രചന :- ബിനു ആർ.

ഹുവാനിൽനിന്നും പറന്നുവന്നൊരു
കുഞ്ഞൻ ,
ഹന്തവ്യമായ് ജീവനിൽ
ഭക്ഷ്യം തേടുന്നവൻ,
ഹന്തഭാഗ്യം പോലുമില്ലാ
മനുഷ്യജന്മത്തെ
അഹങ്കാരലോലുപരെന്നു
വാഴ്ത്തിപ്പാടുന്നു മൂന്നാംലോകം.
തിരിഞ്ഞുനിന്നു നോക്കുന്നു കാലവും,
തിരയാതെയാക്കുന്നു
അഹങ്കാരഗർവുകൾ,
തിരഞ്ഞെത്തുന്നു
പരിഷ്‌കൃതവർഗ്ഗത്തെയും
തിന്നുതീർക്കുവാനായ്
മരണ വ്യാധിയും.
ഭീതിയില്ലാതെ ജീവിക്കും
വരേണ്യവർഗ്ഗത്തെയും
ഭീതിയില്ലാതെ ഭരിക്കും
രാഷ്ട്രീയക്കോമരത്തെയും
ഭീതിയില്ലാതെ കളിക്കും
ഗോചരവർഗ്ഗത്തെയും
ഭീതിയിലാഴ്ത്തിയിരിക്കുന്നൂ
പടർന്നുവളരും മഹാവ്യാധി.
മരുന്നുകൾ കാലയവനികയിൽ
മറഞ്ഞിരിക്കുന്നു ,മന്ത്രങ്ങളെല്ലാം
ലോകായലോകങ്ങളിലും
നിറയാതെ, മായകൾ
മഹാവ്യാധിയായ്
ഭീതി നിറയ്ക്കുന്നു,
മാരകമാകുന്നൂ
ശ്വാസത്തിലും ഉഛ്വാസത്തിലും
ജീവന ശ്വാസത്തിനായ്.
വ്യാധി ഭീതിയായ്
നിറയുന്നൂ മനങ്ങളിൽ
വ്യാധിയെന്നു തിരിച്ചറിയുന്നൂ
മനങ്ങൾ, വ്യാധി ഭീദിതം തന്നെയെന്നറിഞ്ഞിരിക്കുന്നൂ
മനങ്ങൾ, വ്യാധി മറഞ്ഞും
തിരിഞ്ഞും പടരുന്നൂ മനങ്ങളിൽ.

By ivayana