രചന : വിനോദ് കൊല്ലങ്കോട്.

ഞാൻ പഠിച്ചൊരാ വാണിജ്യ തന്ത്രങ്ങൾ
നീ പഠിച്ച വിദ്യാലത്തിൽ നിന്നാണെടോ !
അറുതി തീർക്കുന്ന കർക്കിടകത്തിലും
പൊരുതി ഞാനൊരു വ്യാപാരിയെ പോലെ
“രണ്ട് മാപ്പില ഒരു മുറി പെൻസിൽ “
ഉച്ച പൊട്ടുന്ന രീതിയിൽ വിളിക്കവേ..
ഒന്ന് രണ്ട് മൂന്നെത്തി കൂട്ടുകാർ
സ്ലേറ്റ് മായ്ച്ചിടാൻ മാപ്പില ചോദിച്ചു.
കൊച്ചു കൈയ്യാൽ പിഴുതൊരു മാപ്പില
പുഞ്ചിരിച്ചു ഞാൻ കൂട്ടർക്കു നൽകവേ,
മൂടുകീറിയ നീല നിറമുള്ള നിക്കറും ,
വീർത്തു നിറയുന്നു കല്ലു പെൻസിലാൽ.
വിശപ്പ് കൊണ്ടെന്റെ ഉദരം കേഴവേ
നിറഞ്ഞ കണ്ണിനാൽ ചുറ്റിലും പരതുന്നു.
വിശപ്പിനെക്കാൾ എന്തുണ്ട് ഭൂമിയിൽ
ശമിച്ചിടാനായ് പെൻസിലു തിന്നു ഞാൻ
നിമിഷ നേരം കൊണ്ടെന്റെ പുറത്തൊരു
നടനമാടിയാ ചൂരലിൽ താണ്ഡവം ,
പരുക്കനായൊരു നോട്ടെമെറിഞ്ഞെന്റെ
അടുത്തു നിൽക്കുന്നു പ്രധാനധ്യാപകൻ
കലിപ്പു കൊണ്ടന്റെ കവിളിൽ പിടിച്ചിട്ട്
തിന്ന പെൻസിലിൻ ശിഷ്ടവും തുപ്പിച്ചു
കരഞ്ഞു ഞാനാ കാൽകളിൽ കിടക്കവേ
കരുതലോടെ പിടിക്കുന്നു അധ്യാപകൻ
മുഖത്ത് നോക്കി മനസ്സിലാക്കീടുന്നുവോ
വിശപ്പെരിച്ചൊരാ കുഞ്ഞു വയറിനെ
മൂടുകീറിയ നീല നിറമുള്ള നിക്കറും
പാതി കീറിയ ഷർട്ടിന്റെ പോക്കറ്റും
കണ്ട് കണ്ടെന്റെ അധ്യാപകൻ
കണ്ണടച്ചെന്നെ ചേർത്ത് പിടിക്കവേ
കണ്ണിൽ നിന്നുമുതിർന്നൊരാ കണ്ണുനീർ
കല്ലു പെൻസിൽ നനയിക്കുന്നിപ്പോഴും.

By ivayana