രചന : ശ്രീകുമാർ എം പി.

കറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾ
നിരനിരയായ് പോകുന്നെ
കിഴക്കെങ്ങാണ്ടൊരു നിലമൊരുക്കാനായ്
ധിറുതി വച്ചു പോകുന്നെ
അവരുടെ പൊട്ടിച്ചിരികളിങ്ങു
ഇടിമിന്നലായ് തെളിയുന്നെ
അവരുടെ വാക്കും ചിരിയുമിങ്ങു
ഇടിമുഴക്കമായെത്തുന്നെ

കറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾ
നിരനിരയായ് പോകുന്നെ
കിഴക്കെങ്ങാണ്ടൊരു നിലം വിതയ്ക്കാനായ്
ധിറുതിവച്ചു പോകുന്നെ
അവരുടെ ഹർഷമിടയ്ക്കിടെയിങ്ങു
അമൃതവർഷമായ് വീഴുന്നെ

കറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾ
നിരനിരയായ് പോകുന്നെ
കിഴക്കെങ്ങാണ്ടു കളപറിയ്ക്കാനായി
ധിറുതി വച്ചു പോകുന്നെ
അവരുടെ ദീർഘനിശ്വാസമിങ്ങു
ചുടു മരുത്തായ് വീശുന്നെ
അവരുടെ രോഷമിടയ്ക്കിടെയിങ്ങു
കൊടുങ്കാറ്റായടിയ്ക്കുന്നെ
അവരുടെ ദു:ഖമിടയ്ക്കിടെയിങ്ങു
കുടുകുടെ പെയ്തിറങ്ങുന്നെ

കറുത്ത മാനത്തു കാർമുകിൽപെണ്ണുങ്ങൾ
നിരനിരയായ് പോകുന്നെ
കിഴക്കെങ്ങാണ്ടൊരു നിലം കൊയ്യാനായി
ധിറുതി വച്ചു പോകുന്നെ
അവരുടെ വർണ്ണക്കിനാക്കളൊക്കെയും
മഴവില്ലായി തെളിയുന്നെ !

ശ്രീകുമാർ എം പി.

By ivayana