മട്ടിലാണ് പോക്ക്.. വിളഞ്ഞ വാഴക്കുലകളിലെ വിണ്ടു കീറുന്ന കായുകൾ നോക്കി ഭാസ്‌ക്കരൻ സങ്കടം നുണഞ്ഞു…

ചേട്ടാ ഞാൻ ബാങ്കിൽ പോയിട്ട് വേഗം വരാം.. നാളെത്തന്നെ നമുക്കു കോട്ടയത്തു ആ ബുള്ളറ്റ് കടയിൽ പോകണം.. അതിന്റെ പേര്.. ആ എൻഫീൽഡ് . അതു തന്നെ. ഈശ്വരാ പണയം വച്ചാൽ അറുപതിനായിരം കിട്ടിയാൽ മതിയായിരുന്നു… ലാഘവത്തോടെ താലിമാല പണയം വക്കാൻ പോകുന്ന ഭാര്യയുടെ വേവലാതി ഭാസ്കരൻ കേട്ടില്ലെന്നു നടിച്ചു..

രാത്രിയിൽ മച്ചിലേക്കു നോക്കി കിടക്കുമ്പോൾ പ്രസീത ഭർത്താവിനോട് ചോദിച്ചു..
താലിമാല പണയം വച്ചത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലേ..
സാരമില്ല നമുക്കു മോന്റെ സന്തോഷമല്ലേ വലുത്.. അവൻ പിറന്നാളിന് ഈ സമ്മാനം കിട്ടുമ്പോൾ അവന്റെ മുഖത്ത് തെളിയുന്ന ആ സന്തോഷം, ചിരി നമുക്ക് അതല്ലെ വലുത്.. മാല നമുക്ക് ആറുമാസം കഴിഞ്ഞു എടുക്കാമെന്നേ..
നീയാ ലൈറ്റ് കെടുത്തിക്കെ കറന്റ് ബില്ല് ഇതുവരെ അടച്ചിട്ടില്ല. ഭാസ്‌ക്കരൻ വിഷയത്തിൽ നിന്നും വഴുതി മാറി ഉറക്കത്തിലേക്കു തിരിഞ്ഞു..

പ്രസീത മകന്റെ മുഖത്തെ നിറഞ്ഞ സന്തോഷം മനസ്സിൽ കണ്ട് ഉറങ്ങാതെ തിരിഞ്ഞു കിടന്നു… പിറ്റേന്നു തന്നെ കോട്ടയത്തു ഷോറൂമിൽ പോയി ബുള്ളറ്റ് വാങ്ങി. കോവിഡ് കാലം ആയതിനാൽ നേരത്തെ ബുക്ക്‌ ചെയ്യേണ്ടിയൊന്നും വന്നില്ല. അടുത്ത വീട്ടിലെ രമേശിനെ ബുള്ളറ്റ് വീട്ടിൽ ഓടിച്ചു കൊണ്ട് വരാനായി കൊണ്ടുപോകാം എന് ഭാസ്കരൻ പറഞ്ഞെങ്കിലും പ്രസീത സമ്മതിച്ചില്ല..

വേണ്ട ആ വണ്ടി ഷോറൂംകാർ ഇവിടെ കൊണ്ടുത്തരും.. അതിൽ മോനല്ലാതെ വേറെ ആരും ആദ്യം ഓടിക്കണ്ട..
ശനിയാഴ്ച പ്രസീത നേരത്തെ ഉണർന്നു.. മകൻ വൈകിട്ട് നേരത്തെ വരും.. ഇന്നവന്റെ പിറന്നാളാണ്..അവനു പ്രിയപ്പെട്ട പാലട പ്രഥമൻ തയ്യാറാക്കണം. അവൻ ചോറു കഴിച്ചു തുടങ്ങിയ കാലം മുതൽ അവനു ഏറ്റവും പ്രിയപ്പെട്ട കൂർക്ക മെഴുക്കുപുരട്ടി ഒരു പിറന്നാളിന് പോലും മുടക്കാതെ തയ്യാറാക്കിയത് ഇന്നും തയ്യാറാക്കണം. നല്ല കൂർക്ക ഉഴവൂർ ചന്തയിൽ കിട്ടാഞ്ഞിട്ട് കൂത്താട്ടുകുളം ചന്തയിൽ പോയി വാങ്ങിയതാ .

എല്ലാം തയ്യാറായി ഇനി അവനിങ് വന്നാൽ മതി.. പ്രസീത മുറ്റത്തിറങ്ങി സാരിത്തലപ്പുകൊണ്ട് ബുള്ളറ്റിന്റെ ലൈറ്റിൽ ഒന്നു തുടച്ചു റോഡിലേക്ക് കണ്ണു നട്ടു..
ഭാസ്ക്കരേട്ടാ മോൻ ഇതുവരെ ഇങ്ങെത്താത്തതെന്തേ… വിളിച്ചിട്ടാണേൽ ഫോണും എടുക്കുന്നില്ല.പ്രസീത ആകുലപ്പെട്ടു .
സമയം വൈകുന്നേരം അഞ്ചു മണി. പ്രസീതയുടെയും, ഭാസ്കരന്റേയും മകൻ എറണാകുളത്തുനിന്നും അതിവേഗം ഉഴവൂർക്ക് ബൈക്കിൽ പറന്നു വരികയായിരുന്നു അതിവേഗം . അതി വേഗം..

പിറവം എത്തിയപ്പോൾ വലിയ ലോറിയെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു.ആ ഓവർ ടേക്ക് ജീവിതത്തിൽ നിന്നും ഉള്ള ഓവർ ടേക്ക് ആയി മാറി മരണം ആ സത്യം ആരെയും എപ്പോൾ വേണമെങ്കിലും ആലിംഗനം ചെയ്യാം.

ജന്മദിനത്തിൽ ഒരേയൊരു പൊന്നോമന മകനെ കൺപാർത്തിരിക്കുന്ന ഒരമ്മ.. അവനു പ്രിയപ്പെട്ട പാലട പ്രഥമനും, കൂർക്ക മെഴുക്കുപുരട്ടിയും തയ്യാറാക്കി.. അതിലൊക്കെ അപ്പുറം അവനു വലിയ സർപ്രൈസ് നൽകാൻ താലിമാല പണയപ്പെടുത്തി പുര പൊളിച്ചുമേയാൻ ഉള്ള പണം അതിനോട് ചേർത്തു പൊന്നോമന മകന് ബുള്ളറ്റ് വാങ്ങി അവനെ കാത്തിരിക്കുന്ന ഒരമ്മ.. അവൻ ഇനി ഒരിക്കലും ആ പിറന്നാൾ സമ്മാനം ഏറ്റുവാങ്ങാൻ വരില്ലന്നറിയാതെ..

സുനു വിജയൻ

By ivayana