രചന : പവിത്രൻ തീക്കുനി.

അതിസാഹസികമായി
കുറച്ച് മീനുകൾ
കരയിലേക്ക്
നുഴഞ്ഞു കയറി;
മണ്ണിരകളുടെ
മുറ്റത്തെത്തി.
ഭയന്നു വിറച്ച മണ്ണിരകളുടെ
കണ്ണുകളിൽ നോക്കി
മീനുകൾ പറഞ്ഞു;
“കൊത്തി വിഴുങ്ങാൻ വന്നതല്ല
ഉന്മൂലനം ചെയ്യാനും വന്നതല്ല
നമ്മൾ രണ്ടുകൂട്ടരും
ഇരകളാണ് “
അപ്പോൾ
രാത്രി ഏറേ വൈകിയിരുന്നു
മണ്ണിരകളുടെ ശ്വാസകോശങ്ങളിൽ
ചെറിയ വെളിച്ചം പടർന്നു
മീനുകൾ തുടർന്നു;
“നിങ്ങൾ കോർക്കപ്പെടുന്നവർ
ഞങ്ങൾ കുരുക്കപ്പെടുന്നവർ
ഇരകൾ പരസ്പരം തിരിച്ചറിയണം
ഒരുമിക്കണം
പക്ഷെ
നിങ്ങൾ എന്നും വേട്ടക്കാരുടെ സഹായികളാവുന്നു
അങ്ങനെയാവരുത്
ഈ ഈർപ്പപ്പുറ്റുകൾ ഉപേക്ഷിച്ച്
നിങ്ങൾ
ഉഷ്ണസ്ഥലികളിലേക്ക് പോകണം
സംഘടിക്കണം”
കുറെ മണ്ണിരകൾ
തലയാട്ടി
പൊടുന്നനെ മഴ പെയ്തു
മുറ്റത്ത് രക്തചാലുകൾ മുളച്ചു
മീനുകളും
രാത്രിയും
എങ്ങോ
അപ്രത്യക്ഷമായി.

By ivayana