അരുൺ പെരിങ്ങോടൻ.

“മയിൽപ്പീലിയെ സ്നേഹിക്കുന്ന എന്‍റെ പ്രണയിനിക്ക്,…..
അറിയാതെ അടുത്ത് പോയവരാണ് നമ്മള്‍ , അറിയാതെ തോന്നിയൊരിഷ്ടം, അതിനെ എന്ത് പേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല. ഒരു ജന്മ-ജന്മാന്തര ബന്ധം പോലെ നീ എന്നിലേക്ക് കടന്നുവന്നു .

എന്‍റ പ്രണയം എന്നും നിനക്കായ് മാത്രം ഉള്ളതായിരുന്നു, ഒരു പക്ഷെ നീ തിരിച്ചറിയാതെ പോയതും അതാകാം . ആര്‍ക്കും പിടികൊടുക്കാതെ ഞാന്‍ കാത്തുസൂക്ഷിച്ച ഒന്നായിരുന്നു എന്‍റെ പ്രണയം, ഒരു പക്ഷെ നിന്നോട് പോലും എനിക്ക് തുറന്നു പറയാന്‍ മടിയായിരുന്നു.
ജീവിതത്തില്‍ പറയാതെ പോയതും അറിയാതെ പോയതുമായ പ്രേമത്തിനു മാധുര്യമേറുമെങ്കില്‍, പ്രിയേ ആ മാധുര്യത്തോടെ ഞാനിന്ന് നിനക്കായി എഴുതുന്നു എന്‍റെ ഹൃദയാക്ഷരങ്ങളില്‍ നിനക്കായൊരു ഒരു പ്രണയലേഖനം.

പലവട്ടം നീ എന്നോട് പ്രണയം ആണെന്ന്, പല രീതിയില്‍ പറഞ്ഞപ്പോഴും ഞാന്‍ ഒന്നു മറിയാത്തവനെ പോലെ ഒഴിഞ്ഞു മാറി. എന്നാല്‍ നീ അറിയുന്നുവോ, നിന്നെ ഞാന്‍ എന്നെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നു.

നിന്‍റെ മനോഹരമായ കണ്ണുകളില്‍ എന്നെ കാണുമ്പോള്‍ സന്തോഷം വിടരുന്നതും പിന്നീടു അത് നിരാശയായി മാറുന്നതും ഞാന്‍ കണ്ടിരുന്നു. നീ അറിയാതെ നിന്നെ ശ്രദ്ധിക്കാനും നീ ശ്രദ്ധിക്കുമ്പോള്‍ ഒന്നുമറിയാത്തവനെപ്പോലെ ഒഴിഞ്ഞു മാറാനും ഞാന്‍ ശ്രമിച്ചു.
കാത്തിരുന്ന വർഷങ്ങൾക്കും , കൈവിട്ടു പോയ കാലത്തിനും കുറുകെ നടന്ന് നമുക്ക് പകരം വീട്ടാം. കടലിലെതിര എണ്ണാനും മേഘങ്ങളേ സ്വന്തമാക്കാനും ഇനിയും നമുക്ക് കഴിയും.
നമുക്ക് നക്ഷത്രങ്ങളെ പോലെയാവാം, അവ ആർക്കുവേണ്ടിയും അല്ല ഉദിക്കുന്നത്, ആരോടും അവയ്ക്ക് പക്ഷപാതവും ഇല്ല.

സത്യസന്ധമായ പ്രണയം എന്നും അങ്ങനെയാണ്. എത്ര വേർപെടുത്തിയാലും അവ ഒരിക്കലെന്നെങ്കിലും കൂടിച്ചേരും.
ഇനിയും എന്റ പ്രണയത്തിന്റ ചില്ലകൾ പൂക്കുമെന്ന എന്നിലെ വിശ്വാസം നിനക്കും തുണ ആവട്ടെ …
ഈ കത്തെങ്കിലും നിന്റ കൈയിലെത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. ഇനിയുള്ള നാളെകൾ നമ്മുടെ പ്രണയത്തിന്റ വസന്തോത്സവത്തിൻറെതാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
സ്വന്തം
സസ്നേഹം
റിനൂപ്….

എഴുതിയത് ഒരാവർത്തി വായിച്ച ശേഷം അവൻ അത് വേറൊരു പേപ്പറിലേക്ക് മാറ്റി എഴുതി.
അവനെപ്പോഴും അങ്ങിനെയാണ് പുസ്തകത്തിൽ ഒരു കോപ്പി ബാക്കി വെച്ച് പേപ്പറില്‍ പകർത്തി കൊണ്ട് പോകും.
അന്ന് കലാലയ ജീവിതത്തിൻറെ അവസാനം കുറിക്കുന്ന സുദിനം. ചുവപ്പ് പരവതാനി വിരിച്ച പൂമരച്ചോട്ടിൽ അവന്‍ ഏകനായി കാത്തിരുന്നു. ഏത് ആൾക്കൂട്ടത്തിലും അവന്‍ തിരിച്ചറിയാറുളള അവളുടെ പാദസര കിലുക്കത്തിനായി കാതോർത്ത്… അവളുടെ പിൻവിളിക്കായ് കാതോർത്ത്…
എന്നാല്‍ ക്യാമ്പസിലെ അവസാന കുരുവിയും പറന്നു
പോയിട്ടും അവള്‍ മാത്രം വന്നില്ല. ദുഃഖം കൊണ്ട് കനം വെച്ച ഹൃദയവുമായി റിനൂപ് വീട്ടിലേക്ക് നടന്നു.

വീട്ടില്‍ എത്തിയ ഉടനെ അവന്‍ തന്റ മുറിയില്‍ കയറി വാതിലടച്ചു.
പതിവില്ലാത്ത ഏട്ടന്റ ഈ പ്രവൃത്തി ശ്രദ്ധിച്ച അനിയത്തി ശാലിനി ഏട്ടന്റ മുറിയുടെ മുന്നിലേക്കോടി ചെന്നു.
“ഏട്ടാ വാതില്‍ തുറന്നേ” അവള്‍ കതകിൽ തട്ടി വിളിച്ചു. അകത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.

അവള്‍ വീണ്ടും വീണ്ടും കതകിൽ തട്ടി എങ്കിലും അവൻ കതക് തുറക്കാൻ തയ്യാറായില്ല. അവളുടെ നിരന്തര ശ്രമത്തിന് ഒടുവില്‍ കതക് തുറക്കപ്പെട്ടു .
കതക് തുറന്നിട്ട് അവന്‍ കട്ടിലില്‍ ചെന്നിരുന്നു പിന്നാലെ അവളും അവന്റ അടുത്ത് ചെന്നിരുന്നു.
ശാലിനി അവന്റ തോളില്‍ കയ്യിട്ടു
“എന്താ പറ്റിയെ എന്റ ഏട്ടന്” അവള്‍ കൊഞ്ചിക്കൊണ്ട് ചോദിച്ചു.
അവന്‍ ഒന്നും മിണ്ടിയില്ല.
“എന്തായാലും എന്നോട് പറയൂ ഏട്ടാ” അവള്‍ ചിണുങ്ങി.
അവന്‍ നിശബ്ദതയുടെ തോട് പൊട്ടിച്ച് പുറത്തു വരാന്‍ അപ്പോഴും തയ്യാറായില്ല. അവന്‍ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി പോയി.
“എവിടെ പോവ്വാ ഏട്ടാ” അവള്‍ പിന്നാലെ ഓടി ചെന്നു.
“എവിടേം പോന്നില്ല, കുറച്ചു നേരം എവിടേലും തനിച്ചിരിക്കട്ടേ” റിനൂപ് അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു.

ശാലിനി റിനൂപിൻറെ മുറിയിലേക്ക് തന്നെ മടങ്ങി. അവൾ മുറിയിൽ ചെന്നു ഫാന്‍ ഓണ്‍ ചെയത് കട്ടിലില്‍ ചെന്നിരുന്നു. ഫാനിന്‍റെ കാറ്റില്‍ ഒരു കടലാസ് അവളുടെ മുന്നിലേക്ക് പറന്നു വന്നു. അതൊരു പ്രണയലേഖനമായിരുന്നു.
കടലാസിലെ വരികളിലൂടെ അവള്‍ കണ്ണുകള്‍ പായിച്ചു. ആ കത്തു വായിച്ചു തീരുമ്പോഴേക്കും അവള്‍ക്ക് തന്‍റെ ഏട്ടന്‍റെ പ്രശ്നമെന്താണെന്ന് മനസിലായിരുന്നു. വേറെ കത്തുകള്‍ ഉണ്ടോ എന്നറിയാനായി അവള്‍ ഏട്ടന്‍റെ പുസ്തക കെട്ടുകള്‍ക്കിടയില്‍ വെറുതേ തിരഞ്ഞു. ഒടുവില്‍ അവന്‍റെ എല്ലാ പ്രണയലേഖനങ്ങളും അടങ്ങിയ ഒരു പുസ്തകം അവള്‍ക്ക് കിട്ടി. അതുമായി അവള്‍ തന്‍റെ റൂമിലേക്ക് പോയി.

അവള്‍ കിടന്നും ഇരുന്നും ആ പ്രണയ ലേഖനങ്ങള്‍ വായിച്ചു. വായിച്ചു കൊണ്ടിരിക്കെ ഒരുവേള ആ പ്രണയിനി താനെയിരുന്നെങ്കില്‍ എന്നു പോലും അവള്‍ ചിന്തിച്ചു പോയി. ഏട്ടന് തന്നേക്കാളും ഇഷ്ടം
മറ്റൊരു പെണ്ണിനെ ആണെന്ന് മനസിലാക്കി കുശുമ്പെടുത്തു. ശാലിനിയുടെ മനസ്സ് ചരട്പൊട്ടിയ പട്ടം കണക്കെ പാറി നടന്നു.
പോകെ പോകെ ആ നായികക്ക് ഒരു രൂപം വേണമെന്ന് അവൾക്ക് തോന്നി.. ആ കത്തുകളിലെ വര്‍ണ്ണനകളിലൂടെ വീണ്ടും വീണ്ടും കടന്നു പോയപ്പോള്‍ ഒരു മുഖം അവളുടെ മനസില്‍ തെളിഞ്ഞു വന്നു. അവളത് ഒരു കടലാസിലേക്ക് പകര്‍ത്തി.
“ചേട്ടാ ഇതാണോ എന്‍റെ ചേട്ടത്തി” വീട്ടിലേക്ക് കയറി വരുന്ന റിനൂപിന്‍റെ മുന്നിലേക്ക് താന്‍ വരച്ച ചിത്രം നീട്ടിക്കൊണ്ട് ശാലിനി ചോദിച്ചു.

“ഇതെങ്ങനെ നീ…” റിനൂപിന് വാക്കുകള്‍ കിട്ടിയില്ല. അവളുടെ ഫോട്ടോ നോക്കി വരച്ചതു പോലെ ആയിരുന്നൂ ആ ചിത്രം.
ശാലിനി അവന്‍ എഴുതിയ പ്രണയ ലേഖനങ്ങളുടെ പുസ്തകം കാണിച്ചു കൊടുത്തു.
“ചേച്ചിയെ കുറിച്ചെല്ലാം ഇതിലുണ്ടല്ലോ, കടലാസിലേക്ക് പകര്‍ത്തണ്ട പണിയേ എനിക്കുണ്ടായുള്ളൂ” അവൾ അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് നിന്നു.
അവന്‍റെ കണ്ണ് നിറഞ്ഞു.
“എല്ലാം ശെരിയാകും ഏട്ടന്‍ സമാധാനിക്ക്. ഏട്ടന്റ സ്നേഹം ചേച്ചി തിരിച്ചറിയാതിരിക്കില്ല “
അവൾ അവനെ സമാധാനിപ്പിച്ചു .
അവളുടെ സമാധാന വാക്കുകള്‍ കേട്ട് അവന് തെല്ല് ആശ്വാസമായി.
അവന്റ മനസിലേക്ക് അവളുടെ നക്ഷത്ര കണ്ണുകള്‍ ഓടിയെത്തി. ആ നക്ഷത്ര കണ്ണുകള്‍ അവനെ സമാശ്വസിപ്പിച്ചു.

“ഏട്ടാ ഇറങ്ങാറായില്ലേ” ശാലിനി റിനൂപിന്‍റെ റൂമിലേക്ക് കയറിക്കൊണ്ട് ചോദിച്ചു.
“ആഹാ ഈ ചിത്രോം പിടിച്ചോണ്ട് ഇങ്ങനെ ഇരുന്നാ മതിയോ ജോലിക്കൊന്നും പോകണ്ടേ”?”
കട്ടിലില്‍ ഒരു തുണ്ട് പേപ്പറില്‍ വരച്ച ചിത്രവും പിടിച്ചിരുന്ന റിനൂപ് തലയുയര്‍ത്തി ശാലിനിയെ നോക്കി.

അവള്‍ ആ ചിത്രം അവന്‍റെ കൈയില്‍ നിന്നും പിടിച്ചു വാങ്ങി നോക്കി.
“ഏട്ടാ ഈ ചിത്രം മങ്ങിത്തുടങ്ങിയിരിക്കുന്നു. ചേച്ചിയുടെ ഓര്‍മ്മയും ഇതോടൊപ്പം മങ്ങിത്തുടങ്ങിയോ? വര്‍ഷം ഒന്നു കഴിഞ്ഞില്ലേ തമ്മില്‍ കണ്ടിട്ട്”.
“അതെനിക്കീ ജന്മം കഴിയില്ല. എന്‍റെ ഹൃദയത്തില്‍ വരച്ച അവളുടെ ചിത്രത്തിന് ഒരിക്കലും മങ്ങലേല്‍ക്കില്ല” അവന്‍ അത് പറഞ്ഞപ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“ചേച്ചിയെ നമുക്ക് കണ്ടുപിടിക്കാം, ഞാനും അന്വേഷിക്കാം, ഈ ചിത്രം എന്‍റെ കൈയില്‍ ഇരിക്കട്ടെ”
അവളാ ചിത്രം തൻറെ ബാഗില്‍ വെച്ചു.

“ഏട്ടാ വേഗം ഇറങ്ങ് എന്നെ ഇന്നും ബസ്സ് സ്റ്റോപ്പില്‍ ട്രോപ്പ് ചെയ്യണം. എന്‍റെ സ്കൂട്ടര്‍ നന്നാക്കി കിട്ടിയില്ല . വേഗം വരണട്ടോ” എന്നും പറഞ്ഞ് അവള്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയി.
“ഞാന്‍ കോളേജില്‍ കൊണ്ടു വിടാം” ബസ്സ് സ്റ്റോപ്പ് എത്താറായപ്പോള്‍ റിനൂപ് പറഞ്ഞു.
“എന്നെ സറ്റോപ്പില്‍ ഇറക്കിയാ മതി ഞാന്‍ ബസ്സില്‍ പോയ്ക്കോളാം. വെറുതെ ഓഫീസില്‍ എത്താന്‍ വൈകണ്ട”.
അവളത് പറഞ്ഞപ്പോഴാണ് ഓഫീസിൽ വൈകി എത്തിയാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവൻ ഓർത്തത്.
ശാലിനിയെ ബസ്സ് സ്റ്റോപ്പില്‍ ഇറക്കി അവന്‍ ഓഫിസിലേക്ക് കുതിച്ചു.

അന്നും അവന്‍ വൈകിയാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഹൈവേയിലൂടെ ബൈക്ക് അതിവേഗം പായിച്ച് പോകവെ ബ്രേക്ക്ഡൗണ്‍ ആയ ബസ്സിനരികിലായ് അവള്‍ (അവന്റ പ്രണയിനി ) നിൽക്കുന്നത് അവന്റ ശ്രദ്ധയിൽ പെട്ടു.
ഒട്ടും ആലോചിച്ചു സമയം കളയാതെ അവളുടെ അടുത്തായി അവന്‍ ബൈക്ക് കൊണ്ട് നിര്‍ത്തി.
അവൾ അവനോട് പുഞ്ചിരിച്ചു.

“ഞാന്‍ കണ്ണൂര്‍ ടൌണിലേക്കാ കേറിക്കോ കാള്‍ടാക്സില്‍ ഇറക്കാം”.
അവള്‍ ഒന്നും മിണ്ടാതെ ബൈക്കിനു പുറകില്‍ കയറി ഇരുന്നു.
ബൈക്ക് പതിയെ ആണവന്‍ ഓടിച്ചത്. രണ്ടൂ പേരും ഒന്നും സംസാരിച്ചില്ല.
വനിതാ കോളേജിന് മുന്നിലെത്തിയപ്പോള്‍ അവള്‍ പറഞ്ഞു.
“ഇവിടെ നിര്‍ത്തിയാ മതി ഇവിടെയാ ഞാൻ പഠിക്കുന്നത്”. അവന്‍ വണ്ടി ഒതുക്കി. അവള്‍ പുഞ്ചിരിച്ചു കൊണ്ട് നടന്നകന്നു.

അവള്‍ കോളേജ് ഗെയ്റ്റ് കടന്നു പോകുന്നതും നോക്കി അവന്‍ ബൈക്കില്‍ ഇരുന്നു. ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടവള്‍ നടന്നകന്നു.
അവള്‍ കാണാമറയത്തായപ്പോഴാണ് അവന്‍ ഓര്‍ത്തത് ഒന്നും ചോദിച്ചില്ലല്ലോ എന്ന്. അവന് വല്ലാത്ത നഷ്ട ബോധം തോന്നി.
ഇത്ര അടുത്തു കിട്ടിയിട്ടും അവളോടൊന്നും മിണ്ടാന്‍ കഴിയാതെ പോയത് അവനെ വല്ലാതെ അസ്വസ്ഥനാക്കി.

വൈകിട്ട് അവന്‍ ഓഫീസില്‍ നിന്ന് നേരത്തേ ഇറങ്ങി. വനിതാ കോളേജിന് മുന്നിലെ ബസ്റ്റോപ്പില്‍ വെറുതെ കണ്ണോടിച്ചുകൊണ്ട് പതിയെ ബൈക്കോടിച്ചു. പക്ഷെ അവളെ അവിടെങ്ങും കാണാനായില്ല. നിരാശയോടെ അവന്‍ വണ്ടിയുടെ വേഗം കൂട്ടി.
പുതിയതെരു എത്തിയപ്പൊള്‍ അവള്‍ ബസ്സിറങ്ങി റോഡരികിലൂടെ നടന്നു പോകുന്നത് അവന്‍ കണ്ടു.

അവനത് വിശ്വസിക്കാനായില്ല.
സന്തേഷത്തോടെ അവൻ അവള്‍ക്കരികിലായ് വണ്ടി ഒതുക്കി.
“ഇവിടെയെവിടാ നിന്‍റെ വീട്?” അവനത് ചോദിച്ചപ്പോഴാണ് അവളവനെ കണ്ടത്.
അവരുടെ കണ്ണുകള്‍ തമ്മിടിടഞ്ഞു. അവർ കണ്ണും കണ്ണും നോക്കി ആ റോഡരികിൽ സ്ഥലകാല ബോധം നഷ്ടപ്പെട്ടു നിന്നു.
അവരൊന്നും സംസാരിക്കാതെ രണ്ട് വഴിക്ക് പിരിഞ്ഞു. അവളുടെ കണ്ണുകള്‍ എന്നും അവനെ അവളോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കി കൊണ്ടേയിരുന്നു.
പിറ്റേന്ന് അവന്‍ നേരത്തെ തന്നെ പുതിയതെരു ബസ്സ് സ്റ്റോപ്പില്‍ ബൈക്കുമായ് കാത്തിരുന്നു.
നീല പാവാടയും മെറുൺ ടോപ്പും അണിഞ്ഞ്, ഇടതു തോളില്‍ ചുവന്ന ബാഗും വലതു കൈയ്യില്‍ കുടയുമായി അവള്‍ നടന്നു വരുന്നത് അവന്‍ കണ്ടു. ആ വേഷത്തില്‍ അവള്‍ വളരെ സുന്ദരിയായിരുന്നു. അവന്‍റെ മനസില്‍ ആഹ്ലാദം തിരതല്ലി.

റിനൂപിനെ കണ്ടതും അവള്‍ പുഞ്ചിരിച്ച് കൊണ്ട് അവനരികിലേക്ക് നടന്നു വന്നു.
അവന്‍ ബൈക്കില്‍ കയറാന്‍ പറഞ്ഞപ്പോള്‍ യാതൊരു മടിയും കൂടാതെ അവള്‍ കയറി ഇരുന്നു.
കോളേജിനു മുന്നില്‍ എത്തും വരെ ഇരുവരും ഒന്നും സംസാരിച്ചില്ല.
വണ്ടിയില്‍ നിന്നിറങ്ങിയ ശേഷം അവള്‍ ബാഗില്‍ നിന്നും ഒരു കവറെടുത്ത് അവനു നീട്ടി.
വെള്ള നിറത്തിലുള്ള ഭംഗിയുള്ള ആ കവര്‍ വിറക്കുന്ന കൈകളോടെ അവൻ തുറന്നു.
അതൊരു കല്യാണ-ക്ഷണക്കത്തായിരുന്നു. അവന്‍റെ മുഖം വിളറി.
അതില്‍ എഴുതിയത് അവന്‍ വായിച്ചു.

“അപര്‍ണ്ണ വെഡ്സ് സുദീപ്” അവന്‍റെ കണ്ണു നിറഞ്ഞു തുളുമ്പി. അവിൻറെ മനസ്സ് വിങ്ങി പൊട്ടി.
പിന്നില്‍ നിന്നും അശ്ശരീരി പോലെ അവള്‍ മൊഴിഞ്ഞു.
“എന്‍റെ ചേച്ചിയുടെ കല്യാണമാണ് നീ വരണം”. മഴക്കാറൊഴിഞ്ഞ് വെയില്‍ വരും പോലെ അവന്‍റെ മുഖം തെളിഞ്ഞു.
“ചേച്ചീടെ കല്യാണമായിരുന്നോ ഞാന്‍ കരുതി…” അവന് വാക്കുകള്‍ മുറിഞ്ഞു.
“എന്‍റെത് ആയിരിക്കുമെന്നല്ലേ? ഇതുവരെ എന്‍റെ പേരു പോലും അറിയില്ലല്ലേ?” അവള്‍ ചോദിച്ചപ്പോള്‍ അവന്‍റെ ഉത്തരം മുട്ടി. പ്രണയിക്കുന്ന പെണ്ണിന്റെ പേരുപൊലും അറിയാത്ത കാമുകൻ. ആരും അറിയാതെ പ്രണയിക്കുന്ന പെണ്ണ് പോലും അറിയാതെ അങ്ങനെ എത്രയോ പ്രണയങ്ങൾ ഈ ഭൂമി മലയാളത്തിൽ.

“എന്‍റെ പേര് അനുപമ
ചേച്ചീടെ പേരാണ് അപര്‍ണ്ണ. ഞങ്ങളുടെ വീട് പാനൂര് ഇനി എന്താ അറിയണ്ടേ” അവള്‍ അവനോട് ചോദിച്ചു.
“അപ്പോള്‍ പുതിയതെരു ആരാ ഉള്ളത്” അവന്‍ ചോദിച്ചു.
“അമ്മാവന്‍റെ വീടാണ്. കോളേജിൽ വരാനുള്ള സൗകര്യത്തിന് ഇവിടെ നിൽക്കുന്നതാ… എന്നാ ഞാന്‍ പോട്ടെ, ഇനി എന്തേലും ചോദിക്കാനുണ്ടോ? ” അവള്‍ പോകാനായ് തിരിഞ്ഞു.
“ഒന്നു നില്‍ക്കു ഒരു കാര്യം പറയാനുണ്ട്”
എന്താ പറഞ്ഞോളൂ…
അവള്‍ തിരിഞ്ഞു നിന്നു പുഞ്ചിരിച്ചു.

“അവന്‍ പെട്ടന്ന് കീശയില്‍ കിടന്ന പ്രണയലേഖനമെടുത്ത് അവള്‍ക്ക് നേരെ നീട്ടി.
” എനിക്ക് പറയാനുളളതെല്ലാം ഈ കത്തിലുണ്ട് വായിച്ച് ഒരു മറുപടി തരണം”
അവളത് വാങ്ങി നടുവെ മടക്കി പിച്ചി ചീന്തി എറിഞ്ഞു.
“ഇനിയും നിർത്താറായില്ലേ ഈ പ്രേമലേഖനം എഴുത്ത്..?”
അവന് തല കറങ്ങുന്നത് പോലെ തോന്നി. പെട്ടെന്ന് അനുപമ അവന്റെ കൈയ്യിൽ കയറി പിടിച്ചു.
“ തല കറങ്ങണ്ട, നിനക്ക് പറയാനുള്ളത് അറിയാൻ എനിക്കീ കടലാസ് തുണ്ട് വായിക്കേണ്ട ആവശ്യമില്ല. എനിക്കീ കണ്ണുകളിൽ കാണാം, നീ എനിക്ക് തരാതെ പോയ എല്ലാ കത്തുകളും എനിക്ക് നിൻറെ കണ്ണുകളിൽ വായിക്കാം.” അത് പറഞ്ഞ് അവളൊന്ന് നിർത്തി.

“കാത്തിരുന്ന വർഷങ്ങൾക്കും , കൈവിട്ടു പോയ കാലത്തിനും കുറുകെ നടന്ന് നമുക്ക് പകരം വീട്ടാം. കടലിലെതിര എണ്ണാനും മേഘങ്ങളേ സ്വന്തമാക്കാനും ഇനിയും നമുക്ക് കഴിയും.” അവൾ പറഞ്ഞത് കേട്ട് അവൻ ശ്വാസം പോലുമെടുക്കാൻ മറന്നു പോയി.
‘ഇതെങ്ങനെ നീ….” അവന് വാക്കുകളൊന്നും തിരഞ്ഞു കിട്ടിയില്ല.
“അതൊരു മാജിക്കാണെന്ന് കരുതിക്കോ… എടൊ, നിൻറെ അനിയത്തിയെ ഇന്നലെ കണ്ടിരുന്നു. അവളുടെ സ്കൂട്ടറിലാണ് ഞാനിന്നലെ പുതിയതെരു വരെ പോയത്. നീ എന്നെ കാണുമ്പോൾ പ്രണയലേഖനത്തിൻറെ ബുക്ക് എന്റെ കൈയ്യിൽ ഉണ്ടായിരുന്നു.
ഇന്നെന്നെ ബസ്സ് സ്റ്റോപ്പിനടുത്തുള്ള വളവവിൽ കൊണ്ടെത്തിക്കുമ്പോൾ നീ ഇന്നെഴുതിയ കത്തിൻറെ കോപ്പിയും തന്ന് വിടാൻ അവൾ മറന്നില്ല. അവളെ പോലെ ഒരു അനിയത്തിയെ കിട്ടിയ താന് ഭാഗ്യവാനാ”.

അവള്‍ ഒരു കടലാസ് റിനൂപിന് നല്‍കി. അവൻ ബുക്കിൽ എഴുതി വെച്ച പ്രേമലേഖനം ചീന്തിയെടുത്തതായിരുന്നു അത്.
“റിനുവിനെ ഒരായിരം ഇഷ്ടം” എന്ന് അനുപമയുടെ കൈപ്പടയിലെ എഴുത്ത് കണ്ട് അവന് രോമാഞ്ചമായി.
അത് വായിച്ചു കൊണ്ട് അവളെ നോക്കിയപ്പോൾ നാണം കോണ്ടവളുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു.

“വൈകിട്ട് കാണാം , ഞാനൊരു കത്ത് അനിയത്തിയെ ഏൽപ്പിച്ചിട്ടുണ്ട്” എന്നും പറഞ്ഞ് അവൾ കോളേജിലേക്ക് കയറി പോയപ്പോൾ, അവളെഴുതിയ പ്രണയലേഖനം വായിക്കാനായി അവൻ വീട്ടിലേക്കു വണ്ടി ഓടിക്കുകയായിരുന്നു.
കണ്ണുകൾ കഥപറയുന്ന പ്രണയതീരത്ത് കണ്ണിമവെട്ടാതെ കണ്ണും കണ്ണും നോക്കി ഇരിക്കുന്നുണ്ട് അവരിന്നും.

By ivayana