രചന : ഹരിദാസ് കൊടകര.

(ഒരു സ്നേഹിതന്റെ വേർപാട്)

രസമായിരുന്നു
സ്നേഹിതനോടൊത്ത
ചിറയ്ക്കരികിലെ നാളുകൾ
ഇലവിൻപശപോലെ
തൃണഗന്ധമുള്ളത്
മണ്ണിനോടൊട്ടി
മനം മറന്ന മലർമതി
ഇലവർങം തിളച്ചവെള്ളം
ദേഹശുദ്ധിയിൽ ആരാമഭിക്ഷ
വാനിൽ കുതിക്കുന്ന
സ്നേഹനായ്ക്കൾ
നക്ഷത്രലക്ഷ്യം തോന്നൽ
വഴിവിട്ട പ്രഭാതമർത്ഥന
രാവിലെന്നും സൂര്യനായ്
പർവ്വതം ഭൂമിക

അരങ്ങാം രംഗഭൂമിയിൽ
നിർജ്ജലസ്നേഹം തഴപ്പ്
ചൂടാവിയിൽ പ്രാണൻ
കോട്ടുവാ മനപ്പാതി
വേരടിയിലെ മതിൽകഷ്ണം
പുലയാചരണം കുളി
സഞ്ചയനം
കുത്തുപാളയിലസ്ഥിശേഖരം
നിമജ്ജനം മുങ്ങൽ
എന്നസ്ഥിയും ചേർത്തുമുക്കി-
ചിരിയൊതുക്കാൻപെട്ട പാടുകൾ
കാറ്റിലെവിടെയോ
പക്ഷിക്കൂടിൻ പഴി

ഉഷ്ണം കരച്ചിലായ് പകലുച്ചകൾ
കുമിഞ്ഞൂ സാകുലം ഓർമ്മനാഡികൾ
ഒഴിഞ്ഞൂ ഉടലാരവം ഊൺതളം വീറ്
പുത്രശോകമൊഴിയാൻ
അമ്മയ്ക്കരികിലായ്
അമ്പേറ്റടർന്ന പുത്രദാസ്യം
ലാസ്യം നീക്കിയ ഞരമ്പുവെറ്റില

മിഴിചൊല്ലുന്നിതോ മനം
പുതിയിടം പുകിലുകൾ
ഉലഞ്ഞൂ നാട്ടുമാവിൻ പൂങ്കുല
ഇടനേരത്തെവിടെയോ-
വിരൽ തൊടുന്ന
നദീതീരബാല്യം മടുപ്പ്
സംസാരസാരം മരുന്നെടുപ്പ്
പാപത്തീർത്ഥത്തിനായ്-
കൊതിപ്പങ്ക്

തീർന്നൂ കൊക്കുരുമ്മലും
പ്രാവിൻ ക്ഷീരംപകരലും
വിയോഗയോഗം കമ്പേറുപോലെ
എങ്ങോട്ടൊരുമിച്ചു-
കൂട്ടുന്നിതസ്ഥികൾ
കടൽചൊരുക്കുന്ന നേരവും.

ഹരിദാസ് കൊടകര

By ivayana