ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
Kabeer Vettikkadavu*

പകൽ ചൂടിൽ പൊള്ളുന്ന മരുവനത്തിൽ
പതയുന്ന മറ്റൊന്നാണ് ലേബർ ക്യാമ്പുകളിലെ ഡബിൾ ഡക്കർ ബെഡ്..
എനിക്ക്‌ താഴെ പ്രായം മറക്കാൻ വാരിത്തേച്ച കറുപ്പിൽ സുമുഖനായ
ബാലേട്ടൻ.

അല്പം കുടവയറൊക്കെ
ഉള്ളത് കൊണ്ട് ബെഡിൽ തിരിഞ്ഞു
മറിയുമ്പോൾ കട്ടിൽ വല്ലാതൊന്നുലയും..
വരിക്കു നിന്നു നീട്ടുന്ന മുക്കുഴി പ്പാത്രത്തിൽ
വിഹിതം പറ്റി മാറിയിരുന്നു കഴിക്കുമ്പോൾ

അമ്മയുടെ സ്‌പെഷ്യൽ അച്ചാർ കോരിയിടും മേശമേൽ വെച്ചിരിക്കുന്ന ഉപ്പുപാത്രത്തിൽ നിന്നൊരു പിടി അതിൽ
വാരിയിടും…
‘എന്‍റെ ബാലേട്ടാ നിങ്ങളിങ്ങനെ ഉപ്പും പുളിയും കഴിക്കല്ലേ.പ്രഷർ ഉള്ളതല്ലേ ?
എരിവുകൊണ്ട് നെറ്റിത്തടത്തിലെ വിയർപ്പു
മണികൾ ഉരുളാൻ തുടങ്ങിയാൽ പിന്നെ
ഇരിപ്പ് നടപ്പാകും.ഇരുവാതിൽ കബോഡ്
തുറന്ന് ഈന്തപ്പഴം അഞ്ചാറെണ്ണം എടുത്തു
കഴിക്കും…

പറിച്ചു മാറ്റുന്ന താത്കാലിക ക്യാമ്പിനൊപ്പം
ഞങ്ങളേയും ഇരു വശങ്ങളിലേക്ക് തള്ളിമാറ്റി കമ്പനി.പിന്നെ ഞങ്ങൾ ഒത്തുകൂടുന്നത് 3 വർഷങ്ങൾക്കു ശേഷമാണ്.അതും കത്തുന്ന ജൂലൈ ചുവട്ടിൽ…
അവശനായ ബാലേട്ടന്റെ കുടവയർ കാണാതെ ഞാനൊന്നു തപ്പിനോക്കി
അതയാളല്ല.ഒട്ടിയ കവിളെല്ലുകൾ വിളിച്ചു
പറയുന്നുണ്ടത്.

പക്ഷെ സ്വരം എന്നിലേക്കിറങ്ങിയപ്പോൾ ഉള്ളൊന്നു പിടഞ്ഞു…
രാത്രി ഭക്ഷണം കഴിഞ്ഞു റൂമിൽ വന്ന് പതിവ് പോലെ കബോഡിന്റെ വാതിലുകൾ
തുറന്നു.പച്ചനിറമുള്ള ഒരു കുഞ്ഞു പെട്ടി
അതിൽ നിന്നും കൈവെള്ളയിലേക്ക്
ടാബ്‌ലറ്റുകൾ ചാടിയിറങ്ങി.പല നിറങ്ങളിൽ.
‘ഇതാണ് നമ്മൾ ഗൾഫുകാർക്കുള്ള സമ്പാദ്യം മോനെ.ഒരുഗ്ളാസ്സ് വെള്ളവും
ഒരു പിടി ഗുളികകളും..

ഇന്ന് ഭക്ഷണ ശേഷം എന്‍റെ കൈവെള്ളയിലേക്ക് ചാടിയ ഒറ്റ ഗുളികയും
മുന്നിൽ ഒരുഗ്ളാസ്സ് വെള്ളവും…
ബാലേട്ടൻ മണ്ണാഴം തുരന്നെന്റെ മുന്നിൽ
വന്നു നിന്നു.ഓർമ്മപ്പെടലുകൾ ചിലപ്പോൾ
അങ്ങിനെയാണ്..
നിനച്ചിരിക്കാതെ 🙏

By ivayana