പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസർമാരും മാർച്ച് 15,16 തീയതികളിൽ പണിമുടക്കും. ഒൻപത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല- സ്വകാര്യ- വിദേശ- ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. ഇതോടെ നാലു ദിവസം ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കും. 11 ന് ശിവരാത്രി അവധിയും 13, 14 ശനി, ഞായർ അവധിയുമാണ്.

മാർച്ച് എട്ടിനും 12നും പ്രതിഷേധ മാസ്ക് ധരിച്ചാണ് ബാങ്ക് ജീവനക്കാർ ജോലിക്ക് എത്തുകയെന്ന് യുഎഫ്ബിയു സംസ്ഥാന കൺവീനർ സി ഡി ജോസൺ അറിയിച്ചു. വിവിധ തീയതികളിലായി ജില്ലാ- ടൗൺതല ധർണകളും 12ന് റാലികളും നടക്കും. പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനി സ്വകാര്യവൽക്കരിക്കുമെന്ന തീരുമാനത്തിനെതിരെ മാർച്ച് 17ന് ജനറൽ ഇൻഷുറൻസ് ജീവനക്കാർ പണിമുടക്കും. എൽഐസി ഓഹരി വിൽപനക്കെതിരെ ജീവനക്കാർ മാർച്ച് 18ന് പണിമുടക്കും. മാർച്ച് 13 മുതൽ 16വരെ ബാങ്കിംഗ് മേഖലയും 17,18 തീയതികളിലായി ഇൻഷുറൻസ് മേഖലയും സ്തംഭിക്കുന്ന സാഹചര്യമൊഴിവാക്കാൻ കേന്ദ്ര സർക്കാർ സ്വകാര്യ വൽക്കരണ ആവശ്യത്തിൽ നിന്ന് പിന്മാറണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.

ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ഉപഭോക്താക്കളോട് ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ അതനുസരിച്ച് ആസൂത്രണം ചെയ്യാൻ നിർദ്ദേശിക്കുന്നു. എന്നിരുന്നാലും, എല്ലാ ബാങ്കിംഗ് ഇടപാടുകളും മറ്റ് കാര്യങ്ങളും ചെയ്യാൻ അവർക്ക് ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കാം.

By ivayana