Yasir Erumapetty.

ഇന്നലെവരെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് റൂമിന് താഴെയുള്ള Hadiya Restaurant-ൽ നിന്നാണ്‌ കഴിച്ചിരുന്നത്…
അവിടത്തെ പൊറോട്ടയും ചിക്കൻ ചുക്കയും നല്ല രസാണ്… ചിക്കൻ ചുക്കക്ക് ഒരു ജെനുവിനായ രുചിയുണ്ട്…
കഴിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് ഒരു തൂവെള്ള വസ്ത്രധാരിയായ തൊപ്പി വെച്ച മനുഷ്യൻ കടയുടെ മുൻപിൽ നിന്ന് പരുങ്ങുന്നത് കണ്ടപ്പൊഴേ എനിക്ക് കാര്യം മനസ്സിലായി…
യാചനക്ക് എതിരെയാണീ രാജ്യം…

എനിക്കാ കൺസപ്റ്റിനോട് സത്യമായും മതിപ്പാണ്..
എന്നിട്ടും, എല്ലാം അറിഞ്ഞിട്ടും കൈ നീട്ടുന്ന മനുഷ്യർ എന്തോരം ആഴമേറിയ മുറിവുകൾ ഉണങ്ങാത്തവരാകും… എത്രയേറെ ആത്മാഭിമാനം വണ്ടി കയറ്റി വിടാൻ നിർബന്ധിതരായവരാകും..
ഞാനയാളെ നോക്കി….
എനിക്കയാളെ അറിയാം…
എന്റെ നാട്ടുംപുറത്ത് ഇതുപോലെ നിറയേ ഉസ്താദുമാരെ എനിക്കറിയാം…
പാതി എന്റെ ഉപ്പാടെ മുഖമാണയാൾക്ക്…

ചിക്കൻ ചുക്കയുടെ രുചി എനിക്ക് പെട്ടന്ന് നഷ്ടമായി. ഉപ്പാനെ ഓർത്തപ്പോൾ ഓവർ സെന്റിമെന്റലായി. എന്റെ ഓർമ്മ ശെരിയാണെങ്കിൽ ഇങ്ങനെ യാചിക്കാൻ എന്റെ ഉപ്പാനെ ഒരു സുഹൃത്ത് വിസിറ്റിങ് ഒക്കെ എടുത്ത് വിളിച്ചിട്ടുണ്ട്..
ഉപ്പ ഗതികേടിലും അഭിമാനിയായിരുന്നു… അറിയുന്നവരുടെ മുന്നിൽ കൈ നീട്ടിയിട്ടുണ്ടാകണം.. അല്ലാതെ ഒരിടത്തും ആ മനുഷ്യന് സ്യൂട്ടാവില്ലാത്തത് കൊണ്ട് എസ്കേപ്പ് ആയതാവണം.
എനിക്കിഷ്ടമായത് ക്യാഷിൽ ഇരിക്കുന്ന പയ്യന്റെ ഇടപെടലാണ്… അയാളെ കണ്ടതും വേഗം വിളിച്ച് പത്തോ അതോ ഇരുപതോ ദിർഹംസിന്റെ നോട്ട് അങ്ങേർക്ക് നേരേ നീട്ടി അവൻ കസ്റ്റമേഴ്‌സിനെ ശ്രദ്ധിക്കാൻ മുഖം തിരിച്ചു.

അയാളുടെ യാചനയുടെ സ്വരം അവന് കേൾക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു.. അല്ലേലും ഒരാള് കണ്മുന്നിൽ വാടി നിൽക്കുമ്പോൾ ‘വെള്ളം തരുമോ’ എന്നൊരു ചോദ്യം അവരെക്കൊണ്ട് ചോദിപ്പിക്കാതെ വെള്ളം നീട്ടുന്ന രീതി എത്രമേൽ മനോഹരമാണ്…
കഴിക്കുന്നിടത്ത് നിന്ന് എണീറ്റ് അങ്ങേരുടെ കയ്യിൽ പോയി എന്തേലും കൊടുത്താലോ എന്ന് തോന്നി. മറ്റുള്ളവര് ശ്രദ്ധിക്കുമെന്ന് തോന്നിയപ്പോൾ കയ്യിലുള്ള ബ്രെക്ക്ഫാസ്റ്റ് നുള്ള കാഷ് എന്റെ ടേബിളിന്റെ അറ്റത്ത് വെച്ച് ഞാനാ മനുഷ്യനെ മുഖം കൊടുത്ത് വിളിച്ചു…. അങ്ങേര് വന്ന് അതും എടുത്ത് മെല്ലെ നോട്ടം കൊണ്ടൊരു ദുആ നൽകി നടന്നുപോയി.

എന്റെ ഉപ്പ നടന്നകലും പോലെ എന്റെ ചങ്കിലൂടെ ഒരു ഇടർച്ച കടന്നുപോയി…
ഹാഷിമും മുഹ്‌സിയും എന്റെ ചായപൈസ കൊടുത്ത് ഞങ്ങള് പുറത്തിറങ്ങി…
എന്റെ ഉപ്പാനെ കണ്ണിൽ ഒളിപ്പിച്ച് നനവ് മാത്രം എന്തോ പറഞ്ഞു…
റമളാൻ സമാഗതമായിരിക്കുന്നു…
ഇരുപത്തി ഏഴാം രാവില് എന്റെ ഉപ്പാടെ കൈകളിലേക്ക് നിസ്കരിക്കാൻ വന്നവർ ‘ദുആ ചെയ്യണം’ എന്നും പറഞ് അമ്പതും നൂറും ഇരുന്നൂറും കൊടുക്കുന്ന ദിവസം മാത്രമല്ല എനിക്കത്….
എന്റെ ഉപ്പാന്റെ കണ്ണീരിന്റെ, കൈ നീട്ടലിന്റെ, കാശ് ചുരുട്ടി ഉള്ളം കയ്യിൽ വാങ്ങുന്നതിന്റെ, പള്ളിക്കാട്ടിലെ മയ്യിത്തുകൾക്ക് യാസീൻ കൊണ്ട് ദുആയൊരുക്കുന്നതിന്റെയൊക്കെ ഓർമ്മയാണ് ആ മനുഷ്യൻ പരുങ്ങി നിന്ന അഞ്ചു മിനിറ്റ് കൊണ്ട് ചങ്കിലൂടെ ഒച്ച് ഇഴയുന്നപോലെ ഇഴഞ്ഞു പോയത്..

കണ്മുന്നിൽ ദിവസവും നിറയേ എഴുതാനുള്ള എത്രയോ മനോഹരമായ സംഭവങ്ങളുണ്ടെന്നോ.. എന്നാലും എന്റെ കണ്ണിനെ ഇടക്ക് നനയ്ക്കുകയും, തൊണ്ട ഇടക്ക് വറ്റിക്കുകയും ചെയ്യുന്ന ഇങ്ങനെ ചില കാര്യങ്ങളോട് എനിക്കിച്ചിരി ഇഷ്ടക്കൂടുതലുണ്ട്…
അതനുഭവിക്കുമ്പോൾ ഇടക്കൊക്കെ എനിക്ക് മനുഷ്യനാകാൻ കഴിയുന്നുണ്ട്… പഴയതൊക്കെ ഓർക്കാൻ കഴിയുന്നുണ്ട്… മറക്കാതിരിക്കാനാവുന്നുണ്ട്…!!
മെല്ലെ നടന്ന് റൂമെത്തിയപ്പോൾ ചുമ്മാ ഉപ്പാക്കൊരു വോയ്‌സ് മെസ്സേജ് അയച്ചിട്ടു…
ഉപ്പാ…. എന്താ കഥ… സുഖല്ലേ….♥️
റമദാൻ കരീം പ്രിയപ്പെട്ടവരേ…!!🌸

By ivayana