രചന : ഷാജു. കെ. കടമേരി*
പതിവിലും നേരത്തെ
ക്ലാസ് കഴിഞ്ഞ്
കോളേജിൽ നിന്നുമിറങ്ങുമ്പോൾ
തിളച്ച് മറിയുന്ന വേനലിനെ
കൈക്കുടന്നയിൽ കോരിയെടുത്ത്
തീക്കാറ്റ് പുതച്ച് പെയ്യുന്ന
ആകാശത്തിന്റെ
മിഴിനീർതുള്ളികൾ
ഓടിതളർന്ന് വിയർത്തൊലിച്ച
വടകര നഗരത്തിന്റെ നെഞ്ചിൽ
കുളിര് കോരിയിട്ടു.
കൊഞ്ചിക്കുഴഞ്ഞ്
ഏഴഴക് വിടർത്തിയെത്തിയ മഴ
നഗരത്തെ കെട്ടിപ്പിടിച്ച് ചുംബിച്ച്
ആഞ്ഞ് വീശിയടിച്ച
കാറ്റിന്റെ കൈയ്യിൽ തൂങ്ങി
അകലേക്ക് ഓടിമറഞ്ഞു.
ശിരസ്സിൽ തീചൂടി നിൽക്കുന്ന
ഇന്നിന്റെ ചങ്കിടിപ്പുകളിൽ
കൊത്തിപ്പറിക്കും
കണ്ണുകൾ നിരത്തിവച്ച
റോഡ് വക്കിലൂടെ
പഴയ സ്റ്റാൻഡിലേക്ക് നടക്കവെ
ഫുട്പാത്തിന്റെ
അരികിലൊരു മുത്തശ്ശി
നെഞ്ച് കീറിപൊളിച്ചൊരു
കാഴ്ചയായ്.
തോർന്ന് തീരാത്ത
സങ്കടത്തിന്റെ പെരുമഴക്കാലം
വരച്ച് വച്ച അവരുടെ കണ്ണുകൾ
ആൾക്കൂട്ടത്തിനിടയിലേക്ക്
നാണയതുട്ടുകൾക്ക്
നീണ്ടു ചെന്നു.
ചോറ് കഴിഞ്ഞ്
ഹോട്ടലിൽ നിന്നുമിറങ്ങവെ
വാങ്ങിയ പൊതിച്ചോറ്
നീട്ടിയ കൈകളിലേക്ക്
കൊടുക്കുമ്പോൾ
അവരുടെ കണ്ണുകൾ നിറഞ്ഞു
മുഖത്ത് ചിരി വിരിഞ്ഞു.
കണ്ണീരിൽ വിടർന്ന ചിരി
എന്റെ ഉള്ള് നനഞ്ഞ്
പെയ്ത മഴയിൽ
വിശന്ന് വെന്ത നിഴലുകൾ
അനുഭവത്തിന്റെ
ഓർമ്മ തീക്കടലിൽ
കൈകാലിട്ടടിച്ച്
വിതുമ്പികൊണ്ടിരുന്നു……
