രചന : മോഹൻദാസ് എവർഷൈൻ.

ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ നല്ല ക്ഷീണം തോന്നി…എന്നെ കണ്ടപ്പോൾ മൂസ്സ ചോദിച്ചു…
“ഇന്ന് നല്ല ഹ്യൂമിഡിറ്റി ആയിരുന്നു അല്ലെ!ഈ ചൂടിൽ വിയർപ്പും കൂടി ആയാൽ നീറി പുകയും, ഇന്ന് രവിയെ കണ്ടാൽ അറിയാം ചൂടിന്റെ കാഠിന്യം…”
ഞാൻ ഒന്ന് ചിരിച്ചു…
“ഒന്ന് കുളിക്കട്ടെ മൂസ്സാ… അപ്പോൾ ഈ ക്ഷീണം പമ്പ കടക്കും..”

ഞാൻ കുളിച്ചിറങ്ങുമ്പോൾ മൂസ്സാ നല്ലൊരു കോഫി വെച്ച് നീട്ടുമ്പോൾ സന്തോഷത്തോടെ വാങ്ങി മുത്തികുടിച്ചു..
“നീ ബാത്‌റൂമിൽ കയറിയപ്പോഴേ നിന്റെ ഫോൺ നിർത്താതെ റിങ് ചെയ്യുകയായിരുന്നു… നാട്ടിൽ നിന്നാണെന്നു തോന്നുന്നു “
ഞാൻ ഫോണെടുത്തു നോക്കുമ്പോൾ വീണ്ടും റിങ് ചെയ്തു…
“എന്താ ഇന്ന് ഇതുവരെ വിളിക്കാതിരുന്നത്?”..

മറുതലയ്ക്കൽ നിന്ന് അവളുടെ പരിഭവം കേട്ടപ്പോൾ മനസ്സിൽ ആശ്വാസത്തിന്റെ കുളിർകാറ്റ് വീശി…
“പിന്നേയ് ഇവിടെ മോള് അച്ഛനെ കാണണമെന്നുപറഞ്ഞു വലിയ ബഹളം “
“നീ ഫോൺ മോൾക്ക്‌ കൊടുക്ക് ഞാൻ അവളോട് ചോദിക്കട്ടെ..”
“എന്താ മോളെ പ്രശ്നം?.. മോൾക്ക്‌ അച്ഛനെ കാണണം അത്രയല്ലെയുള്ളൂ.. ഉടനെ അച്ഛനങ്ങു വരില്ലേ.. എന്റെ മോളെ കെട്ടിപ്പിടിച്ചു ചക്കര മുത്തം തരില്ലേ… ഇപ്പോൾ സന്തോഷം ആയോ?..”

അവളുടെ സന്തോഷം കലർന്ന ചിരിയും മുഖവും എനിക്ക് മനസ്സ് കൊണ്ട് കാണാം…
“അച്ഛാ പിന്നെ മോൾക്ക്‌ ഇപ്പോൾ അമ്പിളി മാമ്മനെ കാണാം.. അച്ഛന് കാണാൻ പറ്റോ ഇപ്പോൾ…”
“പിന്നെ… അച്ഛനും കാണാം..”ഞാൻ പറയുന്നത് കേട്ട് അവൾ തുള്ളി ചാടി….

“ഞാനെ അച്ഛന് തരാൻ ഒരുചക്കരയുമ്മ അമ്പിളി മാമ്മന് കൊടുക്കട്ടെ… അച്ഛൻ മേടിച്ചോ “…
“ശരിയെടി.. കിലുക്കാംപ്പെട്ടി..
ചക്കരയുമ്മ…”
“മോള് അമ്മയ്ക്ക് ഫോൺ കൊടുക്കോ?.”
” ഇന്നെന്താ വിളിക്കാൻ വൈകിയേ..? “.ആ ചോദ്യം അവൾ ആവർത്തിച്ചു.
“അതോ.. ഇന്ന് പതിവില്ലാതെ ഓവർടൈം ഉണ്ടായിരുന്നു… “.
“നിന്റെ കൈയിൽ ചിലവിനു കാശ് വല്ലതും
ബാക്കിയുണ്ടോ?”..

“കുഴപ്പമില്ല… അമ്മയ്ക്ക് പെൻഷൻ കിട്ടിയപ്പോൾ കുറച്ചു കാശ് എനിക്ക് തന്നത് കൈയിലുണ്ട്…”
“നോക്കട്ടെ ഞാൻ അയക്കാം.. നാട്ടിൽ നിന്ന് പുതിയ ആൾക്കാരെ കൊണ്ട് വരാൻ അറബി മുംബയ്ക്ക് പോയിരിക്കുന്നു .. തിരിച്ചു വന്നിട്ടേ ശമ്പളം കിട്ടുള്ളു.. അതാ!”..
“ഇവിടെ നല്ല ചൂട് തുടങ്ങി…ഒരു രക്ഷയും ഇല്ല..സൈറ്റിൽ നില്ക്കുന്നനേരം സകല ഈശ്വരമാരെയും അറിയാതെ വിളിച്ചു പോകും..”

“ചേട്ടൻ ഇനിയും അവിടെ കിടന്ന് കഷ്ടപ്പെടാതെ നാട്ടിൽ വന്ന് നില്കാൻ നോക്ക്… അവിടെ നില്കുന്തോറും ആവശ്യങ്ങൾ കൂടുകയല്ലാതെ ഒട്ടും കുറയില്ല.”
അവളുടെ സംസാരത്തിൽ ഇടറുന്ന ദുഃഖം നിറഞ്ഞിരുന്നത് ഞാനറിഞ്ഞു…

വിവാഹം എട്ട് വർഷം മുൻപ് കഴിഞ്ഞെങ്കിലും ജീവിച്ചത് കൂടുതലും വിരഹത്തിന്റെ മടിയിലായിരുന്നു….
“നീ വിഷമിക്കണ്ട.. അതൊക്കെ യഥാസമയം നടക്കും, ഞാൻ പിന്നെ വിളിയ്ക്കാം…”അതുപറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു… ഇതുപോലെ സംസാരം വഴിതിരിയുമ്പോൾ പെട്ടെന്ന് സ്കൂട്ടാകുന്നത് നല്ലതാണ്…
നാട്ടിൽ അച്ഛൻ വയ്യാതെ കിടപ്പിലായ് ജീവിതം ചോദ്യചിഹ്നമായി എന്നെ നോക്കിയപ്പോൾ പഠിത്തം പാതിവഴിയിലുപേക്ഷിച്ചു ഇവിടെ എത്തിയതാണ്…മനസ്സിൽ ഒരുപാട് പൂക്കളും ശലഭങ്ങളും ഉണ്ടായിരുന്ന സമയത്താണ് നാട്ടിലെ പച്ചതുരുത്തിനോട് യാത്ര പറഞ്ഞത്…

മകനെന്ന നിലയിൽ ഞാൻ ഒരു പരാജയം അല്ലെന്ന് മരിക്കുന്നതിന് മുൻപ് അച്ഛൻ മനസ്സിലാക്കിയിരുന്നു… എന്റെ കണ്ണുകൾ നിറയുമ്പോഴുംഎന്നെ ആശ്രയിക്കുന്നവരുടെ കണ്ണുകൾ നനയാതിരിക്കുവാൻ ഞാൻ ശ്രദ്ധിച്ചു… നമ്മൾ പ്രവാസികളുടെ കരുതലാണത്…
തിരിച്ചു റൂമിൽ കയറുമ്പോൾ മൂസ്സ ചോദിച്ചു…
“എന്താണ് നാട്ടിൽ വിശേഷം?. ഇന്നും മോളൂട്ടീ ബഹളം ഉണ്ടാക്കിയോ?”..

“ഏയ്‌ ഒന്നുമില്ല മൂസ്സ… ഇവിടുത്തെ വിഷമം പറഞ്ഞാൽ ഭാര്യ പറയും മതിയാക്കി ചെല്ലാൻ… നമ്മൾ കൂട്ടിയ കണക്കെല്ലാം പിഴയ്ക്കാതെ കൊണ്ട് പോകണ ബുദ്ധിമുട്ട് അവർക്കറിയോ?”..
“അതൊന്നും അവർക്ക് മനസ്സിലാവില്ലെന്നു നമുക്ക് തോന്നുന്നതാണ് രവി, ആ പാവങ്ങൾ എല്ലാം ഉള്ളിലൊതുക്കി നീറുന്നത് നമ്മൾ ശരിക്കും അറിയുന്നില്ലെന്നേ ഞാൻ പറയൂ!”.

ഞാനോർത്തു..മൂസ്സ പറയുന്നത് ശരിയാണ്…നമ്മളെ വിഷമിപ്പിക്കണ്ടാന്ന് കരുതി അവരുടെ ദുരിതങ്ങൾ ഉമിത്തീ പോലെ ഉള്ളിൽ ഒളിച്ചു വെയ്ക്കും അവർ….
“നാട്ടിൽ പോയി ഒന്ന് സെറ്റാകണമെന്ന് കിനാവ് കാണാത്ത ആരാ ഇവിടെ ഉള്ളത്?
ഓരോ ആവശ്യങ്ങള് വരുമ്പോൾ എല്ലാം നമ്മള് മാറ്റിവെയ്ക്കും!”മൂസ്സ പറയുമ്പോൾ അതിൽ ഓരോ പ്രവാസിയുടെയും നൊമ്പരം ഉള്ളതായി എനിക്ക് തോന്നി…
“മൂസ്സക്കറിയാമോ നമ്മൾ കാണിക്കുന്ന ഒരു കാരുണ്യവും ആരും തിരിച്ചു കാണിക്കില്ല….”

“ഞാൻ പെണ്ണുകാണാൻ ചെന്നപ്പോൾ മിനിയുടെ അച്ഛൻ ചോദിച്ചു.. “എന്താ നിങ്ങളുടെ ചോദ്യം?”.
അപ്പോൾ ഞാൻ പറഞ്ഞു… എന്റെ പെങ്ങന്മാരെ കെട്ടിച്ചയയ്ക്കുമ്പോൾ ഈ ചോദ്യങ്ങൾക്കു ഉത്തരം കൊടുത്താണ് എന്റെ അച്ഛൻ കടക്കാരനായി, കിടപ്പിലായത്!അതിന്റെ ബാക്കിപ്പത്രമാണ് എന്റെ പഠിപ്പും വഴിയിൽ കളഞ്ഞു ഞാൻ
പ്രവാസി ആയത്, ഇനി ഞാൻ കാരണം നിങ്ങളുടെ സ്വസ്ഥത കളയണ്ട.. നിങ്ങൾ കടം വരുത്തി,വിവാഹം ആഘോഷമാക്കാതെ പെണ്ണിനെ കെട്ടിച്ചു തരാൻ പറ്റുമോന്ന് ആലോചിക്ക് “…
അന്നങ്ങനെ ഞാൻ പറഞ്ഞെന്ന് കരുതി നാളെ നമ്മുക്കൊരു സഹായം വേണ്ടി വരുന്ന സമയത്ത് നമ്മുടെ കുട്ടികൾ പോലും അങ്ങനെ പറയുമെന്ന് തോന്നുന്നുണ്ടോ…

“പറയും രവി… കാലം മാറുകയാണ്…പിള്ളേർ നമ്മളെക്കാൾ ഒരുപാട് മുന്നിലാ.. പിന്നെ നമ്മള് പണ്ടത്തെ പഴങ്കഞ്ഞി കഥയും കൊണ്ട് ചെല്ലാതിരുന്നാൽ നമുക്ക് കൊള്ളാം…”
മൂസ്സയുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു പോയി…
ഫ്രിഡ്ജിൽ നിന്നും ഒരുകുപ്പി തണുത്ത വെള്ളമെടുത്ത് കുറച്ചു കുടിച്ചിട്ട് ബാക്കി മുഖം കഴുകി.. എന്തൊരു സുഖം ആ തണുപ്പിന്…
ജനൽ തുറന്ന് ഞാൻ ആകാശത്തേക്കു നോക്കി… അപ്പോഴും അമ്പിളി മാമ്മൻ ചിരിതൂകി അവിടെ നില്കുന്നുണ്ട്…ആരും കേൾക്കാതെ ഞാൻ ഒരു കൊച്ചുകുട്ടിയെ പോലെ ചോദിച്ചു.. എന്റെ പൊന്നുമോൾ തന്ന ചക്കരയുമ്മ എനിക്ക് തിരികെ തരൂ….

മോഹൻദാസ് എവർഷൈൻ

By ivayana