കഥാരചന : ജോർജ് കക്കാട്ട്*

ആലിപ്പഴം വീഴുന്നേ ആലിപ്പഴം വീഴുന്നേ എന്ന ഒച്ച കേട്ടാണ് ഞാൻ ഉണർന്നത് .കണ്ണുതിരുമ്മി .നേരെ ജനൽ വഴി പുറത്തേക്കു നോക്കി ഗാർഡനിൽ മുഴുവൻ ആലിപ്പഴം വീണുകിടക്കുന്നു ..ഹാളിലെത്തിയപ്പോൾ മോൻ ഗാർഡനിലേക്കു നോക്കി നിൽക്കുന്നു .മകൻ പറഞ്ഞു അതെ ഏപ്രിൽ കാലാവസ്ഥ ..അതെ ശരിക്കും ഏപ്രിൽ മാസം ..മഴയും മഞ്ഞും വെയിലും ദേ ഇപ്പൊ ആലിപ്പഴവും ..മകൻറെ നേരെ ശരിയെന്നു തലയാട്ടി.

നേരെ ഒരു കാപ്പി ഉണ്ടാക്കി മോന്തി കുടിച്ചു കൊണ്ടിരുന്നു .മോൻ നേരെ അവന്റെ മുറിയിലേക്കും . അവൾ നേരെ പുറത്തേക്കു കൈചൂണ്ടിപ്പറഞ്ഞു കണ്ടോ നമ്മുടെ ചെമ്പകം പൂത്തു നിൽക്കുന്നത് ..കണ്ടോ രണ്ടു ദളങ്ങൾ താഴെ വീണുകിടക്കുന്നു . ഞാൻ നോക്കി അയ്യോ രണ്ടു ദിവസമല്ലേ ആയുള്ളൂ ചെമ്പകം പൂക്കാൻ തുടങ്ങിയിട്ട് . ഹോ ഈ ആലിപ്പഴം വീഴാൻ കണ്ട സമയം .ചൂട് കാപ്പി ചുണ്ടോടു ചേർത്ത് ഒറ്റവലി ഹോ ഭയങ്കര ചൂട്,പുറത്തേക്കു തുപ്പാതെ സാവധാനം ഉള്ളിലിറക്കി ഇത് കണ്ട അവളുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു .

തണുത്ത കാറ്റ് മുറിക്കുള്ളിലേക്ക് കടന്നു വന്നു കൂടെ ഒരു മൂളിപ്പാട്ടും പുറത്തെ റോഡിലേക്ക് നോക്കി ആരാണ് ഈ മൂളിപ്പാട്ട് പാടുന്നത് ..ഹേ അവളല്ല ..കാപ്പി ഊതി ഊതി കുടിക്കുകയാണ് അവൾ ..പിന്നെ ആര് .. ഹ കണ്ടു ..ദേ റോഡിലൂടെ ഒരു അന്ന നടയുമായി പാതി മേനി മറച്ചും മുഖം മൂടിയും വച്ച് അവൾ അങ്ങനെ ചന്തത്തിൽ നടന്നു പോകുന്നു ..അതെ കുറെ നാളായി ഞാൻ അവളെ നോട്ടമിട്ടിട്ടു ..

വീടിന്റെ മുൻപിൽ വരുമ്പോൾ അവൾക്ക് ചുണ്ടിൽ ചെറിയ മൂളിപ്പാട്ട് വരും.. എടി സുന്ദരി താറാവ് പെണ്ണെ നിന്നെ ഞാൻ പിടിക്കും ..ഈസ്റ്ററിനു കറിയാക്കും ..ഞാൻ പറയുന്ന കേട്ട് അവൾ എന്റെ നേരെ കൂർപ്പിച്ചു നോക്കി ..ങ്ങ ഹ .. ആരോടാണ് നിങ്ങൾ ഈ പറയുന്നത് .

ഞാൻ അറിയാതെ ഏതാ ഒരു പെണ്ണ് നിങ്ങൾക്ക്.. ആരാ നിങ്ങളോട് ചാറ്റ് ചെയ്യുന്നത് .രാവിലെ രംഗം.വഷളാകാൻ തുടങ്ങുന്നതിനു മുൻപേ കാര്യം വിശദമാക്കി ..റോഡിലൂടെ നടന്നുപോകുന്ന മുഖം മറച്ച താറാവ് പെണ്ണിനെ കാണിച്ചു കൊടുത്തു ..അടുത്ത വീട്ടിലെ പെൺതാറാവ് രാവിലെ സവാരിക്കിറങ്ങിയതാണ് .. അവൾ താറാവ് എന്ന് കേട്ടില്ലായിരുന്നു .പിന്നെ എന്റെ നേരെ നോക്കി പൊട്ടി പൊട്ടി ചിരിച്ചു .. ചെറിയൊരു ആശ്വാസം .

ഞാൻ പറഞ്ഞു ഹോ ..എന്തൊക്കെ പൊല്ലാപ്പായിരുന്നു ഈഡി ചോദ്യം ചെയ്യുന്നപോലെ . അവൾ താറാവ് എന്നുള്ളത് കേട്ടില്ല .. ഹോ രാവിലത്തെ മൂട് കളഞ്ഞു..
ഞാൻ നേരെ ടി വി ഓണാക്കി ചാനൽ ചർച്ച . കോവിഡ് കൂടി വരുന്നതിനെക്കുറിച്ചു .വെറുതെ വായിട്ടലക്കുന്നു .. ഈ പറയുന്ന ആൾ മാസ്‌ക് ധരിച്ചിരിക്കുന്ന കണ്ടാൽ മുതുകിനിട്ടു ഇടി കൊടുക്കാൻ തോന്നും .. ഹോ അപ്പോൾ രണ്ടുമീറ്റർ അകലം പാലിച്ചു എങ്ങനെ ഇടിക്കും ..

ങ്ങ വിട്ടുകളയാം.അവിടെ ജനങ്ങൾ ആരും തന്നെ മാസ്‌ക് ധരിക്കുന്നില്ല ഒട്ടു അകലം പാലിക്കുന്നുമില്ല .. കണ്ടോ മുകളിൽ ഞാൻ പറഞ്ഞത് ..ഇവിടുത്തെ താറാവും പട്ടികളും മനുഷ്യരും എല്ലാം മാസ്‌ക് ധരിക്കുന്നു .അകലം പാലിക്കുന്നു .ടി വി ഓഫ് ചെയ്തു.

അവൾ നേരെ അടുക്കളയിലേക്ക് കയറി ..വന്നേ ഇതൊക്കെ ഒന്ന് അരിഞ്ഞു തന്നേ കൊറോണ കാരണം പള്ളികളിൽ എല്ലാം ഓൺലൈൻ സർവീസ് അല്ലേ .. പെസഹാ അപ്പവും പാലും ഓൺലൈൻ ആയി വിശ്വാസികൾക്ക് കൊടുക്കപ്പെടും എന്ന് എനിക്കൊരു വാട്‍സ് ആപ്പ് മെസ്സേജ് വന്നിരുന്നു .പിന്നെ അതിൽ പാട്ടുപാടേണ്ടവരുടെ ലിസ്റ്റും.
അവൾ പറഞ്ഞു നിർത്തിയതും ഞാൻ കണ്ണ് തുറന്നു നോക്കി ..എന്നിട്ടു പെസഹാ അപ്പവും പാലും സൂം ആപ്പ് വഴിയോ ? ഒന്ന് പകച്ചു ചിലപ്പോൾ ഓൺലൈനിൽ ഓർഡർ കൊടുക്കാം എന്നാകും .. ഹി .. അവളുടെ ഹാസ്യം കേട്ട് ചിരി പൊട്ടി ..പിന്നെ ആ പാട്ടു പാടുന്നവരുടെ ലിസ്റ്റ് .കേട്ടാൽ ചിരിവരും . അത് സ്ഥിരമായിട്ടുള്ളത് തന്നെ . പണത്തിന്റെ ബലം അനുസരിച്ചു ആ ലിസ്റ്റും മാറും ..

എന്തായാലൂം ആ ആപ്പിൽ ഒന്ന് കയറാം .. അപ്പോൾ നിങ്ങളും കൂടെ വരികയല്ലേ ? ആ ബലി കാണാനും കേൾക്കാനും .. ഒരു മിനിറ്റ് ഞാൻ ഇതൊന്നു അരിഞ്ഞു കൊടുത്തിട്ടു അവളെയും കൂട്ടിവരാം..അപ്പോൾ സ്ത്രീകൾ എല്ലാരും ഒരു തുണി തലയിൽ ഇട്ടോ .അല്ലങ്കിൽ വൈദീകൻ .ദേഷ്യപ്പെടും..സ്വന്തം ദേഹത്തു എന്തിടണമെന്നു തീരുമാനിക്കാൻ പോലും നമുക്ക് അനുവാദമില്ല . എന്തായാലും മുഖംമൂടി വച്ചോണേ ..മഹാമാരിയും പിന്നെ മുഖത്തെ മറ്റുള്ളവരിൽ നിന്നും മറക്കാം ..

ഞാൻ നേരെ എന്റെ പുസ്തകപ്പെട്ടി തുറന്നു .സൂം ആപ്പിലേക്ക് വളരെ ഭക്തിയോടും ആദരവോടും കൂടി ബലിയിലേക്കു കയറി .ലിസ്റ്റിലുള്ളവർ ഓരോരുത്തരായി വരുന്നു അവരുടെ കാര്യങ്ങൾ നടത്തുന്നു മടങ്ങുന്നു .ഒരു പ്ലാസ്റ്റിക് കപ്പും പാത്രവുമായി ഞാൻ ആപ്പിന്റെ മുൻപിലിരുന്നു ..അപ്പവും പാലും കിട്ടുമെന്ന് കരുതി ..ഇല്ല ഒന്നും കിട്ടിയില്ല .വെറുതെ നോക്കിയിരുന്നത് മിച്ചം ..
അതിനിടയിൽ വീണ്ടും ആ വിഡിയോകൾ റീപ്ലേ ചെയ്തു .. ശോ ഭേഷായി .. അങ്ങനെ വ്യക്തി സ്വാത്യന്ത്ര്യങ്ങൾ പബ്ലിക് ആയി .അയ്യേ ഇതൊക്കെ ആണോ ? നിർത്തി എല്ലാം നിർത്തി .കണ്ണുകൾ അടച്ചു നേരെ ആപ്പ് ഓഫാക്കി. ഉറക്കെ പാഞ്ചാലി മന്ത്രം ചൊല്ലി ..അതുകേട്ട് നിങ്ങൾ എപ്പോളാ വടക്കുംനാഥന്റെ എടുത്തേക്കു പോയത് .. അവിടെ ആകുമ്പോൾ കുടമാറ്റം കാണാം എന്നുകരുതി.ഒന്ന് നീട്ടി മൂളി സമയം പോയതറിഞ്ഞില്ല .
മോന്തപുസ്തകത്തിലെ ഗ്രുപ്പുകളികൾ കേരള കോൺഗ്രസ്സിനേക്കാളും വലിയ ഗ്രുപ്പിസം. ലൈക്ക്‌ തേടി ഓടുന്നവർ ..അതിനിടയിൽ നല്ല എഴുത്തുകൾ കല്ലിൽ തട്ടി മറിഞ്ഞു വീഴുന്നു .വീണവനെ ഒന്ന് കൈപിടിച്ചെണീപ്പിക്കാൻ നോക്കാതെ അവർ മുന്നോട്ടോടുന്നു. സഹായം അനുകമ്പ തുടങ്ങിയവ മോന്ത പുസ്തകത്തിൽ വളരെ കുറവ് .

അകത്തു നിന്നും ഒരു കിളി നാദം ഞാൻ റെഡി ആയി പള്ളിയിൽ പോകുവല്ലേ ..ഞാനും ഒന്നെടുത്തുചാടി രണ്ടുകാലുകളും പാന്റിൽ ക്ര്യത്യമായി വീണു .

വണ്ടിയിൽ കയറി പള്ളിയിലെത്തി .മുഖം മൂടി എടുത്ത് വച്ച് നേരെ പള്ളിയിലേക്ക് മുൻവാതിൽക്കൽ ഒരു കുട്ടിയെ മടിയിലിരുത്തി ഒരു സ്ത്രീ ഇരിക്കുന്നു .പാതി കീറിയ ജാക്കറ്റ് കണ്ണുകളിൽ ദയനീയത ചെളിപിടിച്ച കുട്ടിക്കുപ്പായം കൊണ്ട് കുട്ടിയെ മൂടിയിരിക്കുന്നു .രണ്ടു കൈകളും ഞങ്ങളുടെ നേരെ നീട്ടി.ഞാൻ ഒന്നാലോചിച്ചു നിന്നു ..തൊട്ടുപുറകിൽ വന്ന മുന്തിയ ആളും കുറച്ചു പരിവാരങ്ങളും ആ സ്ത്രീയെ ചീത്ത പറഞ്ഞു പള്ളിക്കുള്ളിലേക്കു നടന്നു.ആ സ്ത്രീ അവിടെ നിന്നും എണീറ്റ് പുറത്തെ ബെഞ്ചിലേക്ക് ..നല്ല തണുപ്പും .മനസ്സിൽ ചെറിയ വേദനയോടെ തൊട്ടുപുറകേ ഞങ്ങളും പള്ളിക്കുള്ളിലേക്ക് .

അകലം പാലിച്ചും മാസ്‌ക് ധരിച്ചും ഭക്ത ജനങ്ങൾ കർമ്മിയുടെ വാക്കുകൾ ഏറ്റു ചൊല്ലിക്കൊണ്ട് മുട്ട് കുത്തി ബലീ അർപ്പിക്കുന്നു . പിന്നീട് വചന സന്ദേശം വളരെ ഉച്ചത്തിൽ ഘോരമായി പ്രസംഗിക്കുന്നു ..എന്റെ മനസ്സ് മുഴുവൻ ആ സ്ത്രീയെയും കുട്ടിയേയും കുറിച്ചായിരുന്നു. ബലി കഴിഞ്ഞു എല്ലാവരും കുശലം പറഞ്ഞു അടുത്തേക്ക് വരുവാൻ തുടങ്ങി, ഞങ്ങൾ കുറച്ചകലേക്കു മാറി രണ്ടു മെഴുകു തിരികൾ കത്തിച്ചു അപ്പോഴേക്കും അവിടം കാലിയായിരുന്നു .ഞങ്ങളും പുറത്തേക്കിറങ്ങി..
അപ്പോൾ ആ സ്ത്രീ വീണ്ടും ഞങ്ങളുടെ നേരെ കൈ നീട്ടി . ഞാൻ അവരെക്കുറിച്ചു ചോദിച്ചു. അവർ പറഞ്ഞുതുടങ്ങി ..ഞാൻ മോനെ വിളിച്ചുപറഞ്ഞു ഞങ്ങൾ പുറത്തു നിൽക്കുകയാണ് വണ്ടികൊണ്ട് വന്നോളൂ പോരുമ്പോൾ ഒരു പാത്രത്തിൽ കുറച്ചു ഭക്ഷണം കൊണ്ടുവരാൻ പറഞ്ഞു ..മകനോട് എങ്ങനെ അത് കൊണ്ടുവരണമെന്ന് വിവരിച്ചു കൊടുത്തു .

ആ സ്ത്രീ പറഞ്ഞത് .. പാലസ്തീനിൽ നിന്നും അവർ അഭയാർഥികൾ ആയി വന്നതാണെന്നും .. കൂടെ ഉണ്ടായിരുന്ന ഭർത്താവും മൂത്ത മകളും പനിപിടിച്ചു മരിച്ചുവെന്നും പറഞ്ഞു.
അഭയാർഥി മന്ദിരത്തിൽ നിന്നും കിട്ടുന്ന ചെറിയ തുക കൊണ്ട് കുട്ടിക്ക് ഭക്ഷണം കൊടുക്കാൻ കഴിയില്ല എന്നും എന്തെങ്കിലും തന്നു സഹായിക്കണമെന്നും പറഞ്ഞു..

ആ കുട്ടി പൊടിപിടിച്ച മുഖം കാട്ടി ഞങ്ങളെ നോക്കി ചിരിച്ചു. ആ കുട്ടിയോട് പേരെന്ത് എന്ന് ചോദിച്ചു ?. ഉറക്കെ അവൻ മറുപിടി പറഞ്ഞു ആർകി . ഞങ്ങൾ രണ്ടാളും മുഖാമുഖം നോക്കി .അപ്പോഴേക്കും മകൻ ഭക്ഷണവുമായി എത്തി .. മകനോട് അത് അവർക്ക് കൊടുക്കുവാൻ പറഞ്ഞു .

അവൻ അത് അവരുടെ നേരെ നീട്ടി .അത് വാങ്ങി അവർ കൈകൾ കൂപ്പി ആ കൈകളിലേക്ക് കുറച്ചു വെള്ളി നാണയങ്ങൾ ഇട്ടു കൊടുത്തു .അവരുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊടിയുന്നു ..അവർ ആകാശത്തേക്ക് കൈകൾ ഉയർത്തി എന്തോ പ്രാർത്ഥിക്കുന്നു .ഞങ്ങൾ തിരിഞ്ഞു നടന്നു.

മകൻ ചോദിച്ചു പള്ളിയിൽ വന്ന ആരും ഇവരെ കണ്ടില്ലേ .ഈസ്റ്റർ ആയിട്ട് .. അവന്റെ ചോദ്യം? ശരിക്കും ? അതിനു എന്ത് മറുപിടി പറയും .

ദേവാലയത്തിന്റെ മുൻപിൽ വിശന്നു വലഞ്ഞു ഇരുന്ന ആ മനുഷ്യജീവിതങ്ങൾ കാണാതെ ..അകത്തേക്ക് നടന്ന മനുഷ്യർ ..ദേവാലയത്തിനകത്തു ഘോര വചനങ്ങൾ കേട്ട് മുട്ടുകുത്തിയിട്ടെന്തു കാര്യം . ..ദൈവം കണ്ണുതുറന്നു കാണുന്നില്ലേ പുറത്തെ ആ രണ്ടു മനുഷ്യ ജീവിതങ്ങളെ. ഞങ്ങൾ മൗനമായി വണ്ടിയിൽ ഇരുന്നു.വണ്ടി നേരെ വീട്ടിലേക്ക് ഓടിക്കൊണ്ടിരുന്നു.

വീട്ടിലെത്തി നേരെ തന്റെ മധു ചഷക പെട്ടി തുറന്നു ചില്ലു ഗ്ലാസ്സുകളിൽ വർണ്ണങ്ങൾ മിന്നിമറയുന്നു . വെളുത്ത കുപ്പിയിൽ നിന്നും ഒരു ഗ്ലാസ്സിലേക്കു ജിൻ പകർത്തി ..നേരെ അടുക്കളയിൽ കയറി ഒരു പച്ചമുളകും ഒരു കഷണം ചെറു നാരങ്ങയും ചെറുതായി അരിഞ്ഞു രണ്ടു മൂന്നു ഐസ് കുബുകളും ഗ്ലാസിലേക്ക് ഇട്ടു ..വേറൊരു ഗ്ലാസിൽ മുന്തിരി വൈൻ പകർന്നു അവൾക്ക് നേരെ നീട്ടി . ജിൻ ഗ്ലാസ് വട്ടം കറക്കി ഒരു സിബ് എടുത്തു നേരെ ബാൽക്കണിയിലെ ചാര് കസേരയിലേക്ക് ഇരുന്നു ..

ദേ അവൾ വീണ്ടും വരുന്നു ഒരു മൂളിപ്പാട്ടും മാസ്കും ധരിച്ചു അന്ന നടയുമായി .നമ്മുടെ സുന്ദരി പെൺ താറാവ് . നിന്നെ ഞാൻ ഇന്ന് കറിവയ്ക്കും . കുറച്ചു കഴിഞ്ഞു അടുക്കളയിൽ നിന്നും താറാവ് കറിയുടെ ഗന്ധം.ഗ്ലാസിലെ ജിൻ വലിച്ചു കുടിച്ചുകൊണ്ട് നേരെ അടുക്കളയിലേക്ക് . വേറെ ഒന്നിനുമല്ല കേട്ടോ .. ഒരു പെഗ് ജിൻ കൂടിയെടുക്കാൻ .

By ivayana