കഥാരചന : സുനി ഷാജി.
സെൻട്രൽ ജയിലുകളിൽ, സർക്കാർ സഹായത്തോടെ… ജയിൽ അധികൃതർ നടത്തുന്ന ‘ഫ്രീഡം ഫുഡ്’ പദ്ധതിയെക്കുറിച്ചുള്ള ഒരു ഫീച്ചർ തയ്യാറാക്കാൻ ആണ് പ്രമുഖ പത്രറിപ്പോർട്ടറായ മാർട്ടിന്റെയൊപ്പം ഞാൻ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയത്.ജയിലുകളിൽ തടവുകാർ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചിട്ടുമുണ്ട്…
മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം…!പോകുന്ന വഴി, മാർട്ടിൻ മുന്നറിയിപ്പ് തന്നിരുന്നു…”ഗൗരി…വളരെ സൂക്ഷിച്ച് ഇടപെടേണ്ടവരാണ്, ഈ തടവുകാർ …അവരുടെ മാനസികനില പലതരത്തിലുള്ളതാവും… അതുകൊണ്ടുതന്നെ പ്രതികരണം വളരെ പരുക്കാനാവാനുമിടയുണ്ട്… സംയമനം കൈവിടാതെ, നമുക്ക് കിട്ടാവുന്നിടത്തോളം വിവരങ്ങൾ ശേഖരിക്കണം.”ജയിലിലെത്തി…പോലീസ് ഓഫീസർമാരോടും, കുറച്ചു തടവുകാരോടുമൊക്കെ സംസാരിച്ചു കഴിഞ്ഞ്… അടുക്കളയിൽ എത്തിയപ്പോഴാണ്, പാചകപ്പുരയുടെ വലതുവശത്തായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചപ്പാത്തി മെഷീന്റെ അടുത്ത് നിൽക്കുന്ന ആളെ ഞാൻ ശ്രദ്ധിച്ചത്…വിശ്വാസം വരാതെ, ഒന്നുകൂടി ആ മുഖത്തേക്ക് തുറിച്ചു നോക്കി…
ഒരു ഞെട്ടലോടെ, ഞാൻ ആളെ തിരിച്ചറിഞ്ഞു… ‘സഖാവ് നരേന്ദ്രൻ…’കോളേജിലെ എന്റെ സീനിയർ ആയിരുന്നു…ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു…പെട്ടെന്ന്, എന്റെ മനസ്സിലോടിയെത്തിയരംഗം…അന്നത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പുത്രൻ… അരുൺ ദേവ്….എന്റെ ക്ലാസ്മേറ്റ്… കുത്തേറ്റു, ചോരയിൽ കുളിച്ചു കിടക്കുന്നതും…ചോരത്തുള്ളികൾ ഇറ്റുവീഴുന്ന , കത്തിയും പിടിച്ചു നിൽക്കുന്ന സഖാവ് നരേന്ദ്രനെയുമാണ്…. നരേന്ദ്രന്റെ മുഖം വലിഞ്ഞുമുറുകി..പെട്ടെന്നുണ്ടായ ഞെട്ടലില് വാക്കുകൾ നഷ്ടപെട്ട ഞാൻ സംയമനം വീണ്ടെടുത്തു, നരേന്ദ്രനോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ…മുഴങ്ങുന്ന സ്വരം ഉയർന്നു…ഒപ്പം ഇടതുകൈ പൊക്കി എന്നെ വിലക്കിക്കൊണ്ട്… “വേണ്ട……..”കാര്യങ്ങളൊക്കെ കാണിച്ചു തരുവാൻ , കൂടെ വന്ന പോലീസ് ഓഫീസർ പറഞ്ഞു…
“അയാളോട് സംസാരിക്കാൻ നിൽക്കേണ്ടാ…ആളു വളരെ റഫ് ആണ്…”നാലഞ്ചു മണിക്കൂർ കൊണ്ട് ഞങ്ങൾക്ക് വേണ്ട വിവരങ്ങളും, ഫോട്ടോസുമൊക്കെ ശേഖരിച്ചു… മടങ്ങവേ, ഞാൻ മിഴികളാൽ അവിടെയെല്ലാം ഒന്ന് പരതി…ഉള്ളിലെ ഏതോ അഴികൾക്കുള്ളിൽജോലിയും കഴിഞ്ഞ്, സഖാവ് പിൻവാങ്ങിയിരുന്നു.ഓഫിസിലെത്തി, റിപ്പോർട്ടിന് ഏകദേശ രൂപംനൽകി… ഫ്ലാറ്റിൽ എത്തിയപ്പോൾ രാത്രിയേറെ വൈകിയിരുന്നു. തണുത്ത വെള്ളത്തിൽ ഒരു കുളിയും കഴിഞ്ഞു, ക്ഷീണം കൊണ്ട് ബെഡിലേക്ക് വീഴുകയായിരുന്നു.നല്ല ക്ഷീണമുണ്ടായിട്ടും… എത്രശ്രമിച്ചിട്ടും… ഉറങ്ങാനാവുന്നില്ല..! മുന്നിൽ തെളിയുന്നത് ചെങ്കൊടിയേന്തി, ചുവന്ന ഷർട്ടിട്ട സഖാവിന്റെ മുഖമല്ല… പകരം ജയിലിലെ… നമ്പറിട്ട, വെള്ള യൂണിഫോമിൽ…….!!!
ഉറക്കം കിട്ടാതെ, മുറിയിലെ കറങ്ങുന്ന ഫാനിലേക്ക് നോക്കികിടന്നപ്പോൾ, കാലം പിന്നോട്ട് കറങ്ങി. വാകപ്പൂക്കളും…. മുദ്രാവാക്യം വിളികളും, ചിരിയും, കളിയും, പഠനവും ഒക്കെ കൊണ്ട് ശബ്‌ദമുഖരിതമായ കോളേജ് ക്യാമ്പസ്… കോളേജ് തുറക്കുന്നതിന്റെ തലേന്ന് സ്കൂട്ടിയിൽ നിന്നും വീണു കാലൊടിഞ്ഞതും…അങ്ങനെ ഫ്രഷേഴ്സ് ഡേയും, റാഗിങ്ങും ഒക്കെ മിസ്സ് ചെയ്തതും…ക്ലാസ് തുടങ്ങി രണ്ടു മാസം കഴിഞ്ഞു ക്യാമ്പസിൽ എത്തിയപ്പോൾ, ചെന്നുപെട്ടത്…. അന്ന് കോളേജിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ചെങ്കൊടിയേന്തി മുന്നിൽ നിൽക്കുന്ന സഖാവ് നരേന്ദ്രൻ മുൻപിൽ… വയ്യാത്ത കാലും, കൊണ്ട് കല്ലേറിൽ നിന്നും, ഓടി രക്ഷപെടാനാവാതെ നിന്നപ്പോൾ, കൈപിടിച്ചു നടത്തിയത്…
അപ്പോൾ പരിക്കേറ്റ സഖാവിന്റെ നെറ്റിൽ നിന്നും ചോരത്തുള്ളികൾ തന്റെ ശരീരത്തു വീണത്…പിന്നീട്, സഖാവിന്റെ അകന്ന ബന്ധുവും, ക്ലാസ്സിലെ ഉറ്റ ചങ്ങാതിയുമായ ശ്രുതിയും, മന്ത്രി പുത്രനും തമ്മിലുള്ള പ്രണയവും…അവസാനം…. സെക്കന്റ് ഇയറിലെ ഓണാവധി കഴിഞ്ഞപ്പോൾ ശ്രുതിയുടെ ആക്സിഡന്റ് മരണവും…അതുകഴിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽ….കോളേജിനെ നടുക്കിയ… ക്യാമ്പസിൽ നടന്ന രാഷ്ട്രീയ കൊലപാതകവും ..!!!വിലങ്ങുകൾ വച്ച് ക്യാമ്പസിൽ നിന്നും പോലീസുകാർ, സഖാവ് നരേന്ദ്രനെ കൊണ്ടുപോയ അവസാന രംഗവും….!ജീവപര്യന്ത്യം തടവിന് വിധിക്കപ്പെട്ട സഖാവിനെ…. വർഷങ്ങൾക്ക് ശേഷം… ഇന്ന് രാവിലെ ജയിലിൽ വെച്ച് കണ്ട രംഗവും…അത്ര സുഖകരമല്ലാത്ത ആ ക്യാമ്പസ് ജീവിതത്തെകുറിച്ചോർത്തുകൊണ്ട്….
എപ്പോഴോ ഒന്ന് മയങ്ങി പോയി.ഉണർന്നത്, രാവിലെ അലാറത്തിന്റെ ശബ്ദം കേട്ടാണ്.വീട്ടിലേക്ക് വിളിച്ചുകഴിഞ്ഞു ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി.വേഗം തന്നെ ഓഫീസിലേക്ക് പോകാൻ റെഡിയായി.ഓഫീസിൽ നിന്നും,ഉച്ചക്ക് ശേഷം ലീവെടുത്ത്…നേരെ പോയത് സെൻട്രൽ ജയിലിലേക്കായിരുന്നു.തലേന്ന് തന്നെ, സന്ദർശന സമയം നോക്കി വച്ചിരുന്നു.ഫോം പൂരിപ്പിച്ചു കൊടുത്തിട്ട്, കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അകത്തേക്ക് പോകാനുള്ള പെർമിഷൻ കിട്ടി.എന്നെ കണ്ടതും…സഖാവ് എടുത്തടിച്ച പോലെ പറഞ്ഞു…”എനിക്ക് സംസാരിക്കാൻ താല്പര്യമില്ല…”ഉള്ളിൽ തികട്ടി വന്ന വേദനയോടെ ഞാൻ പറഞ്ഞു…”സഖാവേ…ഞാൻ ഒരു ജേർണലിസ്റ്റായിട്ടല്ല, ഇപ്പോൾ വന്നിരിക്കുന്നത്…നമ്മുടെയാ പഴയ ക്യാമ്പസിലെ…
സഖാവിന്റെ പഴയയൊരു ആരാധിക ആയിട്ടാണ്…കുറച്ചുനേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം… ഒരു സൗഹൃദ സംഭാഷണം നടത്തി പിരിഞ്ഞുവെങ്കിലും… വീണ്ടും ഒരാഴ്ചക്കുള്ളിൽ ഞാൻ സഖാവിനെ കാണാനെത്തി.ഞങ്ങളുടെ സന്ദർശനങ്ങളുടെ എണ്ണം കൂടിയപ്പോൾ ആ പഴയ സഖാവിനെ ഞാൻ കണ്ടെത്തുകയായിരുന്നു…കഥകൾ എഴുതുന്ന…കവിതകൾ ചൊല്ലുന്ന… ധീരമായ മുദ്രാവാക്യം വിളികളോടെ ക്യാമ്പസിനെ പ്രകമ്പനം കൊള്ളിച്ചിരുന്ന ആ സ്വരം വീണ്ടും ഞാൻ കേട്ടു…അങ്ങനെയൊരു സന്ദർശന വേളയിലാണ് ഞാൻ സഖാവിനോട് ചോദിച്ചത്…!”കുറ്റബോധം തോന്നുന്നില്ലേ, സഖാവിന്… ഒരാളെ കൊന്നിട്ട്…അവരുടെ വീട്ടുകാരെ തീരാദുഃഖത്തിലേക്ക് തള്ളിയിട്ട്…സ്വന്തം ജീവിതവും നശിപ്പിച്ചു….ഇങ്ങനെ ഒരു തടവുപുള്ളിയായി ഇവിടെ കിടക്കുന്നതിൽ….??? സഖാവിന് എത്രയോ ഉയരങ്ങളിൽ എത്താമായിരുന്നു…
എന്നിട്ടും…………….”പെട്ടെന്ന് സഖാവിന്റെ മുഖഭാവം മാറി…ദേഷ്യം കൊണ്ട് ആ ശരീരം വിറച്ചു…..കണ്ണുകൾ ചുവന്നു…പെട്ടന്നുള്ള ആ ഭാവമാറ്റം കണ്ടു ഞാൻ ഭയന്നു. അന്നാണ്…സഖാവ് ആ രഹസ്യങ്ങളുടെ ചുരുൾ അഴിച്ചത്……..അപകട മരണം എന്ന് കരുതിയിരുന്ന…ശ്രുതിയുടെ മരണം, ആത്മഹത്യയാണെന്നും… കാരണക്കാരൻ അരുൺ ദേവ് ആണെന്നും….പ്രണയം നടിച്ച്, അവളെ വിളിച്ചു കൊണ്ടുപോയി അവനും അവന്റെ കൂട്ടുകാരന്മാരായ അഞ്ചുപേരും കൂടി കൂട്ടബലാൽസംഗം ചെയ്തുവെന്നും… പുറത്തുപറഞ്ഞാൽ വീഡിയോ പരസ്യപ്പെടുത്തുമെന്നും, കുടുംബമടച്ച് കൊന്നുകളയുമെന്ന് ഭീഷണിപെടുത്തിയെന്നും…
അന്നവൾ സഖാവിനെ ഫോണിൽ വിളിച്ച് എല്ലാം പറഞ്ഞിട്ട് സ്കൂട്ടി ഓടിച്ചു പോയത് മരണത്തിലേക്ക് ആയിരുന്നുവെന്നും…അരുൺ ദേവിന്റെ മൊബൈൽഫോൺ പിടിച്ചെടുത്ത്, അതിക്രൂരമായ ആ വീഡിയോ കണ്ട സഖാവ്, അപ്പോൾ തന്നെ അവനെ ക്യാമ്പസിലിട്ടു കുത്തിക്കൊന്നു. പിന്നീട് ആണ് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ രണ്ടുമൂന്നു പേരെ സത്യങ്ങൾ എല്ലാം തെളിവ് സഹിതം അറിയിച്ചത്…നരേന്ദ്രന്റെ അഭ്യർത്ഥന മാനിച്ചാണ് പാർട്ടി കാര്യങ്ങൾ രഹസ്യമായി വച്ചിരിക്കുന്നത്, കാരണം മകളുടെ അപകടമരണത്തിൽ എല്ലാം നഷ്ടപെട്ടിരിക്കുന്ന പ്രായമായ മാതാപിതാക്കൾ… അവൾക്ക് ഇളയതായ മൂന്ന് അനുജത്തിമാരുടെ ഭാവി…. സർവ്വോപരി പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകനെ നിയമത്തിന്റെ നൂലാമാലകൾ കീറിമുറിച്ചു രക്ഷിച്ചു കൊണ്ടു പോകാൻ എളുപ്പമാണ്….
അതുകൊണ്ട് നരേന്ദ്രൻ നടത്തിയത് അനുയോജ്യമായ വിധി തന്നെയെന്ന് പാർട്ടിയുടെ സപ്പോർട്ടും…തെറ്റ് ചെയ്തവൻ…. അവൻ എത്ര ഉന്നതൻ ആണെങ്കിലും ശിക്ഷിക്കപ്പെടണം…. പ്രത്യകിച്ചും ‘പെണ്ണിന്റെ മാനത്തിനു വിലകല്പിക്കാത്തവനെ ഭൂമിയിൽ വച്ചേക്കാൻ പാടില്ല…. അതാണ് അവനെ കൊന്നുകളഞ്ഞത്…മൂർച്ചയേറിയ ആ വാക്കുകൾ ഉറച്ചതായിരുന്നു. “എനിക്കതിൽ പശ്ചാത്താപം ഇല്ല…. ഞാൻ ചെയ്തതാണ് എന്റെ ശരി…. അരുൺ ദേവിന്റെ മാതാപിതാക്കളും ആ വീഡിയോ കണ്ടിരുന്നു.അത് പുറത്തറിഞ്ഞാൽ അവരുടെ കുടുംബത്തിനും നാണക്കേടല്ലേ…”ഒരക്ഷരം പോലും മിണ്ടാനാവാതെ നിന്നുപോയി ഞാൻ.
“അതുകൊണ്ട് എല്ലാവർക്കും വേണ്ടി ഞാൻ കുറച്ചു വേദന സഹിക്കാൻ തയാറാണ്.ഇനിയൊരു നാല് വർഷവും ഏഴു മാസവും കഴിഞ്ഞാൽ ഞാൻ ജയിൽ മോചിതനാവും. അതുവരെ എന്റെ മോഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഈ ജയിലിനുള്ളിലെ മൂന്നു ചുവരുകൾക്കുള്ളിൽ ഒതുങ്ങും. വേദനകലർന്ന ഒരു പുഞ്ചിരി വിടർന്നു ആ മുഖത്ത്. പെട്ടെന്ന് അഴികൾക്കുള്ളിൽ നിന്നും തന്റെ വലതു കരം നീട്ടി സഖാവ് പറഞ്ഞു.”നിന്നിൽ നിന്നും ഇത് മറ്റാരും അറിയാൻ പാടില്ല…!!!” “വാക്ക് തരുക എനിക്ക്…. “എന്റെ മുൻപിലേക്ക് നീട്ടിയ ആ കൈയിൽ, കൈ വയ്ക്കാൻ മടിച്ചു നിന്ന… എന്നെ, സഖാവ് ഒരു നോട്ടം നോക്കി….!!! സഖാവിന്റെ ആ നോട്ടം ആത്മാവിന്റെ അഗാധതയിലേക്ക് ആയിരുന്നു.
കുറച്ചു നിമിഷങ്ങൾക്കകം, ആ കൈയിലേക്ക് എന്റെ കൈകൾ ഞാൻ വച്ചുകൊടുത്തപ്പോൾ…കാരിരുമ്പിന്റെ ശക്തിയുള്ള കൈകളിൽ കിടന്ന്, എന്റെ കൈ വേദന കൊണ്ട് പിടഞ്ഞു… അത്രമേൽ ശക്തമായിട്ടാണ് സഖാവ് എന്റെ കൈ അമർത്തി പിടിച്ചത്….. ഒരു പത്രപ്രവർത്തകയുടെ വിദഗ്ധമായ, കൗശല ബുദ്ധിയോടെ സഖാവിനോട് ഒപ്പമുള്ള എല്ലാം നിമിഷങ്ങളും ഞാൻ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് സഖാവ് മനസ്സിലാക്കി എന്ന് എനിക്ക് ബോധ്യമായി.എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…”മാധ്യമധർമ്മം പോലെ തന്നെ… മനുഷ്യധർമ്മവും വിലപ്പെട്ടതാണെന്നു നീ മനസ്സിലാക്കുക.”
സഖാവിന്റെ ആ വാക്കുകൾ ഹൃദയത്തിൽ പേറിയാണ് ഞാൻ തിരിച്ചു ഫ്ലാറ്റിലെത്തിയത്. അതുവരെ ഞാൻ ശേഖരിച്ച എല്ലാ തെളിവുകളും കണ്ടപ്പോൾ…. ഭരണ-പ്രതിപക്ഷത്തെ വരെ ഇളക്കി മറിക്കാവുന്ന… വജ്രായുധമാണ് കൈയിൽ കിട്ടിയിരിക്കുന്നത്… എന്റെ പ്രമോഷന് വരെ സഹായിക്കാൻ ഉതകുന്നവ…. പത്രത്തിന്റെ റേറ്റിംഗ് കൂടാൻ കഴിയുന്നത്…പക്ഷേ അതിനേക്കാൾ ഉപരിയാണ്…സഖാവ് ചെയ്ത നീതി…. !!!!!അതേ എന്റെ സഖാവ് ചെയ്തത് തന്നെ ആണ് ശരി…. പെണ്ണിന്റെ മാനത്തിനു വില കല്പിക്കാത്തവൻ ജീവിച്ചിരിക്കാൻ പാടില്ല…കിട്ടിയ തെളിവുകളെല്ലാം നശിപ്പിച്ചു കളഞ്ഞിട്ട്, അന്ന് ഉറങ്ങാൻ കിടന്നത് ഞാൻ ആ പഴയ കോളേജ് വിദ്യാർത്ഥിനി ആയിട്ടായിരുന്നു.
പിന്നെ ഒരു മാസത്തേക്ക്, ജോലിതിരക്കും, ചില ഔദ്യോഗിക യാത്രകളും കാരണം സഖാവിനെ കാണാൻ പോകാൻ സാധിച്ചില്ല.യാത്രകൾ കഴിഞ്ഞു മടങ്ങിയെത്തിയതിന്റെ രണ്ടു ദിവസം കഴിഞ്ഞ് എന്റെ ജന്മദിനം ആയിരുന്നു.ഞാൻ സഖാവിനെ കാണാനായി ഇറങ്ങി. ജയിൽ അധികൃതരുടെ പ്രത്യേക പെർമിഷൻ എടുത്ത്, ഞാൻ കുറച്ച് പിറന്നാൾ പായസം കരുതിയിരുന്നു സഖാവിന് കൊടുക്കാൻ. പായസം കയ്യിൽ കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു…..”എന്റെ പിറന്നാൾ പ്രമാണിച്ച് സഖാവിന്, ഞാൻ ഒരു കിടിലൻ സസ്പെൻസ് കൊണ്ടുവന്നിട്ടുണ്ട്….!!!എന്നിട്ട്, ഞാൻ കയ്യിൽ കരുതിയിരുന്ന കല്യാണക്കുറി സഖാവിന്റെ കയ്യിൽ കൊടുത്തു.
പെട്ടെന്ന് സഖാവിന്റെ മുഖം ഒന്നു മങ്ങിയെങ്കിലും സന്തോഷം വരുത്തി സഖാവ് ചിരിച്ചുകൊണ്ട് പറഞ്ഞു…..”ഞാൻ…. ചോദിക്കാനിരിക്കുവായിരുന്നു, എന്താ കല്യാണം ഒന്നും കഴിക്കുന്നില്ലേ…ന്ന്. “ഞാൻ ഒന്ന് പുഞ്ചിരിച്ചു…”അടുത്ത മാസം ഇരുപത്തിനാലിനാണ് കല്യാണം….സഖാവ് വരില്ലേ കല്യാണത്തിന്..? പരോൾ കിട്ടില്ലേ….??? “”പരോൾ ഒക്കെ കിട്ടും… പക്ഷേ ഞാൻ വരില്ല ഗൗരി….ഇവിടെ നിന്നും പുറത്തിറങ്ങുന്നത് പൂർണ സ്വാതന്ത്ര്യത്തോടെ ആയിരിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്. തിരിച്ചുവരാനായി ഞാൻ ഇവിടെ നിന്നും ഇറങ്ങില്ല.”എന്നത്തേയും പോലെ കുറച്ചുനേരം കഥകളും, കവിതകളും, വിപ്ലവവും ഒക്കെ ചർച്ചചെയ്തു ഞങ്ങൾ.
എന്റെ പിറന്നാൾ സമ്മാനമായി ഞാൻ സഖാവിനോട് ആവശ്യപ്പെട്ടത്, ‘നാളെയീ പീതപുഷ്പങ്ങൾ……എന്നു തുടങ്ങുന്ന എന്റെ ഇഷ്ട കവിത ചൊല്ലിതരാൻ ആയിരുന്നു. മിക്കവാറും ഞാൻ പോകും മുൻപ് മനോഹരമായി കവിതകൾ ചൊല്ലിത്തരുമായിരുന്ന സഖാവിന്റെ സ്വരം ഇപ്രാവശ്യം ഇടറിയിരുന്നു……… “എന്തുപറ്റി സഖാവേ….???” എന്നുള്ള എന്റെ ചോദ്യത്തിന് ഉത്തരം നൽക്കാനാവാതെ കുറച്ചു സമയം എന്നെ തന്നെ നോക്കി നിന്നു സഖാവ്.കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആ സ്വരം ഉയർന്നു…”ഗൗരി…താൻ എനിക്ക് ഒരു വലിയ ആശ്വാസമായിരുന്നു… ഇവിടുത്തെ മടുപ്പിക്കുന്ന ഏകാന്തതയിൽ… നെഞ്ച് നുറുങ്ങുന്ന വേദനയിൽ… വന്ന യൊരു കുളിർ മഴയായിരുന്നു നീ…നിന്റെ ചിരിയും, ശബ്ദവും, കുസൃതിയുമൊക്കെ ഇനി എനിക്കന്യമാകുകയല്ലേ…..നിന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ നിനക്ക് ഇവിടെ വരാനാവുകയി ല്ലല്ലോ…….””അത്, ശരിയാ സഖാവേ… കല്യാണം കഴിഞ്ഞാൽ പിന്നെ എനിക്ക് ഇവിടെ വരാൻ ആവില്ല… പക്ഷേ അതിന്, എന്റെ കല്യാണം കഴിയാൻ ഇനിയും ഒരു നാലു വർഷവും, ഏഴു മാസവും പിടിക്കും… കാരണം താലി കെട്ടേണ്ട ആള് ജയിലിലാണ്…
പുറത്തിറങ്ങിയാൽ അടുത്തുതന്നെയുള്ള ശുഭ മുഹൂർത്തത്തിൽ കല്യാണം എന്ന് അച്ഛൻ വാക്ക് പറഞ്ഞിട്ടുണ്ട്.”വിശ്വാസം വരാതെ എന്റെ കണ്ണുകളിലേക്കു നോക്കി, അന്തംവിട്ടു നിൽക്കുന്ന സഖാവിനെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു….സഖാവ് ഇതുവരെ ആ കല്യാണക്കുറി തുറന്നുനോക്കിയില്ലല്ലോ…അതെന്റെ അനുജത്തി രേഷ്മയുടെ കല്യാണക്കുറി ആണ്…”ഇമ ചിമ്മാതെ…എന്നെത്തന്നെ നോക്കിനിൽക്കുന്ന സഖാവിന്റെ കണ്ണുകളിലേക്ക് നോക്കിയാണ് ഞാൻ ബാക്കി പറഞ്ഞത്…. “എന്റെ സഖാവ്, ഒരു കൊലയാളിയല്ല….
അനീതിക്കെതിരെ പോരാടി, നീതി നടപ്പാക്കിയ ഒരു വിപ്ലവകാരിയാണ്…. എനിക്കിഷ്ടമാണ് എന്റെ ഈ സഖാവിനെ…. ഞാൻ കാത്തിരിക്കുകയാണ് സഖാവ് ഈ അഴികൾക്കുള്ളിൽ നിന്നും പുറത്തിറങ്ങുന്നനിമിഷങ്ങൾക്കായി.””മാഡം… സമയമായി….” പാറാവ് നിൽക്കുന്ന പോലീസുകാരനാണ്. ഉള്ളിൽ നിറഞ്ഞ സ്നേഹത്തോടെ…. ബഹുമാനത്തോടെ…. എന്റെ സഖാവിന് ലാൽസലാം പറഞ്ഞു ഞാൻ, തിരിഞ്ഞു നടന്നപ്പോൾ എന്റെ മനസ്സിൽ പൊന്തി വന്ന മുഖം പ്രിയ കൂട്ടുകാരി ശ്രുതിയുടെയായിരുന്നു…അവളുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും…. അവൾക്കായി നീതി നടപ്പാക്കിയ ധീരസഖാവിന്റെ സഖിയായി, അവളുടെ പ്രിയകൂട്ടുകാരി എത്തിയതിൽ.
