രചന :- ബിനു ആർ.

നിങ്ങൾക്കുപറയാം,
ജാലിയൻ വാലാബാഗിൽ
കൂട്ടക്കുരുതിയിൽ
മരിച്ചവനാണെന്ന്….
സ്വാതന്ത്ര്യം വേണമെന്ന്
ഉദ്‌ഘോഷിച്ച നാളുകളിലൊന്നിൽ
ചവിട്ടിയരക്കപ്പെട്ട
പേക്കോലങ്ങൾക്കൊപ്പം
നിങ്ങളും……
*ഡയർ,
ഇടുങ്ങിയ
വഴിയിലൂടെ ആക്രമിക്കാൻ
വരുന്നെന്നുപറഞ്ഞവന്റെ
വായ്ത്താരികൾ
അമർത്തപ്പെട്ടപ്പോൾ,
വാക്കുകളിൽ തേനിറ്റിച്ച
നേതാക്കൾ നോക്കിനിന്നപ്പോൾ
ചീറിവന്ന മുന്നൂറ്റിമൂന്നിൻ
ചിലമ്പുകളേറ്റുപിടഞ്ഞുവീണപ്പോൾ,
നിങ്ങൾക്കുപറയാം,
ജാലിയൻ വാലാബാഗിൽ
കൂട്ടക്കുരുതിയിൽ
മരിച്ചവനാണെന്ന്…
ആർത്തട്ടഹസിച്ച വെള്ളക്കാർ
കൊള്ളയടിച്ച ഭാരതത്തിൻ
സ്വത്തും സ്വർണവും
രക്തവും മാംസവും
ഊറ്റികുടിച്ച്
ഭാരതമണ്ണിൻമക്കളുടെ
ചിന്തുകളും സന്തോഷ –
തിമിർപ്പുകളും
പെണ്ണിൻകൊതിയൂറും
മൊഞ്ചുകളും ചവിട്ടിയരച്ചതു –
കണ്ടപ്പോൾ,
കണ്ടുകൺനിറഞ്ഞപ്പോൾ
നിങ്ങൾക്കുംപറയാം
ജാലിയൻ വാലാബാഗിൽ
കൂട്ടക്കുരുതിയിൽ
മരിച്ചവനാണെന്ന്……
സ്വാതന്ത്ര്യം…..
അരവയർ നിറയാക്കാലത്തിൽ
തേൻ ഇറ്റും വാക്കാകും
മുല്ലപ്പൂവിൽ കോർത്തൊരു
പല്ലവിയിൽ സ്വാതന്ത്ര്യം
വേണമെന്നുറക്കെ പറയിച്ചവരിൽ
ആരുമേതുമറിയാതെ സർവ്വരും
വീണുമരിച്ചവരിൽ
നിങ്ങളും, ജാലിയൻ വാലാബാഗിൽ
കൂട്ടക്കുരുതിയിൽ
മരിച്ചവനാണെന്നുപറയാം.

By ivayana