രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ*

ആകാശത്തിന്റെ
നീലവിരിപ്പുമാറ്റി
ജാലകവിടവിലൂടെ
എത്തിനോക്കുന്നുണ്ട്
ഒപ്പമുണ്ടായിരുന്ന
സ്നേഹജന്മങ്ങളെ
സങ്കടത്തിരകളലറുന്ന
ദിക്കറിയാക്കടലിൽ
തീരമെത്താനൊരു –
തുഴപോലുമേകാതെ
ഓടിരക്ഷപ്പെട്ടോരു-
ഒറ്റനക്ഷത്രം….
സ്നേഹകുചത്തിൽ –
നിന്നൂറിയെത്തുന്ന
ജീവരേണുക്കൾനിറഞ്ഞ-
വാത്സല്യകീലാലം
ഉറുഞ്ചിക്കുടിച്ചു –
പുഞ്ചിരിക്കുന്നുണ്ട്
നാളെയെന്തെന്നറിയാത്തൊരു
പിഞ്ചുപൈതൽ …
അസ്ഥികൾപൊടിയുന്ന
നൊമ്പരച്ചൂളയിൽ
സർവ്വകോശങ്ങളും
പൊള്ളിപ്പിടഞ്ഞിട്ട്
നോവിന്റെ ചൂടിൽ
വെന്തിരിക്കുമ്പോഴും
വലം കൈയ്യിൽ തലതാങ്ങി
ഇടംകൈയാൽ –
കാൽതുടയിൽ താളമിട്ട്
ജീവന്റെ തുണ്ടിനെ –
മിടിക്കുന്നനെഞ്ചോടു –
ചേർത്തുവെക്കുന്നുണ്ട്
തണലുപോയ്
തനിച്ചായോരമ്മ …….
മൂർദ്ധാവിൽ ചേർത്തുവെച്ച
അനുഗ്രഹപ്പെരുമഴയിറ്റുന്ന
പ്രാർത്ഥനയുടെ വിരൽത്തുമ്പിനെ
അഹങ്കാരം മൂർച്ഛിച്ചു
മുറിച്ചുമാറ്റിയോടിയ ശാപജന്മത്തെ,
വാശി വഴികാട്ടിയായ
അന്ധകാരം പൂത്തിറങ്ങിയ
ഗ്രഹണനേരങ്ങളിൽ
തള്ളവാക്കിന്റെ നൽവെളിച്ചത്തെ
നശിച്ച നാവുകൊണ്ടു കുത്തിക്കെടുത്തി
വഴിതെറ്റിയലഞ്ഞ പാപഗ്രഹത്തെ ,
ചൊല്ലുവിളിയില്ലാതെ വളർന്ന
തന്തക്കാലുമായ് പിറന്നൊരീ
നരകജീവനെ ,
ദുരിതകാലത്തിന്റെ
കഷ്ടകാണ്ഡങ്ങളിലെല്ലാം
പരിഭവം ചിതറുന്ന
നോക്കുകൊണ്ടുപോലും
കുത്തിനോവിക്കാതെ
ഇരുചുമലുകളിൽ
ഏറ്റിനടന്നോരു പുണ്യമേ
അടർന്നുവീഴുന്ന
ഓരോ അമ്മദിനത്തിലും
നിന്റെ ചരണധൂളികൾക്കൊപ്പം
ചേർത്തുവെക്കുന്നെൻറെ ജീവനും.

By ivayana