രചന : സൈനുദീൻ പാടൂർ.

കുറേ കാലമായി ഉഷ ആഗ്രഹിക്കുന്നു ഒന്നുകൂടി ദുബായിലെ ഭര്‍ത്താവിനരികിലേക്ക് പോകണം.
വിവാഹം കഴിഞ്ഞ നാളുകളില്‍ മകള്‍ക്ക് നാലുവയസ്സുവരെ അവിടെ തന്നെയായിരുന്നു താമസം. അന്ന് സ്വന്തമായ ബിസിനസ്സും തുടര്‍ന്നുള്ള തകര്‍ച്ചയുമാണ് അവരെ വീണ്ടും നാട്ടിലേക്കെത്തിച്ചത്.

ഭര്‍ത്താവ് നാരായണന്‍ ഒരു കമ്പനിയില്‍ ജോലിക്കാരനുമായി..
ഇതിനിടയില്‍ അനിയന് വീട് കൊടുത്ത് അവര്‍ വേറൊരു സ്ഥലവും , വീടും വാങ്ങി.അത് ബാങ്കീന്ന് ലോണെടുത്തുകൊണ്ടായിരുന്നു. ആ ലോണ്‍ ഒരു വിധം അടഞ്ഞു തീരുമ്പോളായിരുന്നു മകള്‍ക്ക് വിവാഹാലോചന വന്നതും വിവാഹത്തിനായി വീണ്ടും ലൊണെടുത്തതും..
മകളുടെ വിവാഹം കഴിഞ്ഞ് അവള്‍ക്ക് മകളുമായി അവളേയും അവളുടെ ഭര്‍ത്താവ് വിദേശത്തേക്കു കൂട്ടി കൊണ്ടുപോയി.വീട്ടില്‍ ഉഷയും രണ്ടാണ്‍മക്കളും അമ്മയും.

വീട്ടിലേക്കുള്ള ചിലവിനും ലോണടക്കാനുമായുള്ള നിശ്ചിത തുക മാത്രമായിരുന്നു നാരായണന്‍ അയച്ചു കൊണ്ടിരുന്നത്. നിശ്ചിത വരുമാനം മാത്രമായ നാരായണന്‍ തന്റെ സ്വകാര്യ ചിലവുകളെല്ലാം വെട്ടിച്ചുരുക്കിയായിരുന്നു അവര്‍ക്കൊരു കുറവും വരുത്താതെ നാട്ടിലേയ്ക്ക് പണമയച്ചു കൊണ്ടിരുന്നത്.
വര്‍ദ്ധിച്ചു വരുന്ന വീട്ടു ചിലവും , രണ്ടു കുട്ടികളുടെ പഠന ചിലവും പണത്തിന്റെ കുറവും ഉഷ അദ്ദേഹത്തോട് പറയുമ്പോള്‍ അദ്ദേഹം പറയുന്നതെന്നും കടങ്ങള്‍ വേറേയുമുണ്ട് അത് വീട്ടാന്‍ പോലും കഴിയുന്നില്ല , തന്നെയുമല്ല കൊറോണ കാരണം ശമ്പളവും വെട്ടി ചുരുക്കി. അയക്കുന്നതില്‍ ഒതുങ്ങി ജീവിക്കണം എന്നുമായിരുന്നു. ഈ ഒരു കാരണത്താല്‍ ഉഷ പലപ്പോഴും ഫോണ്‍ കട്ട് ചെയ്യുമായിരുന്നു.

ഉഷ ഒരിക്കലും തന്റെ ചേട്ടന് ശമ്പളം കുറവാണെന്ന് വിശ്വസിച്ചിരുന്നില്ല.
അക്കാരണം കൊണ്ടുതന്നെ ഉഷ തന്റെ ആങ്ങളമാരോ , മകളോ തനിക്കയച്ചു തരുന്ന പണത്തിന്റെ കാര്യം അദ്ദേഹത്തെ അറിയിക്കാറുമില്ല.അതുകൂടി അറിഞ്ഞാല്‍ ഇപ്പോള്‍ അയക്കുന്ന പണത്തില്‍ കുറവുവരുത്തിയാലോ എന്ന ചിന്തയായിരുന്നു ഉഷക്ക്.
കൊറോണ കാരണം ലീവ് ലഭിക്കാത്തതു കൊണ്ടായിരുന്നു.വര്‍ഷങ്ങള്‍ക്കു ശേഷം ചേട്ടന്റെ അരികെയെത്താന്‍ ഉഷക്ക് അവസരമൊരുക്കിയത്.

നാരായണനും കൂട്ടുകാരും താമസിച്ചിരുന്ന രണ്ടു റൂമും കിച്ചനുമുള്ള വീട് അവര്‍ക്കായി കമ്പനി നല്‍കുകയായിരുന്നു. ചെന്ന് കയറിയ ഉഷ കാണുന്നത് പഴയൊരു ടി വി.
രണ്ട് ബെഡ്ഡ് അതിലൊന്ന് കീറിപറിഞ്ഞത്. ഒരാള്‍ക്ക് കിടക്കാവുന്ന കട്ടില്‍. തറയില്‍ പായവാരിച്ച് അതില്‍ രണ്ട് കിടക്കയും ചേര്‍ത്തിട്ടാണ് അന്ന് അവര്‍ കിടന്നത്.
പിറ്റേന്നു രാവിലെ
അടുക്കളയില്‍ ചെന്നപ്പോഴാണ് മുന്‍പ് അവിടെ താമസിച്ചിരുന്നവര്‍ വാതിലില്‍ ഒട്ടിച്ച പേപ്പറില്‍ എഴുതിയത് വായിച്ചത്.

‘ആദ്യം കഴിക്കാന്‍ വരുന്നവര്‍ പിന്നീട് കഴിക്കാനുള്ളവരെ ഒാര്‍ക്കുക. മീനായാലും, ചിക്കനായാലും എല്ലാവര്‍ക്കും കിട്ടത്തക്ക രീതിയില്‍ എടുക്കുക ‘
ഇനിയും കഴിക്കണമെന്നു തോന്നിയാല്‍ തൊട്ടു പോവരുതെന്നു സാരം. ഉഷ മനസ്സില്‍ പറഞ്ഞു. ചായയുമായി റൂമിലെത്തിയ ഉഷ കാണുന്നത് ജോലിക്കു പോകാനായി പാന്റും ഷര്‍ട്ടും ധരിക്കുകയായിരുന്ന നാരായണനെയാണ്.
”ഒന്നും കഴിക്കാതെയാണോ പോണേ ”
” അങ്ങിനെയൊരു പതിവില്ല.ഈ ചായ തന്നെ ആദ്യാണ്.

കമ്പനിയിലെ ടീ കൗണ്ടറില്‍നിന്നും എന്തേലും കഴിക്കാറാണ് പതിവ്.”
” അന്ന് ഞാനൊക്കെ ഇവിടെ ഉള്ള കാലത്ത് എന്തേലും കഴിച്ചല്ലേ പോകുമായിരുന്നുള്ളൂ..?”
”അതൊരു കാലം,ഇതൊരുകാലം ”
വളരെ നല്ല രീതിയില്‍ ജീവിച്ചിരുന്ന ഒരാള്‍ എത്ര പെട്ടന്നാ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടേണ്ടി വന്നത്.

നാട്ടില്‍ വന്നാല്‍ ഒന്നിനും ഒരു പിശുക്കും കാണിക്കാത്ത മനുഷ്യന്‍ കടം വാങ്ങിയാണിതെല്ലാം ചെയ്യുന്നത് എന്നു പറയുമ്പോഴും ഉഷ വിശ്വസിച്ചിരുന്നില്ല.
”എന്തേ നീ കരേണേ ? ”
”ഒന്നുല്ല ചേട്ടാ പഴയ കാലം ഒാര്‍ത്തു പോയി..”
നിറകണ്ണുകളോടെ അദ്ദേഹത്തെ യാത്രയാക്കുമ്പോള്‍ ഫോണ്‍ ശബ്ദം കേട്ടാണ് ഫോണെടുത്തത്.ഒരു ഫോണ്‍ വാങ്ങുന്നതുവരെ ഈ ഫോണ്‍ നീ വെച്ചോ എന്നു പറഞ്ഞ് നാരായണനാണ് അത് ഉഷക്കു നല്‍കിയിരുന്നത്.

ഫോണില്‍ മെസ്സേജ് വന്നതായിരുന്നു.
സാലറി ഇട്ടതായുള്ള ബാങ്കിലെ മെസ്സേജ്.
വായിച്ചപ്പോഴേ ഉഷയുടെ നെഞ്ച് പിടഞ്ഞു.ശമ്പളം വെട്ടിച്ചുരിക്കി എന്നു ചേട്ടന്‍ പറഞ്ഞപ്പോള്‍ അന്ന് താന്‍ വിശ്വസിക്കാതിരുന്നത് എത്ര വലിയ തെറ്റായിരുന്നു എന്ന് ആ മെസ്സേജിലൂടെ ഉഷയറിഞ്ഞു..
ജീവിതച്ചിലവ് ചുരുക്കി എനിക്കും മക്കള്‍ക്കുമായി ജീവിക്കുന്ന ആ വലിയ മനസ്സിനെയാണല്ലോ ദെെവമേ ഞാന്‍ സംശയിച്ചത്
എന്റെ ഭാഗത്തു നിന്നും വലിയ തെറ്റ് സംഭവിച്ചിരിക്കുന്നു.പലപ്പോഴും മക്കളോട് ഉഷ പറഞ്ഞിരുന്നത് ഒാര്‍ത്തു പോയി.

” അച്ഛന് കിട്ടുന്ന പണമൊക്കെ പെങ്ങക്കും അനിയനും അയച്ചു കൊടുക്കേണ്.സ്വന്തം മക്കളെ സ്നേഹമില്ലാത്ത ഒരച്ഛന്‍ ”
അത് മക്കള്‍ക്കും അച്ഛനോടുള്ള ബഹുമാനം കുറച്ചു.
ചേട്ടന്‍ നല്‍കിയ കമ്പനി നമ്പറിലേക്ക് അപ്പോള്‍ തന്നെ ഉഷ വിളിച്ചു.അറബി സ്ത്രീയാണ് ഫോണെടുത്തത്..
നാരാണയേട്ടനെ വേണമെന്നു പറഞ്ഞപ്പോള്‍ അടുത്തു തന്നെ ഉണ്ടായിരുന്ന ചേട്ടന്‍ ഫോണെടുത്തു.

” ചേട്ടാ ഉഷയാണ് ഒന്ന് ഇവിടെ വരെ വരോ ”
വെപ്രാളപ്പെട്ട് ഒാടി വന്ന ചേട്ടനെ കെട്ടിപ്പിടിച്ച് ആ മാറിലേക്ക് ഉഷ വീണു.. ശബ്ദം വിറയിലിന്റേതായി..
” ചേട്ടാ എനിക്ക് മാപ്പ് നല്‍കണം..ഞാനിവിടെ വന്നില്ലായിരുന്നു എങ്കില്‍
ഞങ്ങള്‍ക്കുവേണ്ടി ഉരുകി തീരുന്ന ഈ ഹൃദയം കാണാതെ പോയേനേ…

ഇത്രയേറെ സ്നേഹിക്കുന്ന ഒരാളെയാണ് ദെെവം എനിക്കായി തന്നത് എന്നറിയാതെ പോകുമായിരുന്നു.”
അപ്പോഴും കാര്യമെന്തന്നറിയാതെ ഉഷയുടെ മുഖത്തേക്കുതന്നെ നോക്കി നില്‍ക്കുകയായിരുന്നു നാരായണന്‍.

സൈനുദീൻ പാടൂർ

By ivayana