രചന : ബീഗം

അലമുറയിട്ട സ്വപ്നങ്ങളിൽ
അരുമ മകളിൻ അലറിക്കരച്ചിൽ
ഒരു നനു സ്പർശമായുള്ളിൽ കിടക്കവെ
ഒരു നറുപുഞ്ചിരിയേകിയമ്മ തൻ താരാട്ടും
ഈ മകൾ വേണ്ടെന്നു വിധിക്കുന്നു നിർദയം
ഇരന്നു കേഴുന്നു പാലൂട്ടാൻ മാനസം
അമ്മതൻ നേത്രമൊഴുക്കുന്ന ചുടുകണ്ണീർ
ആറിത്തണുക്കാതെ ഉദരത്തിലും
പിച്ചവെച്ചമ്മക്കരികിലായെത്തുന്ന
പച്ച പിടിച്ച കിനാക്കൾ മയങ്ങവേ
ചുട്ടുപഴുപ്പിച്ച ലോഹത്തിൻ വീണപോൽ
ചുട്ടെരിച്ചു മമ മോഹത്തിൻ തുള്ളികൾ
അരുതേയെന്നലറിക്കരയവേ
അടക്കിച്ചിരിക്കുന്നു ആണിനെ പെറ്റവർ
തുടയിലൂടൊഴുകുന്ന ചുടുചോര
തുടച്ചു നീക്കുമ്പോളിന്നില്ല തീണ്ടലും
വേർപെട്ടു പോകുന്ന കുഞ്ഞിളം കൈകൾ
വിധി മാറ്റിക്കളയുന്ന കൊഞ്ചലുകൾ
കുഞ്ഞിളം വായിലിറ്റിറ്റു നൽകീ
കുഞ്ഞുജീവൻ തുടിപ്പിനായ് തുള്ളികൾ
ഉയിരു വേർപെട്ടു പോകുവാൻ
ഉള്ളിൽ വിസമ്മതത്തിൻ വിഷദ്രവം
വീടിൻ വിളക്കാണു പെണ്ണെന്നു
വിഡ്ഢിത്തം പുലമ്പുമവിവേകികൾ
പെൺഭ്രൂണഹത്യ പെരുകുന്ന നാട്ടിൽ
പെണ്ണിൻ തേങ്ങലാരറിയുവാൻ?

ബീഗം

By ivayana