ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
രചന : ഹാഫിസ് ആഷിക് ❤️

പത്തേമുക്കാലിന്റെ ബസ്
പതിനൊന്നേകാലിന് വന്നന്നായിരുന്നു
സദ്ദാംമുക്കിലെ മാഞ്ചോട്ടിൽ
അയാളിറങ്ങിയത്
വലത്തേകാൽ മാങ്ങണ്ടിക്കൂട്ടത്തിലും
ഇടത്തേകാൽ കുട്ടേട്ടന്റെ
തട്ട്കടയിലും ചവിട്ടി
അയാൾ ചായക്ക് പറഞ്ഞു
ഒന്നല്ല,കടുപ്പത്തിൽ എട്ടെണ്ണം
പതിനാല് കണ്ണുകളിൽ
പതിനാലാം രാവിന്റെ പൊലിവ്
ചുവപ്പ് തലേകെട്ടും
പച്ച ജുബ്ബയും
കാവിത്തുണിയുമുടുത്ത
വരത്തന് നാട്ടുകാർ പേരിട്ടു
സകലകുലാവ്യാക്ക
വിരലായ വിരലിലെല്ലാം
വെള്ളി മോതിരങ്ങൾ
കൈതണ്ടയിൽ കെട്ടിയിട്ട
മരമുത്തിന്റെ തസ്ബീഹ്മാല
ഇടക്കിടെ വാറ് പൊട്ടുന്ന
നരച്ച് വെളുത്തൊരു അവായി
ഇതൊക്കെയായിരുന്നു
അയാളുടെ ആധാർ
കീറമാറാപ്പും തോളിലിട്ട്
സദ്ദാം മുക്കിലയാൾ തേനായൊഴുകി
ഔലിയാപ്പാന്റെ ആണ്ടുനേർച്ചയിൽ,
മലയൂരിലെ പള്ളിപ്പെരുന്നാളിൽ,
സർപ്പക്കാവിലെ ഉത്സവത്തിൽ
അയാൾ ചക്കരുട്ടായി ഉണ്ടാക്കി
കുട്ട്യോൾക്ക് വെറുതേം
കാർണോമാർക്ക് കായിക്കും
ഇതായിരുന്നത്രേ
സകലകുലാവ്യാക്കാന്റെ
കച്ചോടത്തിന്റെ മാനിഫെസ്റ്റോ
ഓരോ മോന്തിക്കും
മോര് പേന്തി
ഓരോരോ പീട്യേകൊലായില്
അയാളയാളെ ഉറക്കിക്കിടത്തും
കച്ചോടക്കാർക്കെല്ലാം
ബർക്കത്ത് കിട്ടാനാണത്രേ
മാറിമാറിക്കിടക്കുന്നത്
പത്തേമുക്കാലിന്റെ ബസ്
ബ്രേക്കിന് പോയന്ന്
സകലകുലാവ്യാക്ക പൊകയായിപ്പോയി
ബസ് ഉസാറാക്കി
പിറ്റ്യേന്ന് പത്തരക്കെത്തീട്ടും
സകലകുലാവ്യാക്കാനെ കണ്ടില്ല
കുറച്ച് കാലം
കുറേ ഉറുമ്പുകൾ മഫ്തിയിലുണ്ടായിരുന്നു
ചക്കരുട്ടായിയുടെ മധുരം
മറവിയുടെ മാറാപ്പിലായപ്പോൾ
ഒരു കറുത്തവാവിൽ
ഉറുമ്പുകൾ പലായനം ചെയ്തു
സകലനാട്ടിലുമന്ന്
നേരത്തേ നേരംവെളുത്തു
പത്രായപത്രത്തിലെല്ലാം
സകലകുലാവ്യാക്കന്റെ ഒരാഫ് ഫോട്ടം
ചക്കരുട്ടായിന്റെ വണ്ണത്തിലൊരു കുറിപ്പും
പാക് – മാവോയിസ്റ്റ് തീവ്രവാദി
സദ്ദാം മുക്കിലന്ന് വിളക്കണഞ്ഞപ്പോ
കുട്ട്യള് ഇമ്മാരോടും
ഇമ്മാര് പുത്യാപ്ലാരോടും ചോദിച്ചു
അപ്പോ മറ്റേ പകുത്യോ…

By ivayana