ചെറുകഥ : ദീപക് രാമൻ.

പതിനാലുമാസത്തെ പ്രവാസത്തിനുശേഷം
നാട്ടിലേക്കുമടങ്ങുന്നതിന്റെ സന്തോഷം
മനസ്സിലുണ്ടെങ്കിലും നാലുമണിക്കൂറത്തെ
യാത്രയും വീടെത്തുന്നതുവരെയുള്ള
കാത്തിരിപ്പും എന്നെ വല്ലാതലോസരപ്പെടുത്തി.

ഷാർജ എയർപോർട്ടിൽ ബോർഡിംഗ്
പാസ്സിനുവേണ്ടി നിൽക്കുമ്പോൾ മുന്നിലിരിക്കുന്ന സുന്ദരിയോട് വിൻഡോസീറ്റ്
(ടേക്കോഫും ലാൻഡിംഗും സമയത്തെ കാഴ്ചകൾ വളരെ മനോഹരമാണ്)
ചോദിക്കണമെന്നുണ്ടായിരുന്നു.

പത്ത്നാൽപ്പത്തിരണ്ടുവയസ്സായില്ലേ,
ഇനിയെന്നാ കുട്ടിക്കളി മാറുന്നതെന്ന മനസ്സിന്റെ പരിഹാസത്തിനുമുൻപിൽ ആഗ്രഹം ഉള്ളിലൊതുക്കി .

പാസ്പോർട്ടിനൊപ്പം നീട്ടിയ ബോർഡിംഗ്
പാസ്സിലെ 28 F എന്ന സീറ്റുനമ്പർ കണ്ടപ്പോഴാണ്
ശരിക്കും ത്രില്ലടിച്ചത്.ആഗ്രഹിച്ചതുപോലെ
വിൻഡോ സീറ്റുതന്നെ കിട്ടിയിരിക്കുന്നു.

നീണ്ട കാത്തിരിപ്പിനുശേഷം
ഇരിപ്പടത്തിലെത്തിയപ്പോൾ താഴെ ആരാന്റെ
മുതലല്ലെയെന്നഭാവത്തിൽ പലരുടെയും
സ്വപ്നങ്ങളെ നിർദാക്ഷണ്യം വലിച്ചെറിയുന്ന
ജോലിക്കാരെയാണ് കണ്ടത്.

അവരോടുള്ളദേഷ്യം സഹയാത്രികനോട്
പങ്കുവെക്കുമ്പോഴും
എത്രയും പെട്ടെന്ന് ആ ജോലി അവസാനിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയി.

ഗ്രൗണ്ട് ക്രൂ
അവസാനപെട്ടിയും കയറ്റുന്നതുകണ്ട്
സന്തോഷിക്കുമ്പോൾ എന്നെ നിരാശനാക്കിക്കൊണ്ട് ദാ വരുന്നു
ഒരു വണ്ടികൂടി.

ഇനിയെന്തെന്ന ആകാംക്ഷയോടെ
നോക്കിയപ്പോൾ ,സ്വർണ്ണവർണ്ണ പിടികളുള്ള
മനോഹരമായ ഒരു തടിപെട്ടി .
അതുവരെ അലക്ഷ്യമായി ലഗേജ് കൈകാര്യം
ചെയ്തവർ അതുമാത്രം വളരെ സൂക്ഷിച്ചുപുറത്തേക്കിറക്കി.
അതിൽ ആരുടേയോ പേരും അഡ്രസും,
HEAD എന്ന എഴുത്തുംകണ്ടു.

ഇന്നലവരെ ആരുടെയൊക്കയോ
പ്രതീക്ഷകളായിരുന്നവൻ,
സ്വപ്നങ്ങൾ കാണാൻ വിധിക്കപ്പെട്ട
പാവം പ്രവാസി…
ഉറ്റവർക്കൊരുനോക്കുകാണാൻവേണ്ടി ,
ആരുടെയൊക്കോയോ
ദയക്കുകാത്തുകിടക്കുന്നു .

ഇനിയൊരു കാഴ്ചയും കാണാനുള്ള
ശക്തിയില്ലാതെ നോട്ടം പിൻവലിക്കുമ്പോൾ
നിറഞ്ഞ മിഴികൾ എന്റെ കാഴ്ച മറച്ചിരുന്നു.

ദീപക് രാമൻ.

By ivayana