രചന : തോമസ് കാവാലം

കോഴി കൂകിയോ? എത്ര പ്രാവശ്യം?
കോഴി കൂകിയോ മൂന്നു പ്രാവശ്യം?
നിൻ മൊഴി മറന്നുപോയതെന്തേ, പ്രഭോ,
നിൻവഴിവിട്ടു നടന്ന ഭീരു ഞാൻ.?

ഏഴല്ലെഴുപതു നാഴികയ്‌ക്കിപ്പുറം
പിഴയ്ക്കില്ല നാവെന്നു വഴിയേ പറയവേ
തോഴിയെ കണ്ടതും മൊഴിമാറ്റി പറഞ്ഞു ഞാൻ
തള്ളിപ്പറഞ്ഞു തഴഞ്ഞൊഴിഞ്ഞു നിന്നെ.

കഴിഞ്ഞ കാലങ്ങളിൽ ഭയമകറ്റുവാൻ
തുഴഞ്ഞു ഞാൻവന്ന തോണിയിൽ കയറി നീ
അടുത്ത ഊഴത്തിനു വലയെറിയുവാൻ
ജീവൻ ഉഴിഞ്ഞുവച്ചെന്നഴലിൽ കഴിഞ്ഞു നീ.

കേഴുവാൻ തലതാഴ്ത്തി മിഴികൾ പൂട്ടി ഞാൻ
താഴേയ്ക്കു ചുടുനീർ രണ്ടു വീഴ്ത്തവേ
വാഴ്വിന്നുടയൻ തഴുകിയെൻ മൈലിയിൽ
മെഴുകുപോലുരുകി തേങ്ങിയെൻഹൃദയം.

ഊഴിയിൽ, കത്തുന്ന ദുന്ദുഭിയ്ക്കുകീഴെ
ഏറെ പരത്തുന്നനിഴൽകണക്കെ ഞാൻ
നിന്റെ പാദത്തിൻ കീഴിലെ പാറപോൽ
കഴിയട്ടെ താഴ്മയിൽ പഴിപറയാതിന്നു ഞാൻ.

തോമസ് കാവാലം

By ivayana