രചന : വി.ജി മുകുന്ദൻ*

രാത്രികാലങ്ങളിൽ
സഞ്ചരിയ്ക്കുന്ന സ്വപ്‌നങ്ങൾ
പലപ്പോഴും
ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കാറുണ്ട്
ആകാശഗോപുരങ്ങളിൽ
മിഴികൾനട്ട് ഇറങ്ങുന്ന സ്വപ്‌നങ്ങൾ
പലപ്പോഴും, വഴിമദ്ധ്യേ
യാത്ര വെട്ടിചുരുക്കാറുണ്ട്
അവ്യക്ത മനസ്സിന്റെ വിജനമായ വഴികളിൽ
ഇളകിയാടുന്ന നിഴലുകളും,
പാദസ്പർശമേൽക്കുമ്പോൾ
ചിലയ്ക്കുന്ന കരിയിലകളും
സ്വപ്നസഞ്ചാരത്തെ തടസപ്പെടുത്താറുണ്ട്.
നക്ഷത്രങ്ങളിലേക്കുള്ള
സ്വപ്നയാത്രകൾ പലപ്പോഴും
തിരക്കുകാരണം
ആകാശചെരുവുകളിൽ നിർത്തിയിടാറുണ്ട്.
ചെങ്കുത്തായ മഞ്ചെരുവുകളിലൂടെയുള്ള യാത്രകളിൽ
സ്വപ്‌നങ്ങൾ പലപ്പോഴും
അഗാധഗർത്തങ്ങളിൽ വീണ്
അകാലചരമമടയാറുണ്ട്
ഉറക്കം കെടുത്തുന്ന സ്വപ്നങ്ങൾ
ആകാശത്തോളം ഉയർന്ന
ചിന്തകളിലൂടെ യാത്രചെയ്യുമ്പോൾ
ലക്ഷ്യങ്ങളിലെത്താറുമുണ്ട്….!

വി.ജി മുകുന്ദൻ

By ivayana