പ്രേം കുമാർ.

നോക്കൂ, ആരവങ്ങളൊക്കെ ഒഴിഞ്ഞ ശേഷം , ഒരു നാൾ തനിച്ചിരിക്കുമ്പോൾ ; ഓർമ്മകൾ നിങ്ങളുടെ ഇടനെഞ്ചിൽ ഒരു കൊളുത്തിട്ട് വലിക്കുമ്പോൾ , ആളും അനക്കവുമില്ലാത്ത ആ വീട്ടിലേക്ക് – രക്തസാക്ഷിയുടെ വീട്ടിലേക്ക് നിങ്ങൾ തനിയെ ഒന്ന് പോയിട്ടുണ്ടോ ?

ഉണ്ടെങ്കിൽ നിങ്ങൾക്കറിയാം മകനെ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരിന്റെ നോവ് , നെഞ്ചിൽ കിടത്തി ഉറക്കി വളർത്തിയ മകന്റെ ഓർമ്മകളിൽ ഹൃദയം പിടയുന്ന ഒരച്‌ഛന്റെ വേദന , കൂടപ്പിറപ്പ് നഷ്ടപ്പെട്ട ഒരു സഹോദരിയുടെ അല്ലെങ്കിൽ സഹോദരന്റെ ചുടുനിശ്വാസങ്ങൾ, ഓർമ്മകളിൽ നഷ്ടപ്പെട്ട് ദൂരെയെങ്ങോ നോക്കി മിഴികൾ നനയുന്ന ഒരു ഭാര്യയുടെ ഹൃദയത്തിന്റെ നോവാഴം, അപ്പോഴും നഷ്ടത്തിന്നാഴം അറിയാതെ നിങ്ങളെ പകച്ച് നോക്കുന്ന ഒരു കുഞ്ഞിന്റെ കണ്ണുകളിലെ അപരിചിതത്വം.

ഞാൻ പോയിട്ടുണ്ട്. അങ്ങനെയുള്ള രക്തസാക്ഷി കുടുംബത്തിലേക്ക് – ഒന്നല്ല, പലതവണ . SFI യിലും DYFI യിലും CPM ലും ഒക്കെ തോളോട് തോൾ ചേർന്ന് പൊരുതിയ പ്രിയ കൂട്ടുകാരുടെ , പോരാട്ടങ്ങൾ പാതിവഴിയിൽ അവസാനിപ്പിച്ച് മടങ്ങിയ പ്രിയ സഖാക്കളുടെ പല വീടുകളിലും ഞാൻ പോയിട്ടുണ്ട്. അവിടുന്ന് അവർ നീട്ടിയ ഒരു ഗ്ലാസ്സ് കടുംചായ പോലും കഴിക്കാനാവാതെ ഒരിറ്റ് വെള്ളം പോലും ഇറക്കാനാവാതെ നെഞ്ച് കലങ്ങി , കണ്ണ് നിറഞ്ഞ് ഇറങ്ങി പോന്നിട്ടുണ്ട്.
മരണം എന്നും വേദനയാണ്. അത് ആർക്കായാലും, എന്തിന്റെ പേരിലായാലും. നഷ്ടങ്ങൾ എന്നും നഷ്ടങ്ങൾ തന്നയാണ് , തിരിച്ച് പിടിക്കുവാനാവാത്ത നഷ്ടങ്ങൾ.

ഒരേ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും എതിരാളികളുടെ കത്തിമുന നെഞ്ച് കീറിപ്പൊളിച്ച് പാഞ്ഞ് പോവുകയും ചെയ്യുമ്പോൾ പിടഞ്ഞ് വീണ് മരിക്കുന്ന രക്തസാക്ഷികൾ. അവർ എന്നും ഹൃദയങ്ങളിൽ ജീവിക്കുന്നുണ്ട് , തീർച്ചയായും അവർ ആവേശവുമാണ്. പക്ഷെ …….. ആ രക്തസാക്ഷിത്വം അനാഥമാക്കുന്ന നിരവധി ജീവിതങ്ങളെ , കുഞ്ഞുങ്ങളെ ഒക്കെ ഞാൻ കണ്ടിട്ടുണ്ട് , അറിഞ്ഞിട്ടുണ്ട്.

നിരവധി സമര മുഖങ്ങളിൽ കൂടെ ഉണ്ടായിരുന്ന , രക്തസാക്ഷിത്വം വരിച്ച സഖാവിന്റെ വീട്ടിലേക്ക് പിന്നീട് കടന്ന് ചെല്ലുമ്പോൾ , അവന്റെ അമ്മയെ, അച്‌ഛനെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ നമ്മളറിയും ആ നെഞ്ചിന്റെ പിടച്ചിൽ. മകനെ എന്ന് വിളിച്ച് ആ അമ്മ കെട്ടിപ്പിടിക്കുമ്പോൾ , അവരുടെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന നീർത്തുള്ളികൾ നിങ്ങളുടെ കൈത്തണ്ടയിൽ പതിക്കുമ്പോൾ നിങ്ങളറിയും അതിന്റെ ചൂടും നോവിന്റെ ആഴവും.

അതെ, ആരും – ആർക്കും പകരക്കാരാവുന്നില്ല എന്ന സത്യത്തിന് മുന്നിൽ നിങ്ങൾ പകച്ച് പോകും.
കൊല്ലപ്പെടുന്നത് ഏത് രാഷ്ട്രീയത്തിൽ പെട്ടവനാണെങ്കിലും ആ മരണം സൃഷ്ടിക്കുന്ന ഉണങ്ങാത്ത മുറിവുമായി ജീവിതം തള്ളി നീക്കുന്ന ഒരു പാട് ജീവിതങ്ങൾ ഇവിടെ ബാക്കിയാവുന്നുണ്ട്. ഒരുപാട് അമ്മമാർ , ഭാര്യമാർ , സഹോദരിമാർ , കുഞ്ഞു മക്കൾ ……….
രാഷ്ട്രീയം – അത് ആവശ്യമാണ്. പക്ഷെ സംഘട്ടനം – അത് ആശയങ്ങൾ തമ്മിലാവണം , ആയുധങ്ങൾ തമ്മിലാവരുത്.

നാളുകൾക്ക് മുൻപ് ; കൊറോണക്കാലത്തിനും മുൻപ് , ഒരു നാൾ , തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ പോയി. പ്രൗഢവും ഗംഭീരവുമായ സദസ്സ് . സദസ്യരിൽ ഒരാളായി ഞാനൊരു മൂലയിൽ ഒതുങ്ങിയിരുന്നു. ഏറെ നേരം കഴിഞ്ഞ് ഒരു സിഗരറ്റ് വലിക്കുവാനായി , എഴുന്നേറ്റ് പോയി ചങ്ങമ്പുഴ ഹാളിന്റെ വശത്തുള്ള മരച്ചുവട്ടിൽ മാറി നിന്നു . അപ്പോഴാണ് അവൾ ഏഴെട്ട് വയസ്സുളള ഒരു പെൺകുട്ടിയുടെ കയ്യും പിടിച്ച് എന്റെ നേർക്ക് നടന്ന് വന്നത്.

പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ്. ഒറ്റനോട്ടത്തിൽ തന്നെ അവളെ തിരിച്ചറിഞ്ഞു. വർഷങ്ങൾക്ക് മുൻപ് സംഘപരിവാറുകൾ വെട്ടിക്കൊലപ്പെടുത്തിയ സഖാവിന്റെ ഭാര്യയാണ്. സഖാവ് രക്തസാക്ഷിയാവുമ്പോൾ ആ മോൾ ഒരു കൈക്കുഞ്ഞായിരുന്നു. പിന്നീട് പാർട്ടി ഇടപെട്ട് സഖാവിന്റെ ഭാര്യയ്ക്ക് ഒരു ചെറിയ ജോലി സംഘടിപ്പിച്ച് കൊടുത്തിരുന്നു. സ്ഥിരവരുമാനമുളള ഒരു ചെറിയ ജോലി.

അടുത്തേക്ക് വന്ന അവൾ , ഒരു വരണ്ട ചിരിയോടെ , എന്റെ കൈത്തണ്ടയിൽ പിടിക്കുകയും – “സഖാവേ എന്നെ ഓർമ്മയുണ്ടോ ” ? എന്ന് ചോദിക്കുകയും ചെയ്തു. അവളെ – ആ സഖാവിനെയും മോളേയും ചേർത്ത് പിടിച്ച് ഞാൻ വിശേഷങ്ങൾ തിരക്കി. കുറച്ച് നേരം ഞങ്ങൾ ആ മരച്ചുവട്ടിൽ ഇരുന്ന് വർത്തമാനങ്ങൾ പറഞ്ഞു. പിന്നെ അക്കാദമിയുടെ ഗേറ്റിന് എതിർ വശത്തുള്ള റസ്റ്റോറന്റിലേക്ക് ഞാനവരെ കൂട്ടിക്കൊണ്ട് പോയി.

മോൾക്ക് കഴിക്കാൻ എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോൾ കുട്ടി മടിയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി. അവൾ പറഞ്ഞു: “മോൾ പറഞ്ഞോളു എന്താ വേണ്ടതെന്ന് , മടിക്കേണ്ട, ഇത് നമ്മുടെ സഖാവാണ്. “

കുഞ്ഞ് മടിച്ച് മടിച്ച് “മസാലദോശ ” എന്ന് പറഞ്ഞു. ഞാൻ മൂന്ന് മസാല ദോശയ്ക്കും കാപ്പിക്കും ഓർഡർ കൊടുത്ത് അവളോട് സംസാരിച്ചു കൊണ്ടിരുന്നു. അവൾ പറഞ്ഞതത്രയും അവന്റെ മരണത്തിനു ശേഷം ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന യാതനകളെപ്പറ്റിയാണ്. പാർട്ടിയും സഖാക്കളും ഇടയ്ക്കിടയ്ക്ക് സഹായങ്ങൾ ചെയ്യുന്നുണ്ട് , വിവരങ്ങൾ അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞിട്ട് , അവളൊന്ന് നിർത്തി…

ആ കണ്ണുകൾ നിറഞ്ഞ് വരുന്നത് അവൾ മറയ്ക്കാൻ നോക്കിയെങ്കിലും ഞാനത് വ്യക്തമായി കണ്ടു. ഞാൻ ചോദിച്ചു – “എന്താ സഖാവേ, എന്തെങ്കിലും പ്രശ്നം ?”
അവൾ പറഞ്ഞു: “സഖാവേ, എന്തൊക്കെ ആണെന്ന് പറഞ്ഞാലും ആരും ആർക്കും പകരമാവില്ലല്ലോ. നമ്മുടെ സമൂഹം, അത് വൃത്തികെട്ടതാണ്. ഞാനെങ്ങോട്ട് തിരിഞ്ഞാലും മുനയുള്ള നോട്ടങ്ങൾ, നൂറ് ചോദ്യങ്ങൾ. ചിലപ്പോഴൊക്കെ വല്ലാതെ മടുത്തു പോകുന്നു സഖാവേ ” .
എന്ത് പറയണമെന്നറിയാതെ ഞാനിരുന്നു.

തൃശ്ശൂരിൽ പോകുമ്പോഴൊക്കെ വാങ്ങിക്കുവാൻ ലിസ്റ്റ് ചെയ്ത് വച്ചിരിക്കുന്ന കുറേ പുസ്തകങ്ങൾ – ഗ്രീൻ ബുക്സിന്റെ പടിഞ്ഞാറേ നടയിലെ ഷോറൂമിൽ പോയി വാങ്ങിക്കാറുണ്ട്. പലപ്പോഴും 1500 – 2000 രൂപ റെയ്ഞ്ചിൽ പുസ്തകങ്ങൾ വാങ്ങിച്ച് കൊണ്ടാണ് പോരാറുള്ളത്. അന്ന് പുസ്തകങ്ങൾ വാങ്ങിക്കണ്ട എന്ന് തീരുമാനിച്ചു. ഭക്ഷണം കഴിച്ച ശേഷം സഖാവിനേയും മോളേയും കൂട്ടി അക്കാദമിയുടെ അടുത്ത് തന്നെ ഉള്ള ഒരു ഷോപ്പിൽ കയറി മോൾക്ക് ഇഷ്ടപ്പെട്ട ഒരു ഡ്രസ്സ് എടുത്ത് കൊടുത്തു. അത് വാങ്ങുമ്പോൾ ആ മുഖത്ത് സന്തോഷം വിടരുന്നതും സഖാവിന്റെ കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു.

പറഞ്ഞ് വന്നത്, അകാലത്തിലുളള ഓരോ മരണവും ജീവിച്ചിരിക്കുന്ന ചിലർക്ക് തീരാ വേദനയാണ്. കൊല്ലപ്പെടുന്നവരൊക്കെ തന്നെയും ചിലരുടെയൊക്കെ പ്രിയപ്പെട്ടവരായിരുന്നു എന്നത് ഓർക്കുക.

രാഷ്ട്രീയം മനുഷ്യ നന്മയ്ക്ക് വേണ്ടിയാണ്. സമൂഹ ജീവി എന്ന നിലയിൽ അത് മനുഷ്യന് ആവശ്യവുമാണ്. വിവിധങ്ങളായ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന (അതിൽ തന്നെ പ്രതിലോമകരമായ വയും ഉണ്ടാവും) രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് ഇവിടെയുള്ളത്. പക്ഷെ എന്നും എപ്പോഴും ആശയങ്ങൾ തമ്മിൽ മാത്രമേ ഏറ്റുമുട്ടാവൂ. ആശയ സമരത്തിലേക്ക് ആയുധങ്ങൾ കടന്ന് വരരുത്. തീർച്ചയായും അത് അങ്ങനെ തന്നെയായിരിക്കണം.

ഓരോ രക്തസാക്ഷിയേയും ഓർത്ത് കണ്ണീർ പൊഴിച്ച് ജീവിക്കുന്ന ഒരു പാട് ജീവിതങ്ങൾ തിരശ്ശീലയ്ക്ക് പിറകിൽ ഉണ്ടെന്നുള്ള നഗ്‌നസത്യം ആരും മറക്കരുത് , ഒരു കാലത്തും മറക്കരുത്.

By ivayana