Anas Kannur

വേദനയിൽ പിടയുമ്പോഴും ഞാൻ നിങ്ങളോടു ഒന്ന് ചോദിക്കട്ടെ..? “നിങ്ങൾക്കൊക്കോ സുഖമാണോ”

ഈ എഴുത്തു ഒരു ഓർമ്മപ്പെടുത്തൽ അല്ല എങ്കിലും വായനക്കാർക്ക് ഒരു ഓർമ്മപ്പെടുത്തലായും സന്ദേശമായും എങ്ങിനെയും എടുക്കാം വലിയ ലോകത്തിലെ ഈ ചെറിയ ജീവിതത്തിലെ നമ്മുടെ പല തിക്താനുഭവങ്ങളും പലർക്കും വായന എന്നതിന് അപ്പുറം അനുഭവങ്ങൾ പോലേ നമ്മുക്ക് സാക്ഷ്യപെടുത്താൻ സാധിക്കണം.. ഒരു മുഖവുര ഇല്ലാതെ തന്നെ വിഷയത്തിലേക്ക് വരാം..

‘പ്രവാസം..ഒരുവിധത്തിൽ പറഞ്ഞാൽ പടി പടി ആയി മരണത്തെ സ്വയം കൈവരിക്കുന്ന ആത്മഹത്യ തന്നെയാണ് സുഖലോലുപതയിൽ വിരാജിക്കുന്ന ന്യൂനപക്ഷത്തെ മാറ്റിനിർത്തിയാൽ ബാക്കി വരുന്ന സാധാരണക്കാർക്ക് ഇഞ്ചിഞ്ചായുള്ള മരണമാണ് പ്രവാസം ആരോ പറഞ്ഞതുപോലെ മെഴുകുതിരികൾക്ക് തീ കൊളുത്തുമ്പോൾ അറിയാം ഉരുകി ഒലിക്കുമെന്നു എന്നാലും മറ്റുള്ളവർക്ക് പ്രകാശം നൽകാൻ സ്വയം തയ്യാറാവുന്നു സ്വയം ഉരുകി തീരുന്ന ജീവിതങ്ങൾ എന്നിരുന്നാലും പ്രവാസം നൽകുന്ന സൗഭാഗ്യങ്ങളെ ഒരിക്കലും വിസ്മരിക്കാൻ സാധിക്കില്ല..

ഏറ്റവും കൂടുതൽ മനസ്സ് മടുത്തുപോവുന്ന ചില നിമിഷങ്ങളുണ്ട് പ്രവാസ ജീവിതത്തിൽ അതിൽ ഏറ്റവും അധികഠിനമായ അവസ്ഥ എന്നത് നമുക്ക് അസുഖം വരുമ്പോഴാണ് കൂട്ടമായി താമസിക്കുന്നവർക്ക് ചില കുറവുകൾ ഉണ്ടാകുമെങ്കിലും വലിയ വിഷയം ഇല്ല കാരണം ജോലി തിരക്കിനിടയിലും കൂട്ടുകാർ സഹായത്തിനുണ്ടാകും ജോലിയുടെ സാഹചര്യം കൊണ്ട് തനിച്ചു താമസിക്കാൻ വിധിക്കപ്പെട്ടവരാണ് എപ്പോഴും ഒറ്റപ്പെടുന്നത്.

കഴിഞ്ഞ തവണ കുറച്ചു ദിവസം എനിക്ക് ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു എല്ലാവിധ ആധുനിക സൗകര്യങ്ങൾ ഉണ്ടെങ്കിലും വയ്യാത്തപ്പോൾ കൂടെ നില്ക്കാൻ ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയ ദിനരാത്രങ്ങൾ അറബി വീട്ടുകാരുടെയും ഹോസ്പ്പിറ്റലുകാരുടെയും മികച്ച പരിചരണവും മേൽ നോട്ടവും കിട്ടിയെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞുള്ള നാളുകളിൽ ഏറെ ബുദ്ധിമുട്ടി ബാത്‌റൂമിൽ വേച്ചു വേച്ചു പോകുമ്പോൾ വേദന കൊണ്ട് പുളഞ്ഞു ഏഴുലോകവും കണ്ടു

ഗൾഫ് രാജ്യങ്ങളിലെ ഹോസ്പിറ്റലിൽ പോയവർക്ക് അവിടുത്തെ സിസ്റ്റം അറിയാം അസഹ്യമായ വേദന പേശികളെയും മനസിനെയും വലിഞ്ഞു മുറുക്കുമ്പോഴും നാട്ടിലെ ഉറ്റവരുടെ ഉടയവരുടെ കളിചിരിതൻ ഓർമ്മയിൽ എല്ലാം മറക്കും ഹോസ്പിറ്റൽ ദിനങ്ങളോട് മല്ലിട്ടു ഹോസ്പിറ്റലിൽ വാസം കഴിഞ്ഞു റൂമിൽ എത്തിയപ്പോഴാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയിലായത് സർജറിയുടെ വേദനമാറുന്നതിനു മുമ്പേ യൂറിക്ക് ആസിഡ് പ്രോബ്ലം വന്ന് കാല് തറയിൽ വെയ്ക്കാൻ കഴിയാത്ത അവസ്ഥ ആദ്യ ദിവസം താമസ സ്ഥലത്തിന് ചുറ്റുമുള്ള ഡ്രൈവർമാർ റൂം ക്ളീൻ ചെയ്തും ആഹാരം കൊണ്ടുതന്നും സഹായിച്ചു അതും കഴിച്ചു കിടന്നു ഉറങ്ങി

എണീറ്റപ്പോഴാണ് യൂറിൻ പാസ് ചെയ്യാൻ പോവാൻ തോന്നിയത് അതിനായി എഴുന്നേറ്റപ്പോൾ തന്നെ കാലു തറയിൽ വെക്കാൻ സാധിക്കാതെ വല്ലാത്ത വേദനയാൽ നിലവിളിച്ചു ആരു കേൾക്കാൻ ഒരുപാട് നേരം ഇരുന്നു കരഞ്ഞു ചെറിയ ഒരു പനി വന്നാൽപോലും കഞ്ഞിയുമായി വന്ന് “ഇതെങ്കിലും കുടിക്ക് മോനേ”എന്ന് പറഞ്ഞു നിർബന്ധിച്ചു കുടിപ്പിക്കുന്ന നനഞ്ഞ തുണി കൊണ്ടുവന്നു നെറ്റിയിൽ ഇട്ടിരുന്ന ബ്ളാങ്കറ്റ് കൊണ്ട് ശരീരം മൂടി പുതപ്പിച്ചിരുന്ന ഉമ്മായെ ഓർത്തുപോയി ആ നിമിഷങ്ങളിൽ..

കുറെ പരിശ്രമിച്ചിട്ടും ബാത്‌റൂമിൽ പോവാൻ കഴിഞ്ഞില്ല ഒരു വഴിയും ഇല്ലെന്ന് മനസ്സിലായതോടെ കുടിവെള്ളം കൊണ്ടുവന്ന പ്ളാസ്റ്റിക്ക് ബോട്ടിലിന്റെ അറ്റം കട്ട് ചെയ്തു അതിൽ കാര്യം സാധിച്ചു ടിഷ്യൂ പേപ്പർ എടുത്തു തുടച്ചു ക്ളീൻ ചെയ്യേണ്ടി വന്നു ഒരൽപം ആശ്വാസം തോന്നി പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ജീവൻ നില നിർത്താൻ മാത്രം വെള്ളവും ഭക്ഷണവും കഴിച്ചു അധികം കഴിക്കാൻ ഭയമായിരുന്നു കാരണം ബാത്‌റൂമിൽ പോകുമ്പോൾ ഉള്ള വേദന തന്നെ അപ്പോഴും ഞാൻ വീട്ടിലുളളവരെ ഒന്നും അറിയിച്ചിരുന്നില്ല ഇവിടുത്തെ അവസ്ഥ അറിഞ്ഞാൽ അവരുടെ മനസ്സും വേദനിക്കും എന്നുള്ളത് കൊണ്ട് തന്നെ വേദന കൊണ്ട് പിടയുമ്പോഴും വീട്ടിൽ വിളിച്ചു സുഖ വിവരം ചോദിക്കും ആരും കാണാതെ പോകുന്ന ഒരു ശരാശരി പ്രവാസിയുടെ അവസ്ഥ ഇതാണെന്നു തുറന്നു പറയാം എഴുതാൻ ഭയപ്പെടുന്നു കാരണം അങ്ങിനെയാണ് പ്രവാസി.

നാട്ടിൽ വരുമ്പോൾ കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് സ്നേഹപൂർവ്വം വാങ്ങി വെക്കും ഇതൊക്കെ തന്നെയാണല്ലോ ആരും കാണാതെ സ്വന്തക്കാർക്കായി ഇരുട്ടിൽ വെളിച്ചമാകുന്ന പ്രവാസി …ഡിസ്ചാർജ് കഴിഞ്ഞു കൃത്യംഒരാഴ്ച കഴിഞ്ഞു ഡ്യൂട്ടിക്ക് തിരിച്ചു കയറേണ്ടിവന്നു ഗൾഫിൽ അങ്ങിനെയാണല്ലോ മിക്കവരുടെയും ഡ്യൂട്ടി പെൺകുട്ടികളുടെ വണ്ടിയിൽ ആണെന്നതിനാൽ എനിക്ക് പ്രത്യേകിച്ചു ഉത്തരവാദിത്ത്വം കൂടുതൽ ഉള്ള ജോലിയാണ് അതുകൊണ്ടു തന്നെ മരിച്ചില്ലായെങ്കിൽ ഡ്യൂട്ടിക്ക് ഉണ്ടാവണം. എന്റെ ജോലിക്കുള്ള എഗ്രിമെന്റും അങ്ങനെയുള്ളതായിരുന്നു ബോധമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് കൊണ്ട് സർജറിക്കുള്ള ലീവ് കിട്ടി ഓരോ കാൽവെപ്പും വേദനയോടു കൂടി വേച്ചു വേച്ച് നീങ്ങേണ്ടി വന്നു യൂറിക്ക് ആസിഡ് കൂടി കാലിൽ നീര് കൂടി അതിന്റെ വേദനയും എല്ലാം കൊണ്ടും അത്രക്ക് അനുഭവിച്ചു ആ ദിവസങ്ങളിൽ രണ്ടാഴ്ച കൊണ്ട് എന്റെ ശരീരഭാരം എട്ടു കിലോയോളം കുറഞ്ഞു.

നമ്മളെ കാത്തു നിൽക്കുന്നത് ഷുഗറും പ്രഷറും ക്യാൻസറും കിഡ്‌നി ഫെയ്ലറും ഹാർട്ട് അറ്റാക്ക് പോലെയുള്ള അസുഖങ്ങളാണെന്നു അറിയാഞ്ഞിട്ടല്ല അത് തടയാൻ ഉള്ള ജീവിത ശൈലി മാറ്റത്തിനു സാമ്പത്തികം ഒരു പ്രധാന വില്ലനാകുന്നു അതുകൊണ്ടു തന്നെ പ്രവാസികളിൽ മിക്കവരും എന്തസുഖം വന്നാലും പെനഡോളിലും ടൈഗർ ബാമിലും ചികിത്സ ഒതുക്കുന്നു അങ്ങനെ മിച്ചം പിടിച്ചുണ്ടാക്കിയതാണ് നമ്മുടെ നാട്ടിൽ കാണുന്ന പലതും ഒരുനാൾ ഇവിടം വിട്ടുപോകേണ്ടി വരുമെന്ന് മനസ്സിൽ ഉറച്ചു വിശ്വസിക്കുന്നു എങ്കിലും ഓരോ ലീവിനും നാട്ടിലേക്ക് ഫ്ലൈറ്റ് കേറുമ്പോഴും ലോകം കീഴടക്കിയന്റെ സന്തോഷമാണ് ഓരോ പ്രവാസിക്കും ഈ എളിയവനും സന്തോഷിക്കും തിരികെ വരുമ്പോൾ സാമ്രാജ്യം നഷ്ടപെട്ട ചക്രവർത്തിയെ എല്ലാം തിരിച്ചു പിടിക്കാൻ ജീവിതം എന്ന യുദ്ധമുഖത്തെ യോദ്ധാവായി ഓരോ പ്രവാസ നിമിഷങ്ങളിലും എല്ലാം ഉള്ളിലൊതുക്കി.. “

ഇങ്ങനെയൊക്കെ ആണെങ്കിലും അപ്പോഴും മഹാകവി മാമൻ ഫേസ്‌ബുക്കിൽ ചളിയും തമാശയും അതിലേറെ കാര്യങ്ങളുമായി ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളെ നേരിട്ട് ശരീരത്തിന്റെയും മനസിന്റെയും വേദന നിങ്ങളെപ്പോലും അറിയിക്കാതെ നിങ്ങളിലൊരാളായി നിറഞ്ഞു നിന്നിരുന്നു..

By ivayana