രചന : താഹാ ജമാൽ *

ചുടല വേവുന്നെന്നുടലുകായുന്നു
കാണികൾ പിരിഞ്ഞു പോകെയെ –
ന്നസ്ഥികൾ ചാര,ദാഹം വമിയ്ക്കുന്നു.
ഇന്നലെയെന്നുള്ളിൽ ജീവനു കേണൊരു
ശ്വാസകോശം ശപിച്ച് നിലയ്ക്കുന്നു.
ഞാനൊരു ഘടികാരമാണെന്നു നീ
മൊഴിഞ്ഞതു വെറുതെയെൻ സൂചി
നിലയ്ക്കുന്ന നേരത്തെൻ പൈതലേ
ദാഹം, ഒടുക്കത്തെ ദാഹത്താൽ തൊണ്ട,
വരണ്ടുപോയ് പ്രാണനും പോയ് പോയി.
ദൂരെ ദിക്കിലെൻ പ്രിയതമർ, വാവിട്ട
വാക്കുകൾ കേൾക്കാത്ത ഭരണകൂടങ്ങളേ
ശാപക്കൊടുംങ്കാറ്റുകൾ വേവൂട്ടും
ശാപവചസ്സുകൾ കാർമേഘമായിട്ടും
ഓർമ്മകൾ തേടുന്ന ഇന്നലെകളെൻ
നാളെകൾ കാണാതിരിക്കുവാൻ
മറകെട്ടി കാത്തൊരു കാലമേ? നീ,
ദുഷ്ടലാക്കിൻ്റെ സന്തതി.
നശിയ്ക്കാതിരിക്കട്ടെയുലകവും
ദേശവും, ദേഹിതന്നോർമയും
നിലയ്ക്കാതിരിക്കട്ടെ നാദങ്ങൾ
ബഹുസ്വര ചിന്തകൾ സ്നേഹസമൃദ്ധികൾ
ഇരുട്ടു ബാധിച്ച നിലങ്ങളിൽ നഗരങ്ങൾ
ആതുരാലയത്തിണ്ണകൾ കണ്ണീർക്കടലിൽ
മുങ്ങിത്താഴവേ, പിറക്കാനിരിക്കുന്ന
മക്കൾക്ക് രക്ഷകനായ് പിറക്കുവാൻ
അവതാരമായ് ദൈവമേ നീയിറങ്ങീടുക.

By ivayana