മെയ് രണ്ടിന് വോട്ടെണ്ണും...

കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു.ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

ദില്ലി വിഗ്യാൻ ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്. വിഷു, ബിഹു, ഹോളി, ദുഃഖവെള്ളി, റംസാൻ എന്നീ തീയതികളെല്ലാം കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപക് മിശ്ര ഐപിഎസ്സാണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തിൽ തീരുമാനിക്കും. പുഷ്പേന്ദ്ര കുമാർ പുനിയ കേരളത്തിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു. 

ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതിയുണ്ട്. 150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസറോട് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.തീയ്യതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വരും.

By ivayana