Aravindan Panikkassery*

പാൽക്കിണ്ടിയിൽ പൂക്കിലഞൊറിഞ്ഞ്തിടമ്പെഴുന്നെള്ളിച്ചിരുന്ന കുടുംബ ക്ഷേത്രങ്ങൾ വരെ ഗൾഫ് പണത്തിന്റെ വരവോടെ പൂരപ്പെരുമ അവകാശപ്പെടാൻ തുടങ്ങി.നാലാനയ്ക്ക് നിന്ന് തിരിയാനിടമില്ലാത്ത ഉത്സവപ്പറമ്പിലേക്ക് നാൽപ്പതാനകളെ ‘പോത്തൂട്ടാൻ ‘ കൊണ്ടു പോകുന്ന കാഴ്ച കണ്ട് അന്തം വിട്ടിട്ടുണ്ട്.

പതിവ് തെറ്റിച്ച് ചടങ്ങ് മാത്രമായി പൂരം കൊണ്ടാടുന്നതും ഈയിടെ കണ്ടു.ഉത്സവദിവസം ആനപ്പേടികൊണ്ട് പൂരപ്പറമ്പിലേക്ക് ചെല്ലാൻ മടിച്ചിരുന്നവർ മനസ്സമാധാനത്തോടെ കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങളുമായി വേലകണ്ട് മടങ്ങി. ജീവഭയമില്ല, ശബ്ദ മലിനീകരണമില്ല. നീതി പാലകർക്ക് പ്രാവർത്തികമാക്കാൻ കഴിയാത്ത അച്ചടക്കം കോവിഢ് നടപ്പാക്കുന്നു ! ദേവീദേവന്മാർക്കും സന്തോഷം. കാത് പൊത്താതെ അകത്ത് കഴിയാം.

മൂക്ക് പൊത്താതെ രാത്രി പുറത്തിറങ്ങി നടക്കാം. മേളക്കമ്പക്കാരനായിരുന്ന അച്ഛൻ പഞ്ചാരിയ്ക്ക് താളം പിടിയ്ക്കുവാനാണ് വടക്കുംനാഥന്റെ നടയിലെത്തിയിരുന്നത്. എഴുന്നെള്ളിപ്പ് മത്സരം കാണാൻ അച്ഛന് താൽപ്പര്യമുണ്ടായിരുന്നില്ല.കുടമാറ്റം പോലെ ഒരാഭാസം വേറെയില്ലെന്ന പക്ഷക്കാരനായിരുന്നു.പെട്ടി മരുന്നെടുക്കാൻ ഇമ്മട്ടിയുടെ കടയിലേക്ക് പോകുമ്പോൾ വടക്കും നാഥന് ഒരു തുളസിമാലയോ നെയ് വിളക്കോ വഴിപാട് നടത്തും. ‘പത്തൻസി’ലെ ഊണിനെക്കുറിച്ചും വിശാലമായ ക്ഷേത്രപരിസരത്തിന്റെ സ്വച്ഛതയെക്കുറിച്ചും അച്ഛൻ വിസ്തരിച്ച് പറയും.

തേക്കിൻകാട് മുറിച്ച് കടക്കുമ്പോൾ,അവിടെ ഇളവേൽക്കാൻ വന്നിരുന്ന കെ.കെ. രാജാവിനെപ്പോലെ,വൈലോപ്പിള്ളി ശ്രീധരമേനോനെപ്പോലെ തലയെടുപ്പുളള കവികളെ ഓർത്തു. പൂത്തതാഴ്വരപോലെ പുരുഷാരം നിറയുന്ന പൂരപ്പറമ്പ് ആളൊഴിഞ്ഞ് അനാഥമായി കിടന്നു. സി.അച്യുതമേനോനും ചാരുമജുംദാറും പ്രസംഗിച്ച തെക്കേ കോർണർ. കയർത്ത കോമരത്തിന്റെ തലയറുത്ത് മാറ്റിയ ശക്തൻ തമ്പുരാൻ…മഹാമാരിയുടെ കാലത്ത് ജനഹിതം മാനിക്കാതെ പൂരമാഘോഷിക്കാൻ വാശി പിടിയ്ക്കുന്നവരെ തമ്പുരാൻ എങ്ങനെ നേരിടുമായിരുന്നുവെന്നോർത്തപ്പോൾ ഒരുനടുക്കം.

ഈ മഹാമാരികാലത്തെ തൃശൂര്‍ പൂരം മാറ്റി വെക്കുക – സംയുക്തപ്രസ്താവന

തൃശൂര്‍ ജില്ലയില്‍ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവര്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തിനില്‍ക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂര്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ല. പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂര്‍ണ്ണമാക്കുന്നത്.

എന്നാല്‍ ഇന്ന് അത്തരം ഒത്തുകൂടല്‍ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഓക്സിജനും മരുന്നുകള്‍ക്കുപോലും ക്ഷാമം നേരിടാം.നിയന്ത്രണങ്ങളോ, സാമൂഹ്യഅകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണ്. അമിതമായ പോലീസ് നിയന്ത്രണങ്ങള്‍ക്ക് അത് വഴിതുറക്കുകയും ചെയ്യും. വലിയ പ്രതിസന്ധികള്‍ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്.

ഈ മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് പൂരം നടത്തിപ്പുകാരോടും സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുന്നു.

By ivayana