രചന : മോഹൻദാസ് എവർഷൈൻ.

എനിക്കൊരു സംശയം…
ഈ ക്വട്ടേഷൻ, ക്വട്ടേഷൻ എന്ന് പറയുന്നത് എന്നാ തുടങ്ങിയതെന്ന് നിങ്ങൾക്കറിയുമോ? “
രാവിലെ ജയന്റെ ചോദ്യം കേട്ട് എല്ലാവരും അവനെ നോക്കി.
“എന്റെ മുഖത്തോട്ട് നോക്കാനല്ല ചോദ്യം, നിങ്ങൾക്കും ഉത്തരം പറയാം. “ജയൻ ആൽത്തറയിൽ തന്നോടൊപ്പമിരിക്കുന്ന
കൂട്ടുകാരോട് പറഞ്ഞത് കേട്ടപ്പോൾ അടുത്ത് ബീഡിയും പുകച്ചു നിന്ന വാസവൻ പറഞ്ഞു..

“പിള്ളേരെ നിങ്ങള് വേറെ പണി നോക്ക്.. ഇവൻ രാവിലെ ഡ്രൈ അടിച്ചിട്ടുള്ള വിടലാ ഇതൊക്കെ.. “
“എടാ ജയാ നിനക്കിത്തിരി വെള്ളം ചേർത്ത് അടിച്ചൂടെ… നമുക്കെങ്കിലും ഒരു സമാധാനം കിട്ടുമല്ലോ!”
“ദേ.. വാസവ രാവിലെ എന്റെ വായിരിക്കണ കേക്കെണ്ടെങ്കിൽ മിണ്ടാതെ നിന്നോ?”
“ഡ്രൈ…. മാങ്ങാത്തൊലി…രണ്ട് ദിവസമായി ഒരു തുള്ളി തൊട്ടിട്ട് “..
“ഈ മാസത്തെ ക്വട്ടാ കഴിഞ്ഞു.. അവള്

എ.ടി.എം കാർഡും, ക്രെഡിറ്റ്‌ കാർഡും ജപ്തി ചെയ്തു വെച്ചു”!
“ശമ്പളം കിട്ടണത് മുഴുവൻ വീട്ടിൽ പൂഴ്ത്തി വെച്ചിട്ട് ഓസ്സിന് അടിയ്ക്കാൻ നടക്കണ ഇവന്മാരെ കൊണ്ട് ആർക്കും ഒരു ഗുണോമില്ലതാനും..”
ഇത് കേട്ട് വാസവൻ ചിരിച്ചു…
“എടാ നീ അല്ലെ കമ്പനിയ്ക്കെന്നും പറഞ്ഞു അവരെകൂടി ചുമന്നോണ്ട് പോണത്?”
“ഏതിനും അവള് ചുണയുള്ള പെണ്ണാ, അല്ലെങ്കിൽ നിന്റെ സ്വഭാവം വെച്ച് നീ ആ കിടപ്പാടോം വിറ്റു കുടിച്ചേനെ….!. “

“വാസവാ എനിക്കവളെ പേടിയാണെന്നാ അവളുടെ വിചാരം.. സംഗതി അതൊന്നും അല്ല.ആ കുരുത്തം കെട്ടവളെ എനിക്ക് ജീവനാ.. അതാ ഞാൻ തോറ്റു കൊടുക്കുന്നത്, അതൊരു സുഖമാ…!”
“എടാ അതൊക്കെ നമുക്കറിയാം… നീ രാവിലെ സെന്റി അടിയ്ക്കാതെ കാര്യം പറയ്..”
“എടാ ഞാൻ എന്തോന്നാ പറഞ്ഞു വന്നത്? മറന്നല്ലോ!”. ജയൻ നീട്ടി വളർത്തിയ താടിയിൽ വലിച്ചു പിടിച്ചു ഓർമ്മിക്കുവാൻ ഒരു ശ്രമം നടത്തി..
അപ്പോൾ ആൽത്തറയിലിരുന്ന് രഘു പറഞ്ഞു..

“നീ ഏതോ ക്വട്ടേഷന്റെ കാര്യമാ പറഞ്ഞത്…”
“അതെ, അത് തന്നെ…”
“എടാ നമ്മുടെ തൊടിയിലെ ചന്ദ്രൻ ഇല്ലേ..
അവനെ ആരോ ഇന്നലെ രാത്രിയിൽ എടുത്തിട്ട് പെരുമാറി… ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് “.
വാസവൻ കയ്യിലിരുന്ന മുറി ബീഡി ഒന്നുകൂടിആഞ്ഞ് വലിച്ചിട്ട്
ദേഷ്യത്തോടെ വലിച്ചെറിഞ്ഞു.

“ആരാന്ന് വല്ല പിടിയും കിട്ടിയോ ?.”
വാസവന്റെ ചോദ്യത്തിൽ അരിശം നിറഞ്ഞിരുന്നു..
“അതല്ലേ കഷ്ടം!. ഈ അടിച്ചവന്മാരെ ഇതിന് മുൻപ് പുള്ളിക്കാരൻ കണ്ടിട്ടേ ഇല്ല…”
“എല്ലാവർക്കും സംശയം ആരോ ക്വട്ടേഷൻ കൊടുത്തു
ചെയ്ച്ചതാണെന്നാണ്!”
“ക്വട്ടേഷനോ?. രഘു ചോദിച്ചു!.

“എടാ ഈ ക്വട്ടേഷൻ പരിപാടി പണ്ടേ ഉള്ള ഏർപ്പാട് ആണ്!. പണ്ട് നമ്മൾ സ്കൂളിൽ പഠിക്കണ കാലത്ത് നമ്മുടെ രക്ഷകർത്താക്കൾ സ്കൂളിലെ മാഷിനെ കാണുമ്പോൾ എന്താ പറയുക,?”.
“മാഷേ അവന് നല്ല അടികൊടുത്തു പഠിപ്പിക്കണേയെന്ന് “..
“അതാണ് നമുക്ക് ആദ്യം കിട്ടുന്ന ക്വട്ടേ ഷൻ “!
“വാസവ ജയൻ പറയണേ കാര്യമുണ്ട് കേട്ടാ.. വെറുതെ അളിയനെ സംശയിക്കരുത്….”രഘു പറഞ്ഞപ്പോൾ
എല്ലാവരും പൊട്ടി ചിരിച്ചു…
“സത്യം പറയെടാ മൂന്നു ദിവസം മുൻപ് നീ ഏതാ അടിച്ചു നിർത്തിയത്? ഇതുവരെ പിടുത്തം വിട്ടില്ലല്ലോ!”….
വാസവൻ പറഞ്ഞത് കേട്ട് വീണ്ടും ചിരി ഉയർന്നു .

മോഹൻദാസ് എവർഷൈൻ.

By ivayana