Vaisakhan Thampi

നിങ്ങളെ ഒരു ജീവി മാന്തിയെന്നിരിക്കട്ടെ, അത് പൂച്ചയോ പട്ടിയോ ഒക്കെയാവാം. നിങ്ങളുടെ സ്വന്തം വളർത്തുമൃഗമാണ്, കളിതമാശയുടെ ഭാഗമായി പറ്റിയതാണ്. പേവിഷബാധയുടെ സാധ്യത വളരെ കുറവാണ് എന്ന് നിങ്ങൾക്കിയാം. എന്നാലും കുത്തിവെപ്പെടുക്കേണ്ടതുണ്ടോ എന്നറിയാൻ നിങ്ങൾ പരിചയമുള്ള ഒരു ഡോക്ടറെ വിളിച്ച് ചോദിക്കാൻ തീരുമാനിക്കുന്നു.

എന്താകും നിങ്ങളുടെ പ്രതീക്ഷ? ഡോക്ടർ സാഹചര്യം മൊത്തം ചോദിച്ച് മനസ്സിലാക്കി, കുത്തിവെപ്പെടുക്കേണ്ട ആവശ്യമുണ്ടെങ്കിൽ അത് ചെയ്യാനും, ഇല്ലെങ്കിൽ ചെയ്യേണ്ടതില്ലെന്നും നിർദ്ദേശിക്കും എന്നാണോ?
പേടിക്കേണ്ട, ഡോക്ടർ നിങ്ങളോട് ഇൻജക്ഷൻ എടുക്കാൻ തന്നെ പറയാനാണ് സാധ്യത. അപകടസാധ്യത വളരെ കുറവാണെന്ന് അറിയാമെങ്കിലും, ഒരു ഡോക്ടർ കൂടി പറഞ്ഞാൽ പിന്നെ ഇൻജക്ഷൻ എടുക്കുന്ന മെനക്കേട് ധൈര്യമായി ഒഴിവാക്കാമല്ലോ എന്നാകും ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നത്. പക്ഷേ എടുത്തേ പറ്റൂ എന്നാകും ഡോക്ടർ നിർദ്ദേശിക്കുന്നത്.

കാരണം, അപായസാധ്യത 0.0001% ആയാൽ പോലും അതിന്റെ ഉത്തരവാദിത്വം സ്വന്തം തലയിൽ വരാൻ ഒരു ഡോക്ടറും ആഗ്രഹിക്കില്ല. അതുപോലെ “ഒന്ന് തെന്നിവീണു, കാൽവണ്ണയിൽ ചെറിയ നീരുണ്ട്, എന്തേലും ചെയ്യേണ്ടതുണ്ടോ?” എന്ന് ചോദിച്ചാലും എക്സ്റേയും എടുത്തുനോക്കി, ഒരു സ്ലാബും ഇട്ട് രണ്ടാഴ്ച റെസ്റ്റെടുക്കാനായിരിക്കും മിക്കവാറും ഉപദേശം കിട്ടുക. കാരണം, അവരുടെ ഭാഗത്തുനിന്നുള്ള ഒരു തെറ്റായ ഉപദേശം കാരണം നിങ്ങൾക്ക് ഒരു ദോഷവും വരരുത് എന്നവർ ചിന്തിക്കും. വെറുതേ ഒരു റേബീസ് ഇഞ്ചക്ഷൻ എടുത്താലോ, വെറുതേ എക്സ്റേ എടുത്താലോ ഉണ്ടാകുന്ന അസൗകര്യം താരതമ്യേന എത്രയോ ചെറുതാണല്ലോ.

ഇത്രയും പറഞ്ഞത് മറ്റൊരു കാര്യത്തിലേയ്ക്ക് വരാനാണ്. എന്തേലും രോഗലക്ഷണം കണ്ടാൽ ഉടനേ അതേപ്പറ്റി ഗൂഗിൾ സെർച്ച് ചെയ്യുന്നവരുണ്ട്. മെഡിക്കൽ നിർദ്ദേശങ്ങൾ മിക്കവാറും ഏറ്റവും ചെറിയ റിസ്ക് പോലും ഒഴിവാക്കണം എന്ന മട്ടിലായിരിക്കും എന്നോർക്കണം. അത് ഒരു പ്രത്യേക വ്യക്തിയോട് പറയുന്നതിനെക്കാൾ ഗൗരവമാണ് പൊതുവായി പറയുമ്പോൾ. കാരണം ആരൊക്കെ ഏതൊക്കെ സാഹചര്യങ്ങളിലാണ് അത് പിൻതുടരാൻ ശ്രമിക്കുന്നത് എന്ന് പറയുന്ന ആളിന് അറിയില്ല. അതുകൊണ്ടാകണം, ഇന്റർനെറ്റിൽ കൈമുട്ട് ചൊറിഞ്ഞുനീറുന്നതിന്റെ കാരണം അന്വേഷിച്ചാൽ മിക്കവാറും സ്കിൻ ക്യാൻസറാണ് എന്ന നിഗമനത്തിൽ നിങ്ങളെത്തിച്ചേരും! ഇങ്ങനെ ക്യാൻസറും എയ്ഡ്സുമൊക്കെ സ്വയം ഉറപ്പിച്ച് നീറിപ്പുകഞ്ഞ് നടന്നശേഷം, നേരിട്ട് ഡോക്ടറെ കണ്ട് ഒരാഴ്ചത്തെ ഓയിൻമെന്റിലോ ഒരു ഗുളികയിലോ സമ്പൂർണ സുഖം നേടിയ ആളുകളെ ഒരുപാട് അറിയാം.

കാരണമെന്താ, പല നിസ്സാര അസുഖങ്ങൾക്കും ഗുരുതരമായ രോഗങ്ങൾക്കും പൊതുവായ ലക്ഷണങ്ങൾ ഉണ്ടാകാം. അപ്പോ ആ ലക്ഷണങ്ങളുടെ അർത്ഥത്തെ കുറിച്ച് എഴുതുന്ന ഒരാൾ ഒരിക്കലും ഗുരുതരമായ സാധ്യതകളെ അവഗണിക്കില്ല.
ഇപ്പറഞ്ഞതിനർത്ഥം ലക്ഷണങ്ങളെ അവഗണിക്കണം എന്നല്ല. ഗൂഗിളല്ല ഡോക്ടർ എന്ന് മാത്രമാണ്. എന്തെങ്കിലും സംശയം തോന്നിയാൽ ഗൂഗിളിൽ തപ്പി ആധി കയറ്റുന്നതിന് പകരം നേരേ ഒരു ഡോക്ടറെ പോയി കാണുക.

By ivayana