സണ്ണി കല്ലൂർ*

മാവിൽ വളരുന്ന ഇത്തികണ്ണി, മാങ്ങാ പറിക്കാൻ വരുന്നവരോട് പറഞ്ഞ് വെട്ടി കളയും. വീടിന് മുൻ വശത്ത് വലിയ, ഒന്നരാടം നിറയെ മാങ്ങ ഉണ്ടാകുന്ന പ്രിയോർമാവ് ഉണ്ടായിരുന്നു.
കിഴക്കു വശത്തെ കൊമ്പിൽ നിറയെ ഇത്തികണ്ണി, അതിൽ കാണുന്ന ചുവപ്പും മഞ്ഞയും ചെറുപഴങ്ങൾ കൊത്തിതിന്നാൻ വരുന്ന കുഞ്ഞുകിളികൾ.

പക്ഷേ ആ കൊമ്പിൽ മാങ്ങ ഉണ്ടാകാറില്ല.
തൊട്ടടുത്തുതന്നെ മരവാഴയും, ചെവിവേദന വരുമ്പോൾ ആ കാലത്ത് മരവാഴ ഇടിച്ച് പിഴിഞ്ഞ് ചൂടാക്കി കാതിൽ ഒഴിക്കുമായിരുന്നു.
രണ്ടും പാരസൈറ്റ് എന്ന് വേണമെങ്കിൽ പറയാം, മരവാഴ ഒരുപക്ഷേ ഓർക്കിഡ് വർഗ്ഗത്തിൽ പെട്ടതാണോ എന്നറിയില്ല.
ഏതായാലും ഇത്തികണ്ണി വളരുന്ന കൊമ്പ് അധികം താമസിയാതെ ഉണങ്ങിപോകും.
യൂറോപ്പിൽ വളരുന്ന ഇത്തികണ്ണി… മിസ്റ്റൽ എന്നാണ് ജർമ്മനിൽ പറയുന്നത്. ചന്ദനമരത്തിൻറ വർഗ്ഗത്തിൽ പെട്ടതാണ്.

ജനുവരിമാസത്തിൽ മരങ്ങളെല്ലാം ഇലപൊഴിച്ച് മരിച്ചതു പോലെ നിൽക്കുമ്പോൾ അതിൽ വളരുന്ന മിസ്റ്റലിൽ ചെറിയ പൂക്കളുണ്ടാകും.
റോഡിലൂടെ വാഹനത്തിൽ പോകുമ്പോൾ, ഇരുവശത്തും നിൽക്കുന്ന മരങ്ങളിൽ ഏതാണ്ട് ഒരു മീറ്റർ വ്യാസത്തിൽ ഗോളാകൃതിയിൽ അവിടെയവിടെയായി പച്ചപ്പോടെ വളരുന്ന മിസ്റ്റൽ കാണാൻ ഭംഗിയാണ്.
ഏപ്രിലിൽ മരങ്ങളിൽ ഇലകൾ വളരുന്നതോടെ പിന്നെ സൂക്ഷിച്ച് നോക്കിയാലെ ഇത് കാണുകയുള്ളു.

ഡിസംബർ മാസത്തിൽ വെളുത്തമുത്തുകൾ പോലെ നിറയെ പഴങ്ങളായിരിക്കും
മിസ്റ്റലിൻറ തണ്ടും ഇലയും പഴവും കൊടിയ വിഷമാണ്. ഭക്ഷിച്ചാൽ നോൺ സ്റ്റോപ്പ് വയറിളക്കം, രണ്ടു ദിവസം കഴിയുമ്പോഴേക്കും പണിയാകും…
അതുകൊണ്ട് കൂടുതൽ വെള്ളം കുടിക്കുകയും എത്രയും വേഗം ആശുപത്രിയിൽ പോകുകയും വേണം.

ഇതിൻറ പഴങ്ങൾക്ക് ഒട്ടി പിടിക്കുന്ന സ്വഭാവം ഉണ്ട്,
ഇതുകൊണ്ട് പശ ഉണ്ടാക്കി കിളികളെ കെണിവച്ചു പിടിക്കുമായിരുന്നു. ഇന്ന് അത് നിരോധിച്ചു.
കിളികൾ ഇതു ഭക്ഷിച്ചാൽ വിത്ത് ദഹിക്കുകയില്ല. കൊക്കിൽ ഒട്ടി പിടിക്കുമ്പോൾ കൊക്ക് മരകൊമ്പിലുരസും, ഇങ്ങനെ മരത്തിൽ വീഴുന്ന വിത്തിൽ നിന്നും സാവധാനത്തിൽ ചെറിയ വേര് തൊലിക്കുള്ളിലേക്ക് ഇറങ്ങുന്നു. ആദ്യം വളരെ ചെറിയ ഒരു ഇല,

ഏതാനും വർഷം കൊണ്ട് മരത്തിൽ മുഴുവൻ മിസ്റ്റൽ വളരുന്നു. എഴുപതുകൊല്ലം വരെയാണ് ആയുസ്സ്, എങ്കിലും അതിന് മുൻപ് തന്നെ മരം ഉണങ്ങിപോയിരിക്കും.
ചില മരങ്ങളിൽ മാത്രമെ ഇത് വളരുകയുള്ളു.
മിസ്റ്റലിനെ പറ്റി ഗ്രീക്കു പുരാണത്തിൽ കഥകളുണ്ട്, 2300 വർഷം മുൻപ് ഗ്രീക്ക് ഭിഷഗ്വരൻ ഹിപ്പോക്രാറ്റസ് മിസ്റ്റൽ മരുന്നായി ഉപയോഗിച്ചതായി പറയുന്നു.
റോമാക്കാർ വാതിലിന് മുൻപിൽ ഐശ്വര്യം വരാൻ ഇത് കെട്ടി തൂക്കിയിരുന്നു.
ബാധ ഭൂത പിശാചുക്കൾക്ക് ഇതിനെ ഭയമാണത്രെ…

യൂറോപ്യൻരാജ്യങ്ങളിൽ ക്രിസ്തുമസ്സ് സമയത്ത് വാതിലിന് മുകളിൽ ഇതിൻറ ശിഖരങ്ങൾ ഇപ്പോഴും തൂക്കിയിടുന്നു. അതിന് കീഴെ ഒരു പെൺകുട്ടി വന്ന് നിന്നാൽ അവളെ ചുംബിക്കാൻ അനുവാദം ഉണ്ട്.
സദാചാര പോലീസ് ഇവിടെ ഇല്ല. ഓരോരുത്തരും അവരവരുടെ കാര്യം നോക്കി പൊയ്ക്കൊള്ളും.
കാമുകി കാമുകൻമാർ മിസ്റ്റലിന് കീഴെ വരാറുണ്ട്,
ഓരോ കിസ്സിനും ഒരു പഴം പറിച്ച് താഴെയിടും, മുഴുവൻ പഴങ്ങളും തീരുന്നതുവരെ ചുംബിക്കാമെന്ന് സാരം….

കുറച്ചു കഴിയുമ്പോൾ നമ്മുടെ നാട്ടിലും ഈ പരിപാടി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
രക്തം കട്ടപിടിക്കുന്നതിനും അപസ്മാരരോഗത്തിനും യൂറോപ്പിൽ ഇത് ഉപയോഗിച്ചിരുന്നു.
ഇന്ന് ക്യാൻസർ ചികിൽസക്ക് ഉപയോഗിക്കുന്നുണ്ട്.
മിസ്റ്റൽ സംരക്ഷിത സസ്യങ്ങളുടെ പട്ടികയിൽ പെടുന്നു. കൂടുതൽ പറിച്ചെടുക്കണമെങ്കിൽ ഫോറസ്റ്റുകാരുടെ അനുമതി ആവശ്യമാണ്.

ചിത്രത്തിൽ കാണുന്ന മിസ്റ്റൽ, ആപ്പിൾ മരത്തിൽ വളരുന്നതാണ്. 8 വർഷം പ്രായം…..
രണ്ടു വർഷത്തെ ശ്രമം.. ഇരുന്നൂറോളം പഴങ്ങൾ പല മരങ്ങളിൽ ഒട്ടിച്ചു വച്ച് കാത്തിരുന്നു.
ആ കാര്യം മറന്നു. നാലെണ്ണം ഞാനറിയാതെ മുളച്ചു വന്നു.
അയൽവക്കത്തുകാരനാണ് ഇത് വളരുന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയത്, എത്രയും വേഗം അത് പറിച്ച് കളയണമത്രേ…. അല്ലെങ്കിൽ ആപ്പിൾ മരം ഉണങ്ങിപ്പോകും. കാത്തിരിക്കാം…..

By ivayana