Sumod Parumala*

അതീവസുന്ദരിയും
കടഞ്ഞെടുത്തതുപോലെ അവയവഭംഗിയൊത്തവളുമായ
അവൾ …
കുന്നുകൂടിയെത്തുന്ന
പ്രണയാഭ്യർത്ഥകളൊക്കെയും
പ്രണയമെന്നുവിശ്വസിയ്ക്കാൻ
തലയറ്റവളായിരുന്നില്ല .
പൊടുന്നനെ ,
താനൊരു ചൂണ്ടക്കൊളുത്തുപോലെ
കൂനിക്കൂടിപ്പോകുന്നതും
അടിമുടി വസൂരിക്കുത്തുകൾ വീണ
പുറന്തൊലിയിൽത്തട്ടി
ആർത്തലച്ചുവന്ന പ്രണയങ്ങൾ
വഴിമാറിപ്പോകുന്നതും
തമാശകലർന്ന ഭാവനയാൽ
അവൾ ഉള്ളിലെഴുതിയൂറിച്ചിരിച്ചു .
അല്പമനുഭാവം കാട്ടിയ
ആകർഷകത്വമേതുമില്ലാത്ത
പരുക്കൻ ആണിടങ്ങളുടെ
പുഞ്ചിരികളിലും
ആദിചോദനകളുടെ
ചുവപരന്നപ്പോഴാണ്
പ്രണയമെന്നൊന്നില്ലെന്നും
“മറ്റേത് “മാത്രമാണ് യാഥാർത്ഥ്യമെന്നും
അറപ്പുതോന്നുന്ന ഭാഷയിലവൾ
ആഞ്ഞറിഞ്ഞത് .
പ്രണയനിരാസങ്ങളുടെ
പേറ്റിച്ചിയായിത്തീർന്നപ്പോഴും
“ഗ്രഹ “പ്പിഴകളും
” ഉപഗ്രഹപ്പിഴ”കളും
വിട്ടൊഴിയാതെ
ചുറ്റിക്കറങ്ങവേ
മുടിമുറിച്ച്
മുലമുറിച്ച്
പലതുംമുറിച്ചെറിഞ്ഞ്
പെണ്ണത്തമൊഴിയാൻ
അവളാഗ്രഹിയ്ക്കാതിരുന്നില്ല .
അവളിലെയവൾ
ഒരിയ്ക്കലും
പ്രണയിയ്ക്കപ്പെടില്ലെന്ന്
തീർച്ചപ്പെട്ടപ്പോഴാണ്
ലോകത്തൊരുപെണ്ണും
ഇന്നേവരെ
പ്രണയിയ്ക്കപ്പെട്ടിട്ടില്ലെന്നും
ഇനിയൊരിയ്ക്കലും
പ്രണയിയ്ക്കപ്പെടുകയില്ലെന്നും
വേദനയോടെയവൾ
തിരിച്ചറിഞ്ഞത് .
അനന്തരം
കാലമേറെക്കഴിഞ്ഞ്
മരണക്കിടയിൽ
പാതിയറ്റചലനങ്ങളുമായി
തളർന്നുകിടക്കുമ്പോഴാണ്
ഏറ്റം വിശുദ്ധിയോടെ
ജീവിച്ചുമരിയ്ക്കാനായതിൽ
അവൾ ..
അളവറ്റാഹ്ലാദിച്ചതും
അതിലേറെയഭിമാനിച്ചതും
പെണ്ണായി മാറിയതും .

സുമോദ്

By ivayana