രചന : ശ്രീരേഖ എസ്

തളർന്ന മിഴിയുമായ് കാത്തിരിപ്പൂ
മക്കൾ വരുന്നുണ്ടോയെന്ന്
മിഴി നിറഞ്ഞാലുമിമ ചിമ്മാതെ
മക്കളെയും നോക്കിയിരിപ്പൂ..

വർഷമൊന്നു കഴിഞ്ഞിട്ടും കണ്ടില്ല
വർത്തമാനങ്ങളൊന്നുമേയില്ല
കെട്ടിപിടിച്ചൊന്നു മുത്തം കൊടുക്കാൻ
നെഞ്ചകം വല്ലാതെ വിങ്ങുന്നല്ലോ.

ഇത്രയും നാളവർക്കായി ജീവിച്ചു,
കണക്കുകളൊന്നുമേ കൂട്ടിയില്ല
കഷ്ടപ്പാടേതുമേയറിയാതിരിക്കാൻ
ഉള്ളിലടക്കിയെല്ലാ നൊമ്പരവും..!

പണ്ടവർ തമ്മിലടിപിടികൂടുമ്പോൾ
കുസൃതിക്കളിയായി കണ്ടുനിന്നു.
ഇന്നവർ സ്വത്തിനായ് പിടിവലിയായി,
തൻകാര്യം മാത്രം നോക്കുന്നോരായി.

സമയമില്ലിന്നാർക്കും മിണ്ടുവാൻപോലും
പണത്തിനായി ഓടിത്തളരുവല്ലോ..!
പണവുമുണ്ടാക്കി കിതച്ചു വരുമ്പോൾ
സ്വന്തവും ബന്ധവുമന്യമായി..!

വൃദ്ധസദനങ്ങളേറുമീ കാലത്ത്
കഷ്ടനഷ്ടങ്ങൾക്ക് സ്ഥാനമില്ല
ആവുന്നകാലത്തേ ചിന്തിച്ചീടേണം നാം
നാളത്തെ വാസമെവിടെയെന്ന്‌..?

ശ്രീരേഖ എസ്

By ivayana