ദിജീഷ് കെ.എസ്‌ പുരം.

കവിതാനായകന്റെ പേര്
‘സുരേഷ് ‘ എന്നാകുന്നു.
1987-ൽ ജൂൺമഴനനഞ്ഞ്
പ്രീഡിഗ്രിപഠിക്കാൻപോകുമ്പോൾ
അയാൾക്കുള്ളിലതിയായ
ഒരു പ്രേമാഗ്രഹമുണ്ടാകുന്നു!
‘സാരിയാൽ തലമറച്ച്
അൾത്താരയ്ക്കു മുന്നിൽ
മുട്ടുകുത്തിപ്രാർത്ഥിക്കുന്ന,
എപ്പോഴും കൊന്തയണിഞ്ഞിട്ടുള്ള,
കല്ലറയിൽ പൂക്കൾവയ്ക്കുന്ന,
പളളി കൊയറിലെ ഗാനമായ,
ഉള്ളിലൊരു മുൾക്കിരീടംപേറിയ,
പീഡാനുഭവ ഛായയുള്ള
ഒരു കൃസ്ത്യാനിപ്പെൺകുട്ടിയെ
പ്രണയിച്ചു വിവാഹംകഴിക്കണമെന്ന് ‘!
*’നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’-ലെ
സോളമനേയും സോഫിയേയുംപോലെ
ബൈബിളിലൂടെ, വിശിഷ്യ ഉത്തമഗീതങ്ങളിലൂടെ
പ്രണയംകൈമാറാനവൻ കൊതിച്ചുപോയി!
അങ്ങു കിഴക്കെവിടുന്നോവന്ന
ഒരു കൃസ്ത്യാനിക്കുടുംബം
പുതിയ അയല്പക്കമായി,
പ്രണയരോഗിയിച്ഛിച്ചതുപോലെ
അവിടെയൊരു നസ്രാണിപ്പെങ്കൊച്ചും!
ആ വീട്ടിലെയമ്മയുടെ,
“ശോശന്നേ.. “ന്നുള്ള നീട്ടിവിളിയിൽ
അവൾ മറുവിളികൊണ്ടപ്പോൾ,
അവനിൽ കുറഞ്ഞതൊരായിരം
ലില്ലിപ്പൂക്കളെങ്കിലും വിടർന്നിരിക്കണം!
അന്നുരാത്രിയിൽ റേഡിയോ
അവന്റെയുള്ളിലിരുന്നാണ്
ചലച്ചിത്രഗാനങ്ങൾപാടിയത്!
**’കിഴക്കേ മലയിലെ വെണ്ണിലാവൊരു
കൃസ്ത്യാനിപ്പെണ്ണ്…’
എന്ന ഗാനമെത്ര വികാരവായ്പോടെയാകും
അവൻ നുണഞ്ഞിരിക്കുക!
അതിലെ,
‘അരക്കെട്ടു മറയ്ക്കുന്നൊരവളുടെ മുടിയില്‍
ആയിരം ശോശന്നപ്പൂക്കള്‍’
എന്ന വരിയിലുടക്കിക്കിടന്ന്
ആ തരളഹൃദയമെത്ര വേഗതയിലാകും
തുടിതുടിച്ചിട്ടുണ്ടാവുക!
ലില്ലി, അവന്റെ കോളേജിലേക്ക്
പറച്ചുനടപ്പെട്ടയന്നാണ്
പഴയ പുസ്തകക്കടയിൽനിന്നൊരു
ബൈബിളവൻ തരപ്പെടുത്തിയത്.
വീട്ടിടവഴികണ്ട തിരക്കവിത.
സുരേഷ് : ” ശോശന്നേ.. ” എന്നു വിളിച്ചിട്ട്, തിരിഞ്ഞുനോക്കുന്ന അവളോട്
ഈ വചനംപറയുന്നു.
“ഏശയ്യ 43 : 1”
ശോശന്ന : ” എന്നതാ.., പറയൂ.. “
സുരേഷ് : “പോയി ബൈബിൾതുറന്നുനോക്കൂ”
ശോശന്ന [ വീട്ടിൽ, ബൈബിൾനോക്കി ]
“ഞാൻ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു,
നീ എന്‍േറതാണ്.”
കാവ്യാത്മകമായ വചനങ്ങൾ
കൈമാറ്റംചെയ്യപ്പെടുന്നതിനനുസരിച്ച്
വീടുകൾക്കിടയിലെ എതിർപ്പുവേലിയുടെ
പൊക്കവും കൂടിക്കൊണ്ടേയിരുന്നു!
ആദ്യവചനസ്മരണയുടെ
ഏഴാം വാർഷികത്തിന്റെയന്നാണ്
അച്ചായത്തിക്കൊച്ചിനോട്
അവസാനമായിതു പറഞ്ഞത്,
” ഉത്തമഗീതം 2 :13 “
ശോശന്നപ്പൂവ് ബൈബിൾവായിച്ച്
പതിവിലും വിടർന്നുതുടുത്തു!
“അത്തിക്കായ്കൾ പഴുക്കുന്നു;
മുന്തിരിവള്ളിപൂത്തു സുഗന്ധംവീശുന്നു;
എന്‍റെ പ്രിയേ, എഴുന്നേൽക്ക;
എന്‍റെ സുന്ദരീ, വരിക.”
ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറത്തൂന്ന്
തട്ടിയുണർത്തിയതു ഭാര്യയാണ്,
ബസെവിടെയോ നിറുത്തിയിട്ടിരിക്കുന്നു,
അവൾചൂണ്ടിയ പള്ളിമതിലിലേക്കുനോക്കി.
“ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ
അവർക്കുണ്ടായതിലും അധികം
സന്തോഷം നീ എന്‍റെ
ഹൃദയത്തിൽ നല്കിയിരിക്കുന്നു.
( സങ്കീർത്തനങ്ങൾ 4 : 7 ) “
കണ്ണടതപ്പിയെടുത്തിട്ടപ്പോഴേക്കും
എന്റെ ശോശന്നക്കൊച്ചത്
ഉറക്കെവായിച്ചുകഴിഞ്ഞിരുന്നു.

By ivayana